അവന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ റിസള്‍ട്ട് മറ്റൊന്നായിരുന്നേനെ; തുറന്നടിച്ച് കൈഫ്
Sports News
അവന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ റിസള്‍ട്ട് മറ്റൊന്നായിരുന്നേനെ; തുറന്നടിച്ച് കൈഫ്
ആദർശ് എം.കെ.
Friday, 28th August 2026, 8:38 pm

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ വിരാട് കോഹ്‌ലി കളിച്ചിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നുവെന്നും മത്സരഫലം മറ്റൊന്ന് ആകുമായിരുന്നുവെന്നും മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് ലെജന്‍ഡുമായ മുഹമ്മദ് കൈഫ്.

കൊളംബോയിലെ എസ്.എസ്.സി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് കൈഫ് ഇക്കാര്യം പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഹമ്മദ് കൈഫ്

‘ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുക എന്നത് എല്ലാവരെയും സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. അത് വളരെ ദൈര്‍ഘ്യമേറിയ ഗെയിമാണ്, നിങ്ങള്‍ തുടര്‍ച്ചയായി ബോള്‍ ചെയ്തുകൊണ്ടേയിരിക്കണം.

വിരാട് കോഹ്‌ലിയെപ്പോലൊരാള്‍ ഈ മത്സരത്തില്‍ കളിച്ചിരുന്നെങ്കില്‍, അദ്ദേഹം നിരന്തരം കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയും ടീമിനെ എപ്പോഴും കളിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ഉണര്‍ത്തി നിര്‍ത്തുകയും ചെയ്യുമായിരുന്നുവെന്ന് എനിക്ക് തോന്നി. ചില സമയങ്ങളില്‍ നമ്മള്‍ കാര്യങ്ങളെ നിസ്സാരമായി കാണുന്നതായി എനിക്ക് തോന്നി,’ കൈഫ് പറഞ്ഞു.

വിരാട് കോഹ്‌ലി. Photo: BCCI

‘നമ്മള്‍ സ്വയം സൃഷ്ടിച്ച അവസരങ്ങള്‍ വളരെ കുറവായിരുന്നു. നമ്മുടെ ഊര്‍ജ നിലയും വളരെ കുറവായിരുന്നു. അതുകൊണ്ടാണ് വിരാട് കോഹ്‌ലി ഈ ടെസ്റ്റ് മത്സരത്തില്‍ കളിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്ന് ആകുമായിരുന്നു എന്ന് ഞാന്‍ പറയുന്നത്.

കാരണം അദ്ദേഹം എല്ലാവരോടും ‘കം ഓണ്‍ സര്‍ഫറാസ്, കം ഓണ്‍ ജയ്‌സ്വാള്‍’ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും സോനലിനെതിരെ സമ്മര്‍ദ ചെലുത്തുകയും ചെയ്യുമായിരുന്നു. നമ്മള്‍ ആരുമായാണ് ഏറ്റുമുട്ടിയിരുന്നത്? നമ്മള്‍ വാലറ്റക്കാരനായ കുമാരയോടാണ് ഏറ്റുമുട്ടിയിരുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചാം ദിവസം സോണാല്‍ ദിനുഷ റണ്ണപ്പില്‍ സഹതാരമായ ലാഹിരു കുമാരയോട് സ്റ്റംപ് മൈക്കിലൂടെ ‘ഇപ്പോള്‍ അവരുടെ മുഖത്തേക്ക് നോക്കൂ’ എന്ന് അവരുടെ ഭാഷയില്‍ പറയുന്നത് കണ്ടതായി ചൂണ്ടിക്കാണിച്ച കൈഫ്, ദിനുഷയ്ക്ക് മേല്‍ യാതൊരുവിധ സമ്മര്‍ദവും ചെലുത്താന്‍ ഇന്ത്യന്‍ ടീമിനായില്ലെന്നും കുറ്റപ്പെടുത്തി.

വിരാടും രോഹിത്തും. Photo: BCCI/x.com

സ്ലെഡ്ജിങ്ങിടക്കമുള്ള ടാക്ടിക്‌സിലൂടെ ബാറ്ററെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചില്ലെന്ന് പറഞ്ഞ കൈഫ്, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, എം.എസ് ധോണി, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയ കളിക്കാര്‍ ഒപ്പമുള്ളപ്പോള്‍ എതിരാളികള്‍ക്ക് ഉണ്ടാകുന്ന ആ ഭയവും സമ്മര്‍ദ്ദവും ഈ മത്സരത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ സമനിലയോടെ 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അനായാസം ജയിക്കാമായിരുന്ന മത്സരം സമനിലയായത് പോയിന്റ് നിലയില്‍ ഇന്ത്യക്ക് തിരിച്ചടിയായി.

ഈ വര്‍ഷം രണ്ട് ടെസ്റ്റുകളാണ് ഇന്ത്യയ്ക്ക് ഇനി ബാക്കിയുള്ളത്. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. വെല്ലിങ്ടണും ക്രൈസ്റ്റ് ചര്‍ച്ചുമാണ് വേദി.

 

Content Highlight: Mohammad Kaif says India would have won the second Test if Virat Kohli had been in the team.

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.