ഏകദിന ഫോര്‍മാറ്റില്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഫോം ചോദ്യങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തുറക്കുമ്പോള്‍, ജഡേജയേക്കാള്‍ മികച്ച താരമാണ് അക്‌സര്‍ പട്ടേലെന്ന പ്രസ്താവനയുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്.
‘രവീന്ദ്ര ജഡേജയോ അക്‌സര്‍ പട്ടേലോ, ഇവരില്‍ ഒരാളെ തെരഞ്ഞെടുക്കണമെന്നാണെങ്കില്‍, അക്‌സര്‍ ജഡേജയേക്കാള്‍ ഏറെ മുമ്പിലാണ്. ഏകദിനത്തില്‍ പോലും. അവന്റെ ബാറ്റിങ്ങിലെ മികവ്, മികച്ച സ്‌ട്രൈക് റേറ്റ്, സിക്‌സറടിക്കാനുള്ള കഴിവ്… ജഡേജയ്ക്ക് ഇതൊന്നുമില്ല. ഇക്കാര്യം നമ്മള്‍ ഐ.പി.എല്ലിലും കണ്ടതാണ്.
അക്‌സര്‍ പട്ടേല്‍. Photo: BCCI/x.com
വൈറ്റ് ബോള്‍ ഫോര്‍മാറ്റ് പരിശോധിക്കുമ്പോള്‍ അക്‌സര്‍ ബാറ്റിങ്ങില്‍ ഏറെ മുമ്പിലാണ്. ബൗളിങ്ങിന്റെ കാര്യമെടുക്കുമ്പോഴും കാര്യങ്ങള്‍ അങ്ങനെ തന്നെ. അക്‌സറിന് പവര്‍പ്ലേയിലും പന്തെറിയാന്‍ സാധിക്കും.
എന്തുകൊണ്ട് അവന്‍ സ്‌ക്വാഡില്‍ പോലുമില്ല എന്ന് എനിക്ക് മനസിലാകുന്നില്ല. സ്പിന്നിനെതിരെ ദൗര്‍ബല്യമുള്ള നിതീഷ് കുമാര്‍ റെഡ്ഡിയെ എന്തിനാണ് ന്യൂസിലാന്‍ഡിനെതിരെ നിങ്ങള്‍ ഇത്രത്തോളം പിന്തുണയ്ക്കുന്നത്. ബെഞ്ചിലിരിക്കുന്ന അര്‍ഷ്ദീപും സ്‌ക്വാഡിന്റെ ഭാഗമാണ്, അതായത് ഇതിനോടകം തന്നെ നാല് പേസര്‍മാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്,’ കൈഫ് പറഞ്ഞു.
മുഹമ്മദ് കൈഫ്, Photo: google/probatsman
ന്യൂസിലാന്‍ഡിനെതിരെ നടന്ന രണ്ടാം ഏകദിനത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം അക്‌സര്‍ പട്ടേലായിരുന്നു ടീമിലുണ്ടായിരുന്നതെങ്കില്‍, ടീം കുറച്ചുകൂടി ബാലന്‍സ്ഡായേനെ എന്നും കൈഫ് അഭിപ്രായപ്പെട്ടു.
നിതീഷ് കുമാര്‍ റെഡ്ഡി
മത്സരത്തില്‍ ഏഴാം നമ്പറില്‍ ക്രീസിലെത്തിയ റെഡ്ഡി 21 പന്തില്‍ 20 റണ്‍സാണ് നേടയത്. പന്തെറിഞ്ഞതാകട്ടെ രണ്ട് ഓവറും. മൂന്നാം സ്പിന്നറുടെ അഭാവമുണ്ടായിരുന്ന മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാണിച്ച കൈഫ്, അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഒന്നിച്ച് കളത്തിലെത്തണമായിരുന്നു എന്നും അഭിപ്രായപ്പെട്ടു.
‘അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഒന്നിച്ച് കളത്തിലറങ്ങണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ റെഡ്ഡിക്ക് പകരം അക്‌സര്‍ പട്ടേലായിരുന്നു ടീമിലുണ്ടായിരുന്നതെങ്കില്‍, ടീം കുറേക്കൂടി ബാലന്‍സ്ഡാകുമായിരുന്നു.
അക്‌സറും ജഡേജയും. Photo: BCCI/x.com
അക്‌സറും ജഡേജയും പന്തെറിയുന്നതില്‍ ഏറെ വ്യത്യാസമുണ്ട്. ഇത് പറയുമ്പോള്‍ ഇരുവരും ഇടംകയ്യന്‍ സ്പിന്നര്‍മാരല്ലേ എന്നാണ് ആളുകള്‍ ചോദിക്കുക. അതെ, അവര്‍ ഇരുവരും ഇടംകയ്യന്‍ സ്പിന്നര്‍മാര്‍ തന്നെയാണ്, എന്നാല്‍ രണ്ട് വ്യത്യസ്ത ബൗളിങ് ശൈലിയാണ് ഇരുവര്‍ക്കുള്ളത്.
ജഡേജ പവര്‍പ്ലേക്ക് ശേഷമാണ് പന്തെറിയാനെത്തുക. അക്‌സറിന് ന്യൂ ബോളിലും പന്തെറിയാനാകും. ന്യൂബോളില്‍ അവന്‍ ഏറെ മികച്ചവനാണ്. ചാമ്പ്യന്‍സ് ട്രോഫിയിലും അവന്‍ ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തി,’ കൈഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, രണ്ടാം മത്സരത്തിലെ വിജയത്തിന് പിന്നാലെ ന്യൂസിലാന്‍ഡ് പരമ്പരയില്‍ 1-1ന് ആതിഥേയരായ ഇന്ത്യയ്‌ക്കൊപ്പമെത്തി. ഇതോടെ നാളെ നടക്കുന്ന മൂന്നാം മത്സരം ആവേശപ്പോരിനും വഴി മാറി. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയമാണ് വേദി.
Content Highlight: Mohammad Kaif says Axar Patel is better than Ravindra Jadeja