മോദി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നതാണ് ജനാധിപത്യത്തിന് അപകടം; രാജ്യസഭാധ്യക്ഷന് കപില്‍ സിബലിന്റെ മറുപടി
national news
മോദി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നതാണ് ജനാധിപത്യത്തിന് അപകടം; രാജ്യസഭാധ്യക്ഷന് കപില്‍ സിബലിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th July 2023, 1:16 pm

ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്താതിരിക്കുകയും ചോദ്യത്തിനുള്ള മറുപടി നല്‍കാതിരിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യത്തിന്റെ ക്ഷേത്രത്തില്‍ അസ്വസ്ഥതതകള്‍ ഉണ്ടാകുന്നതെന്ന് രാജ്യസഭാ എം.പി കപില്‍ സിബല്‍. തടസപ്പെടുത്തലും ശല്യപ്പെടുത്തലും ജനാധിപത്യത്തെ കളങ്കപ്പെടുത്താനുള്ള ആയുധമായി പ്രതിപക്ഷം കണക്കാക്കുന്നുവെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു സിബലിന്റെ പ്രതികരണം.

‘ ശല്യവും തടസപ്പെടുത്തലും ജനാധിപത്യത്തെ കളങ്കപ്പെടുത്താന്‍ ആയുധമാക്കുന്നുവെന്ന് ഉപരാഷ്ട്രപതി പറയുന്നു. മണിപ്പൂരിനെ കുറിച്ച് പ്രധാന മന്ത്രി പ്രസ്താവന നടത്താതിരിക്കുകയും, ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാതിരിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യത്തിന്റെ ക്ഷേത്രത്തില്‍ തടസങ്ങളും അസ്വസ്ഥതകളും ഉണ്ടാകുന്നത്’, സിബല്‍ ട്വിറ്ററില്‍ കുറിച്ചു.

ജനാധിപത്യത്തെ കളങ്കപ്പെടുത്താന്‍ തടസങ്ങളും ശല്യപ്പെടുത്തലുകളും ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം എന്നായിരുന്നു ധന്‍കര്‍ പറഞ്ഞിരുന്നത്.

‘പൊതുജനങ്ങളുടെ സുരക്ഷക്കായുള്ള സംവാദങ്ങളും ചര്‍ച്ചകളും ആലോചനകളും ഉള്‍ക്കൊള്ളുന്നതാണ് ജനാധിപത്യം.  എന്നാല്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്താന്‍  പ്രതിപക്ഷം തടസങ്ങളും ശല്യപ്പെടുത്തലുകളും ആയുധമാക്കിയിരിക്കുകയാണ്,’ എന്നായിരുന്നു ജാമിയ മിലിയ ഇസ്‌ലാമിയയുടെ ശതാബ്ദി വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ധന്‍കര്‍ പറഞ്ഞത്.

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കി കൊണ്ട് ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും ഇക്കാര്യത്തില്‍ ആദ്യം പ്രധാനമന്ത്രി പ്രതികരണം നടത്തണമെന്ന നിലപാടിലാണ് പ്രതിപക്ഷം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും നിര്‍ത്തിവെച്ചെങ്കിലും വീണ്ടും ചേര്‍ന്നു.

വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ പ്രതിഷേധിക്കുകയാണ്. സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്‍പില്‍ പോസ്റ്റുകളുമായി ഇന്ത്യ പ്രതിപക്ഷ സഖ്യമാണ് പ്രതിഷേധിക്കുന്നത്. സഭ ചേര്‍ന്നതിന് ശേഷം നേരത്തെ ഗാന്ധി പ്രതിമക്ക് മുന്‍പിലിരുന്നും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉന്നയിച്ചത്.

സഭാ സമ്മേളനം ചേരുമ്പോള്‍ സഭക്ക് പുറത്ത് മണിപ്പൂര്‍ വിഷയത്തെ കുറിച്ച് പ്രസ്താവന നടത്താനാണ് പ്രധാനമന്ത്രി തയ്യാറായത്. ഇത് സഭയ്ക്ക് അപമാനകരമായി കാര്യമാണ്. മണിപ്പൂരിലെ സ്ഥിതിഗതികളെ കുറിച്ച് സഭക്കകത്ത് മറുപടി നല്‍കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.

Content Highlight: Modis silence is harm for democracy: Kapil sibal