[]ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ പാക്കിസ്താന്‍ പ്രധാനമന്ത്രിയായ നവാസ് ഷെരീഫ് “ഗ്രാമീണ വനിത”യോട് ഉപമിച്ചുവെന്ന നരേന്ദ്രമോഡിയുടെ ആരോപണത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് രംഗത്ത്.
മോഡി കാര്യമറിയാതെ തത്തയെ പോലെ ചിലയ്ക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഗ്രാമിണ സ്ത്രീയാവുന്നതില്‍ തെറ്റൊന്നും കാണുന്നില്ല. മോഡിക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധമില്ല.
അദ്ദേഹത്തിന് ഗ്രാമീണ സ്ത്രീകളെ ഇഷ്ടപ്പെടാന്‍ കഴിയില്ല. എന്തുകൊണ്ടാണ് ഗ്രാമീണ സ്ത്രീ എന്ന പ്രയോഗത്തെ അപകീര്‍ത്തികരമായി കാണുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും ഖുര്‍ഷിദ് പറഞ്ഞു.
മന്‍മോഹന്‍ സിംഗ് പാകിസ്താനെതിരെ യുഎന്‍ പൊതുസഭയില്‍ സംസാരിച്ചത് ഒരു ഗ്രാമീണ സ്ത്രീയുടെ പരാതിപറച്ചിലിനെ അനുസ്മരിപ്പിച്ചുവെന്ന് നവാസ് ഷെരീഫ് പറഞ്ഞതായാണ് ആരോപണമുയര്‍ന്നത്.
പാകിസ്താനിലെ ജിയോ ടിവി റിപ്പോര്‍ട്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, പിന്നീട് ഇയാള്‍ നിലപാട് മാറ്റി.
പാക്ക് പ്രധാനമന്ത്രി നവാസ് ഷെറീഫ് മന്‍മോഹന്‍സിങ്ങിനെതിരെ എന്തെങ്കിലും പറഞ്ഞോ, പറഞ്ഞില്ലയോ എന്ന ഉറപ്പ് വരുത്താതെയാണ് മോഡി പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞത്. സത്യമെന്താണുറപ്പ് വരുത്താന്‍ മോഡി മിനക്കെട്ടില്ല.
ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് അത്രയൊന്നും അറിയാത്ത കുറച്ച് കുട്ടികളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുകയാണ് മോഡി. ഒന്നുമറിയാത്ത അവര്‍ നല്‍കുന്നത് കാര്യമറിയാതെ ചിലയ്ക്കുന്ന തത്തയെപോലെ വായിക്കുകയാണ് മോഡി. അദ്ദേഹം പറഞ്ഞു.
മറ്റുള്ളവര്‍ ചെയ്യുന്നതിനെ നോക്കി വിമര്‍ശിക്കാതെ മറ്റ് പല വിഷയങ്ങളിലുമുള്ള തന്റെ നിലപാടുകള്‍ മോഡി വ്യക്തമാക്കണം. പാക്കിസ്താനെതിരായ പോളിസി, സാമുദായിക സംഘര്‍ഷം , പോലീസും മാനുഷിക അവകാശവും എന്നതിനെ കുറിച്ചെല്ലാം സംസാരിക്കാന്‍ മോഡി തയ്യാറാകണമെന്നും ഖുര്‍ഷിദ് ആവശ്യപ്പെട്ടു.
