ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിന്റെ വൈകാരികതയെ മാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതായി പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ദൃഢമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-യു.എസ് ബന്ധം തുടരുമെന്ന ട്രംപിന്റെ പ്രതികരണത്തെയാണ് പ്രധാനമന്ത്രി സ്വാഗതം ചെയ്തത്.
Deeply appreciate and fully reciprocate President Trump’s sentiments and positive assessment of our ties.
മോദി ഒരു മികച്ച നേതാവാണെന്നും ഇന്ത്യയുമായി യു.എസിന് നല്ല ബന്ധമാണുള്ളതെന്നും പറഞ്ഞ ട്രംപ്, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ മാത്രമാണ് എതിര്‍പ്പുള്ളതെന്നും വ്യക്തമാക്കിയിരുന്നു. വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നലെ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് ഇന്ത്യയെയും റഷ്യയെയും പരിഹസിച്ചിരുന്നു. ഇന്ത്യയെയും റഷ്യയും ചൈനയുടെ ഇരുണ്ട ഗര്‍ത്തത്തില്‍ വെച്ച് നഷ്ടപ്പെട്ടുവെന്നും ഇരുവര്‍ക്കും സമൃദ്ധവും ദീർഘവുമായ ഒരു ഭാവി ഉണ്ടാകട്ടെ എന്നുമായിരുന്നു ട്രംപ് കുറിച്ചത്.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനൊപ്പമുള്ള പുടിന്റെയും മോദിയുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് യു.എസ് പ്രസിഡന്റിന്റെ പ്രതികരണം. നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും ചൈന സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പരിഹാസം.
ട്രംപിന്റെ പരിഹാസത്തിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ട്രംപ് മലക്കംമറിഞ്ഞത്.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇന്ത്യയെ അധിക്ഷേപിക്കും വിധത്തിലുള്ള പ്രതികരണങ്ങളാണ് ട്രംപും മറ്റു യു.എസ് ഉദ്യോഗസ്ഥരും നടത്തിയിരുന്നത്. മോദിയെ കൈകാര്യം ചെയ്യാന്‍ ട്രംപിനറിയാമെന്ന യു.എസ് വിദേശകാര്യ സെക്രട്ടറി ഹൊവാര്‍ഡ് ലട്‌നിക്കിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദത്തിലുള്ളത്.
അതേസമയം സെപ്റ്റംബര്‍ അവസാനം നടക്കാനിരിക്കുന്ന യു.എന്‍ അസംബ്ലിയുടെ ഉന്നതതല പൊതുചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.
സെപ്റ്റംബര്‍ 26ന് പൊതുസഭയെ മോദി അഭിസംബോധന ചെയ്യുമെന്നായിരുന്നു ഷെഡ്യൂളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ നിന്ന് പ്രധാനമന്ത്രി വിട്ടുനില്‍ക്കുകയാണെങ്കില്‍ ട്രംപ്-മോദി കൂടിക്കാഴ്ച ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണത്തെ മോദി സ്വാഗതം ചെയ്തിരിക്കുന്നത്.