കൊച്ചിയില്‍ പന്തുരുളുമ്പോള്‍ ലക്ഷദ്വീപിന് ഇത് അഭിമാന നിമിഷം; ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ഇത് ആദ്യം
ISL
കൊച്ചിയില്‍ പന്തുരുളുമ്പോള്‍ ലക്ഷദ്വീപിന് ഇത് അഭിമാന നിമിഷം; ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ഇത് ആദ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 21st September 2023, 8:50 pm

ഐ.എസ്.എല്ലിന്റെ പത്താം സീസണിന് തുടക്കമായിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സി കേരള ബ്ലാസ്റ്റേഴ്‌സിനെ അവരുടെ തട്ടകമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തി നേരിടുകയാണ്. ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വിലയ റൈവല്‍റിക്കാണ് കൊച്ചി സാക്ഷിയാകുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അക്കാദമിയില്‍ നിന്നും കളിച്ചുവളര്‍ന്ന മുഹമ്മദ് ഐമന്റെ അരങ്ങേറ്റ മത്സരം കൂടിയാണ് ഇതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ലക്ഷദ്വീപില്‍ നിന്നുമാണ് ഐമന്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്.

ഡോണ്‍ ബോസ്‌കോ ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നും 2018ല്‍ തന്റെ 15ാം വയസിലാണ് താരം കൊമ്പന്‍മാരുടെ തട്ടകത്തിലെത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയില്‍ തന്റെ ഇരട്ട സഹോദരന്‍ മുഹമ്മദ് അസ്ഹറിനൊപ്പമായിരുന്നു ഐമനെത്തിയത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടര്‍ 15 ട്രയല്‍സിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഐമനും അസ്ഹറും ബ്ലാസ്റ്റേഴ്‌സിനായി അണ്ടര്‍ 15, അണ്ടര്‍ 18 ടീമുകള്‍ക്കായി ബൂട്ടുകെട്ടി. ഇതിന് പിന്നാലെ താരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമിലെത്തുകയും 2022ല്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗ് കളിക്കുകയും ചെയ്തു.

2023 ഏപ്രില്‍ 16നാണ് ഐമന്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി തന്റെ അരങ്ങേറ്റം കുറിക്കുന്നത്. 2023 സൂപ്പര്‍ കപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ രാഹുല്‍ കെ.പിക്ക് പകരക്കാരനായാണ് ഐമന്‍ കളത്തിലിറങ്ങിയത്.

ആഗസ്റ്റ് 13നാണ് ഐമന്‍ ആദ്യമായി സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുന്നത്. ഡ്യൂറണ്ട് കപ്പില്‍ ഗോകുലം കേരളക്കെതിരെ കേരള ഡെര്‍ബിയിലാണ് താരം ബൂട്ടുകെട്ടിയത്. മത്സരത്തില്‍ താരം 90 മിനിട്ടും കളിച്ചിരുന്നു. 3-4ന് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ട മത്സരത്തില്‍ ഒരു അസിസ്റ്റ് നേടാന്‍ ഐമന് സാധിച്ചിരുന്നു.

അതേസമയം, മത്സരം 30 മിനിട്ട് പിന്നിടുമ്പോള്‍ ഇരു ടീമും ഗോള്‍ രഹിത സമനില തുടരുകയാണ്.

കോച്ച് ഇവാന്‍ വുകോമനൊവിച്ചിന്റെ അഭാവത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ മത്സരത്തിനിറങ്ങിയത്. 4-4-2 എന്ന ഫോര്‍മേഷനിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയപ്പോള്‍ 5-3-2 എന്ന ഫോര്‍മേഷനിലാണ് ബെംഗളൂരു കോച്ച് ഗാരിസണ്‍ തന്റെ കുട്ടികളെ വിന്യസിച്ചത്.

 

Content Highlight: Mohammad Aiman ​​became the first player from Lakshadweep to play in ISL