അദ്ദേഹം ഇത്രയധികം ബുദ്ധിമുട്ടുന്നത് ഞാന്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂ: മുഹമ്മദ് കൈഫ്
Cricket
അദ്ദേഹം ഇത്രയധികം ബുദ്ധിമുട്ടുന്നത് ഞാന്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂ: മുഹമ്മദ് കൈഫ്
ശ്രീരാഗ് പാറക്കല്‍
Friday, 17th July 2026, 7:26 pm

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ സൂപ്പര്‍ താരം രോഹിത് ശര്‍മയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. മത്സരത്തില്‍ 47 പന്തില്‍ 26 റണ്‍സായിരുന്നു രോഹിത് നേടിയത്.

മത്സരത്തില്‍ താരം വിചിത്രമായൊരു ഇന്നിങ്‌സാണ് കളിച്ചതെന്നും ഷോര്‍ട്ട് ബോളുകളെ നേരിടാന്‍ അദ്ദേഹം ഇത്രയധികം ബുദ്ധിമുട്ടുന്നത് ഞാന്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂവെന്നും കൈഫ് പറഞ്ഞു. മാത്രമല്ല ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ രോഹിത്ത് മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഈ മത്സരത്തില്‍ രോഹിത് ശര്‍മ വളരെ വിചിത്രമായൊരു ഇന്നിങ്സാണ് കളിച്ചത്. ഷോര്‍ട്ട് ബോളുകളെ നേരിടാന്‍ അദ്ദേഹം ഇത്രയധികം ബുദ്ധിമുട്ടുന്നത് ഞാന്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂ. എന്നാല്‍ അടുത്ത മത്സരത്തില്‍ ആക്രമിച്ച് കളിക്കുന്ന രോഹിത് ശര്‍മയെ തന്നെയാകും നാം കാണുക.

അദ്ദേഹം തന്റെ പതിവ് ശൈലിയില്‍ പുള്‍ ഷോട്ടുകളും ഡ്രൈവുകളും കളിക്കും. ഒരുപക്ഷേ അദ്ദേഹം പുറത്തായേക്കാം, പക്ഷെ അത് കളിയുടെ ഭാഗമാണ്. എന്നാല്‍ അടുത്ത മത്സരത്തില്‍ വ്യക്തമായ ലക്ഷ്യബോധത്തോടെയും ആത്മവിശ്വാസത്തോടെയും അദ്ദേഹം ബാറ്റ് ചെയ്യുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല,’ മുഹമ്മദ് കൈഫ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചപ്പോള്‍ സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 44 ഓവറില്‍ 233 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ജോ റൂട്ടിന്റെ കരുത്തില്‍ 44.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടിയ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജൂലൈ 19നാണ് പരമ്പയിലെ അവസാന മത്സരം.

Content Highlight: Mohammad Kaif Talking About Rohit Sharma’s Performance Against England

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ