ഗസയില്‍ വംശഹത്യ തുടരുമ്പോഴും മോദി നെതന്യാഹുവിനൊപ്പം; ഇസ്രഈല്‍ സന്ദര്‍ശനത്തിനെതിരെ നഗരങ്ങളില്‍ പ്രതിഷേധം; 23 പേര്‍ കസ്റ്റഡിയില്‍
India
ഗസയില്‍ വംശഹത്യ തുടരുമ്പോഴും മോദി നെതന്യാഹുവിനൊപ്പം; ഇസ്രഈല്‍ സന്ദര്‍ശനത്തിനെതിരെ നഗരങ്ങളില്‍ പ്രതിഷേധം; 23 പേര്‍ കസ്റ്റഡിയില്‍
അനിത സി
Sunday, 15th February 2026, 9:58 pm

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന ഇസ്രഈല്‍ സന്ദര്‍ശനത്തെ അപലപിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിച്ച് ഫലസ്തീന്‍ അനുകൂല സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍ ഇന്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്‍ (ഐ.പി.എസ്.പി).

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ ചേരുന്നത് പരിഗണിക്കാനിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെയും പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു. ഗസയില്‍ ഇസ്രഈല്‍ വംശഹത്യ തുടരുമ്പോഴും മോദിയും ബി.ജെ.പിയും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നില്‍ക്കുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.

ഫലസ്തീനികളുടെ ഭാവി സ്വയം നിര്‍ണയിക്കാനുള്ള അവകാശത്തെ ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് നിയന്ത്രിക്കുമെന്ന ആശങ്ക പ്രതിഷേധക്കാര്‍ പങ്കുവെച്ചു.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇസ്രഈല്‍ അധിനിവേശത്തെ അവഗണിക്കുന്നതാണ് ബോര്‍ഡ് ഓഫ് പീസ്. കരട് രേഖയില്‍ പോലും ഗസയെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. ഫലസ്തീന്‍ രാഷ്ട്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഇല്ലാതാക്കുന്നതാണ് ഇതെന്നും ഐ.പി.എസ്.പി പ്രതികരിച്ചു.

അതേസമയം, പൂനെയില്‍ പ്രതിഷേധ പ്രകടനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പരിപാടിക്ക് പൊലീസ് അനുമതി നിഷേധിക്കുകയും പ്രതിഷേധിച്ച 23 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പൂനെയില്‍ പ്രതിഷേധം സംഘടിപ്പിക്കാനായി തീരുമാനിച്ചിരുന്ന ജെ.എം റോഡില്‍ വെച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. സമാധാനപരമായിരുന്നു റാലിയെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ എതിര്‍ശബ്ദത്തോടുള്ള ഭയമാണിത് സൂചിപ്പിക്കുന്നതെന്നും വിയോജിക്കാനുള്ള ജനാധിപത്യ അവകാശത്തിനെതിരെ ആക്രമണം അഴിച്ചുവിടുകയാണെന്നും ഐ.പി.എസ്.പി പ്രസ്താവനയിലൂടെ പ്രതികരിച്ചു.

ബി.ജെ.പിയും മോദിയും കൊലയാളിയായ നെതന്യാഹുവിനെ പിന്തുണയ്ക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ വ്യാജ ‘ബോര്‍ഡ് ഓഫ് പീസില്‍’ ചേരാന്‍ ആഗ്രഹിക്കുകയാണ്. ഇതൊക്കെ പരിഗണിക്കുമ്പോള്‍ ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന സാധാരണ പൗരന്മാര്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാവുകയാണെന്നും ഐ.പി.എസ്.പി പ്രസ്താവനയില്‍ പറഞ്ഞു.

പൂനെയ്ക്ക് പുറമെ ദല്‍ഹി, മുംബൈ, പൂനെ, രോഹ്ത്തക്, വിശാഖപട്ടണം, വിജയവാഡ, പാട്‌ന,കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. ഐ.പി.എസ്.പി പ്രതിഷേധം സംഘടിപ്പിച്ചത് ദിശ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, സൗജവാന്‍ ഭാരത് സഭ എന്നീ സംഘടനകളുമായി ചേര്‍ന്നായിരുന്നു.

അതേസമയം, സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന ലോകസാമ്പത്തിക ഫോറത്തില്‍ വെച്ചായിരുന്നു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബി.ഒ.പി ഔദ്യോഗികമായി അവതരിപ്പിച്ചത്. യു.എന്‍ ഈ
സംഘടനയെ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഐക്യരാഷ്ട്ര സഭയ്ക്ക് ബദലായാണ് സംഘടനയുടെ രൂപീകരണമെന്ന ആശങ്കയും ശക്തമായി.

ഇറ്റലിക്ക് ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ തുടങ്ങിയ പാശ്ചാത്യലോകത്തെ വന്‍ശക്തികളായ രാഷ്ട്രങ്ങള്‍ ബോര്‍ഡ് ഓഫ് പീസില്‍ പങ്കാളികളാകില്ലെന്ന നിലപാട് സ്വീകരിച്ചു.

അറുപതോളം രാജ്യങ്ങളെ ബി.ഒ.പിയുടെ ഭാഗമാകാന്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുപതോളം രാജ്യങ്ങള്‍ മാത്രമാണ് ഇതിന്റെ ഭാഗമായിരിക്കുന്നത്. ഇന്ത്യ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Content Highlight: Modi stands with Netanyahu; Protests in cities against PM’s Israel visit; 23 people in custody

 

 

 

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍