ജനങ്ങള്‍ എല്ലാം വ്യക്തമാക്കി കഴിഞ്ഞു; മോദിയുടെ ഭിന്നിപ്പിക്കല്‍ ക്യാമ്പെയ്ന്‍ കര്‍ണാടകയില്‍ ഫലിച്ചില്ല: പവന്‍ ഖേര
national news
ജനങ്ങള്‍ എല്ലാം വ്യക്തമാക്കി കഴിഞ്ഞു; മോദിയുടെ ഭിന്നിപ്പിക്കല്‍ ക്യാമ്പെയ്ന്‍ കര്‍ണാടകയില്‍ ഫലിച്ചില്ല: പവന്‍ ഖേര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th May 2023, 10:18 am

ബെംഗളൂരു: കര്‍ണാടക വോട്ടെണ്ണലില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. മോദിയുടെ ഭിന്നിപ്പിക്കല്‍ ക്യാമ്പെയ്ന്‍ കര്‍ണാടകയില്‍ ഫലിച്ചില്ല എന്നാണ് പവന്‍ ഖേര പറഞ്ഞത്.

‘വലിയ ഭൂരിപക്ഷത്തോടെ ഞങ്ങള്‍ അധികാരത്തിലേറുമെന്ന് ജനങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. മോദിയുടെ ഭിന്നിപ്പിക്കല്‍ ക്യാമ്പെയ്‌നൊന്നും ഫലിച്ചില്ല,’ പവന്‍ ഖേര പറഞ്ഞു.

അതേസമയം വോട്ടെണ്ണലില്‍ മുന്നിലെത്തിയതോടെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആഘോഷം ആരംഭിച്ചിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയിലെ രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ‘അയാം ഇന്‍വിന്‍സിബിള്‍’ എന്ന പാട്ട് എഡിറ്റ് ചെയ്ത് ബാക്ക്ഗ്രൗണ്ടില്‍ ചേര്‍ത്ത വീഡിയോ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

224 അംഗ നിയമസഭയില്‍ 130 ലധികം സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാക്കള്‍. എക്‌സിറ്റ് പോളുകളില്‍ ഭൂരിഭാഗവും സംസ്ഥാനം തൂക്കുസഭയിലേക്ക് നീങ്ങുകയാണെന്നാണ് പറഞ്ഞത്.

Content Highlight: Modi’s divisive campaign failed in Karnataka, says Pawan Khera