സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഏകദിനത്തില്‍ മികച്ച ഫോമിലാണ്. ഇരുവരും അവസാനം കളിച്ച പരമ്പരകളിലെല്ലാം വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഐ.സി.സിയുടെ ബാറ്റിങ് റാങ്കിങ് പുറത്ത് വന്നപ്പോള്‍ കോഹ്‌ലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു.
ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന രോഹിത്തിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു വിരാടിന്റെ നേട്ടം. ഇപ്പോള്‍ കോഹ്‌ലിയെയും രോഹിത്തിനെയും കുറിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിന്റെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. കോഹ്‌ലി ഏകദിനത്തില്‍ രോഹിത്തിനെക്കാള്‍ മുന്നിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
മുഹമ്മദ് കൈഫ്. Photo: Muhammed Kaif/facebook.com
ഇതിന് കാരണം കോഹ്‌ലി മികച്ച തുടക്കങ്ങളെ വലിയ സ്‌കോറുകളാക്കി ടീമിനെ വിജയിപ്പിക്കുന്നതും താരം സ്ഥിരത നിലനിര്‍ത്തുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ഏകദിനത്തിന് മുന്നോടിയായി തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.
‘വിരാട് കോഹ്‌ലി തനിക്ക് ലഭിക്കുന്ന തുടക്കങ്ങളെ വലിയ സ്‌കോറുകളാക്കി മാറ്റും. 30 ഓ 40 ഓ റണ്‍സ് എടുത്താല്‍ അവന്‍ അവസാനം വരെ ക്രീസില്‍ നിന്ന് കളി ജയിപ്പിക്കും. ഒരിക്കല്‍ ഫോമിലായാല്‍ ആ സ്ഥിരത അവന്‍ നിലനിര്‍ത്തും.
അതുകൊണ്ടാണ് കോഹ്‌ലി ഏകദിനത്തില്‍ എന്നും രോഹിത്തിനെക്കാള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കോഹ്‌ലി തുടര്‍ച്ചയായി റണ്‍സ് കണ്ടെത്തുകയും വലിയ ഇന്നിങ്സുകള്‍ കളിക്കുകയും ചെയ്യാറുണ്ട്. ആദ്യ ഏകദിനത്തില്‍ പുറത്തായപ്പോള്‍ അവന്‍ തലയാട്ടി നിരാശ പ്രകടിപ്പിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. താന്‍ കളിച്ചത് തെറ്റായ ഷോട്ടാണെന്ന ബോധ്യം അവനുണ്ടായിരുന്നു,’ കൈഫ് പറഞ്ഞ
കോഹ്‌ലി ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന അവസാന ഏകദിനത്തില്‍ ഫിഫ്റ്റി നേടിയതിന് ശേഷം തുടര്‍ച്ചയായ അഞ്ച് ഇന്നിങ്‌സില്‍ 50+ റണ്‍സ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിനത്തിലാണ് ഈ സ്ട്രീക്ക് അവസാനിച്ചത്. രാജ്കോട്ടിലെ മത്സരത്തില്‍ താരത്തിന് 23 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.
രോഹിത്തിനാകട്ടെ ഓസ്‌ട്രേലിയയിലെ പ്രകടനത്തിന് ശേഷം വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ന്യൂസിലാന്‍ഡിന് എതിരായ രണ്ട് ഏകദിനത്തിലും താരം 20കളില്‍ പുറത്തായിരുന്നു.
Content Highlight: Mohammad Kaif says Virat Kohli is always ahead of Rohit Sharma in ODI