കേരള ക്രിക്കറ്റ് ലീഗില്‍ പുതിയ ചരിത്രം കുറിച്ച് മുഹമ്മദ് അസറുദ്ദീന്‍. ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ സെഞ്ച്വറി നേടിയാണ് ആലപ്പി റിപ്പിള്‍സ് താരം അസറുദ്ദീന്‍ കരുത്തുകാട്ടിയത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 52 പന്തില്‍ പുറത്താവാതെ 107 റണ്‍സാണ് അസറുദ്ദീന്‍ നേടിയത്. നാല് ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഈ സീസണിലെ മൂന്നാം സെഞ്ച്വറിയാണ് അസറുദ്ദീന്‍ അടിച്ചെടുത്തത്.
ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരെ തന്നെയായിരുന്നു താരത്തിന്റെ ആദ്യ സെഞ്ച്വറി നേട്ടം. 51 പന്തില്‍ ഏഴ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ താരം വെടിക്കെട്ട് പ്രകടനം നടത്തിയത്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരെയായിരുന്നു മലയാളി താരത്തിന്റെ രണ്ടാം സെഞ്ച്വറി നേട്ടം.
കാലിക്കറ്റിനെതിരെ 60 പന്തില്‍ പുറത്താവാതെ 112 റണ്‍സ് നേടിയാണ് മലയാളി താരം തിളങ്ങി നിന്നത്. അഞ്ച് ഫോറുകളും 10 കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കെ.സി.എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു താരം മൂന്ന് സെഞ്ച്വറികള്‍ നേടുന്നത്.
പവര്‍പ്ലേയില്‍ തന്നെ എതിരാളികള്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവാണ് അസറുദ്ദീനെ വ്യത്യസ്തനാക്കുന്നത്. ഈ സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നിന്നും 526 റണ്‍സാണ് അസറുദ്ദീന്റെ ബാറ്റില്‍ നിന്നും പിറന്നത്. മൂന്ന് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്. 42 പടുകൂറ്റന്‍ സിക്സുകളും 29 ഫോറുകളുമാണ് താരത്തിന്റെ ഈ സീസണിലെ സമ്പാദ്യം.
ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമായിരുന്നു അസറുദ്ദീന്‍. 2021ലെ സീസണിലായിരുന്നു അസറിനെ ബെംഗളൂരു 20 ലക്ഷത്തിന് സ്വന്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ താരം ഒരു ഐ.പി.എല്ലില്‍ ടീമിലും അംഗമല്ല. ഇപ്പോള്‍ മിന്നും ഫോമില്‍ തന്റെ പ്രതിഭ വീണ്ടും തെളിയിച്ചതോടെ ഐ.പി.എല്‍ ടീമുകളുടെ റഡാറില്‍ താരം വീണ്ടും ഇടം പിടിച്ചിട്ടുണ്ടാവുമെന്നുറപ്പാണ്.
അതേസമയം മത്സരത്തില്‍ കൊല്ലത്തിനെതിരെ 83 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ആലപ്പി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി 235 റണ്‍സിന്റെ വമ്പന്‍ ടോട്ടലാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലം 17.1 ഓവറില്‍ 170 റണ്‍സിന് പുറത്തായി.
അസറുദ്ദീന്റെ സെഞ്ച്വറിക്ക് പുറമെ ആലപ്പിക്കായി സച്ചിന്‍ ബേബി 26 പന്തില്‍ 68 റണ്‍സും ആകാശ് സി. പിള്ള 42 പന്തില്‍ 72 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ബൗളിങ്ങില്‍ മണ്ണെമ്പത് ശ്രീരൂപ് നാല് വിക്കറ്റും അഖില്‍ ദേവ് വി മൂന്ന് വിക്കറ്റും അഭിജിത് പ്രവീണ്‍ രണ്ട് വിക്കറ്റുകളും കൈപ്പിടിയിലാക്കി മികച്ചു നിന്നു.
Content Highlight: Mohammad Azharuddin becomes first player to score three centuries in Kerala Cricket League