ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി.
റഷ്യയില്‍ നിന്നുള്ള എണ്ണയിറക്കുമതി ചൂണ്ടികാട്ടി ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 100% ഇറക്കുമതി തീരുവ ചുമത്തിയതിനുപിന്നാലെ ട്രംപുമായി നടത്തുന്ന ആദ്യ ഫോണ്‍ സംഭാഷണമാണിത്.
രണ്ടു ദിവസത്തെ ഇന്ത്യ-യു.എസ് ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ച ദല്‍ഹിയില്‍ പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു ഇത്.
ഉഭയക്ഷി വ്യാപാരം, ഊര്‍ജം,സുരക്ഷ,പ്രതിരോധം സഹകരണം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി ഞങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രാദേശിക അന്തര്‍ ദേശീയ വികസനങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവലോകനം ചെയ്യുകയും ചെയ്തിട്ടുണ്ട് .കൂടാതെ ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഇന്ത്യയും യു.എസും ഒരുമിച്ചുള്ള പ്രവര്‍ത്തനം തുടരും,’ മോദി ട്വിറ്ററില്‍ കുറിച്ചു. റഷ്യന്‍ പ്രസിഡന്റെ് വ്‌ളാദിമര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ടെലിഫോണ്‍ സംഭാഷണം
എന്നാല്‍ ഇതിന് പുറമേ ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്തുന്നതിനെകുറിച്ചും, യു.എസ്-ഇന്ത്യ സൈനിക പങ്കാളിത്തം,പൊതുവായ വെല്ലുവിളികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ചചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു അതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനത്തോളം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. ഉക്രൈനുമായുള്ള യുദ്ധത്തിന് റഷ്യയെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഈ പണമാണെന്നതായിരുന്നു ട്രംപിന്റെ വാദം.
‘ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തില്‍ എനിക്ക് അനിഷ്ടമുണ്ടായിരുന്നു എന്നാല്‍ ഇന്ത്യ എത്രയും പെട്ടെന്ന് ഇതവസാനിപ്പിക്കുമെന്ന ഉറപ്പുനല്‍കിയിട്ടുണ്ട്, അതൊരു വലിയ ചുവടുവെയ്പ്പാണ്,’ ഇതായിരുന്നു ഒക്ടോബറില്‍ ട്രംപിന്റെ ഈ വിഷയത്തിലുള്ള പ്രതികരണം. എന്നാല്‍ ഇന്ത്യ ഇത് തള്ളിയിരുന്നു. അതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികാര നടപടി.
ഡിസംബര്‍ 10,11 തിയ്യതികളിലായി യു.എസ് പ്രതിനിധി റിക്ക് സ്വിറ്റ്‌സറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയില്‍ എത്തിയിരുന്നു. ഇന്ത്യ- യു.എസ് ഇറക്കുമതി കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംഘം ചര്‍ച്ച നടത്തി. എന്നാല്‍ വിഷയത്തില്‍ പുരോഗതിയുണ്ടാക്കാന്‍ ചര്‍ച്ചയ്ക്കായിട്ടില്ല.