ആത്മനിര്‍ഭര്‍; സംഘപരിവാര്‍ തത്വചിന്തകളെ കേന്ദ്രപദ്ധതികളാക്കുന്ന മോദി എന്ന ആര്‍.എസ്.എസ് തലവന്‍
Discourse
ആത്മനിര്‍ഭര്‍; സംഘപരിവാര്‍ തത്വചിന്തകളെ കേന്ദ്രപദ്ധതികളാക്കുന്ന മോദി എന്ന ആര്‍.എസ്.എസ് തലവന്‍
സാഗര്‍
Monday, 27th July 2020, 1:55 pm
തെങ്കാടി തേര്‍ഡ് വേയില്‍ പറഞ്ഞ ഒരു സിദ്ധാന്തം തന്നെയാണ് ഈ പദ്ധതിയിലൂടെ കേന്ദ്രം നടപ്പാക്കിയത്. ''ഉത്പാദനം ആശയവിനിമയം മുതലായവയില്‍ മാറ്റങ്ങള്‍ വന്നതോടെ 3000ത്തിലധികം പരമ്പരാഗത തൊഴിലുകള്‍ കാലാഹരണപ്പെട്ടതും ലാഭമില്ലാത്തതുമായി തീര്‍ന്നു, ഇതിന് പകരം പുതിയ തൊഴിലുകള്‍ വരികയും ചെയ്തു. ഇത് പരമ്പരാഗത ജാതി വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണമായി.' ജാതിവ്യവസ്ഥയെ പുനഃസ്ഥാപിക്കുന്നതിനായി തൊഴില്‍ തിരിച്ചുള്ള സംഘടനകള്‍ രൂപീകരിക്കുന്നതിനുള്ള ഈ നിര്‍ദേശം ആദ്യം മുന്നോട്ട് വെച്ചത് തെങ്കാടിയാണ്.

2020 മെയ് 12ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മനിര്‍ഭര്‍ ഭാരത് അഥവാ സ്വാശ്രയ ഇന്ത്യ എന്ന പദ്ധതിയുടെ പ്രഖ്യാപനം നടത്തുന്നത്. നോവല്‍ കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് രാജ്യമാകെ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ 49ാം ദിവസം സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി അവതരിപ്പിച്ച പാക്കേജിന്റെ ഭാഗമായായിരുന്നു ഈ പ്രഖ്യാപനവും.

മഹാമാരി പശ്ചാത്തലത്തില്‍ അഞ്ചാം തവണ ജനങ്ങളെ അഭിസംബോധന ചെയ്ത അവസരത്തില്‍ 21ാം നൂറ്റാണ്ട് ഇന്ത്യയുടേത് കൂടിയാണെന്ന് ഉറപ്പാക്കാനുള്ള ‘ഉത്തരവാദിത്തം’ ഓരോ പൗരന്റേതുമാണ് എന്ന് മോദി ഓര്‍മ്മിപ്പിച്ചു. മഹാമാരി ലോകത്തിന്റെ എല്ലാ ക്രമങ്ങളെയും തലകീഴായി മറിച്ചപ്പോള്‍ ഇന്ത്യയ്ക്ക് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാനുള്ള അവസരമാണ് ലഭിച്ചത്, അത് ആത്മനിര്‍ഭര്‍ ഭാരതിലൂടെ മാത്രമേ വിനിയോഗിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ 33 മിനുറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ പകുതിയും സ്വാശ്രയ ഇന്ത്യയെക്കുറിച്ച് വിശദീകരിക്കാനാണ് മോദി ഉപയോഗിച്ചത്.

കരുണാമയനായ ഒരു ഗുരുവിന്റെ വേഷമണിഞ്ഞ്, സ്വാശ്രയ ഇന്ത്യ എന്ന പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് ഒന്നും പറയാതെ അതിന്റെ പൊതുഭാവനയിലൂന്നിയായിരുന്നു മോദി സംസാരിച്ചത്. പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ പ്രഖ്യാപിക്കാനുള്ള ഉത്തരവാദിത്തം ധനമന്ത്രി നിര്‍മ്മല സീതാരാമനായിരുന്നു. ഹിന്ദുമത ഗ്രന്ഥങ്ങളായ വേദങ്ങളിലും ശാസ്ത്രങ്ങളിലും വേരാഴ്ത്തിയിരിക്കുന്ന പരമ്പരാഗതമായ ‘സന്‍സ്‌കൃതി'( സംസ്‌കാരം), ‘സംസ്‌കാര'(സ്വഭാവം) എന്നിവയില്‍ നിന്നുമാണ് ആത്മനിര്‍ഭര്‍ ഭാരതിനായുള്ള ആശയങ്ങള്‍ കടമെടുത്തിരിക്കുന്നത് എന്നാണ് മോദി പറഞ്ഞത്. സംസ്‌കൃത ഉദ്ധരണികളുമായി ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണങ്ങള്‍. തന്റെ ഭാവി സിദ്ധാന്തത്തിലേക്ക് പുരാതന ജ്ഞാനത്തിന്റെ ആശയങ്ങളെ സ്വാംശീകരിച്ചു എന്ന് തെളിയിക്കാനായിരിക്കും ഇത്.

മുണ്ടകോപനിഷത്തിനെ ഉദ്ധരിച്ച് മോദി ‘ഈശ വാ പാന്ത’ (ഇതാണ് നിങ്ങളുടെ മാര്‍ഗം) എന്നു പറഞ്ഞുകൊണ്ട് സ്വാശ്രയത്വം എന്തുകൊണ്ട് അനിവാര്യമാണെന്ന് വ്യക്തമാക്കാനുള്ള നിങ്ങളുടെ അവസരമാണ് ഇതെന്ന് പറഞ്ഞു. തന്റെ പ്രസംഗത്തില്‍ അദ്ദേഹം മറ്റൊരു ശ്ലോകം കൂടി ഉപയോഗിച്ചു, മാതാ ഭൂമി; പുത്രോ അഹം പൃഥ്വിയ, ഭൂമി നമ്മുടെ മാതാവും നമ്മള്‍ അവരുടെ മക്കളുമാണ് എന്നാണ് ഇതിന് അര്‍ത്ഥം.

മാതൃരാജ്യവുമായുള്ള ഇന്ത്യക്കാരുടെ ബന്ധം ഉയര്‍ത്തിക്കാണിക്കാനായിരുന്നു മോദി ഈ ശ്ലോകം ഉപയോഗിച്ചത്. ഇന്ത്യക്കാരുടെ ശ്രേഷ്ഠമായ മൂല്യങ്ങള്‍ ഒരു ആഗോള ക്രമത്തിന് അനിവാര്യമാണെന്നും മോദി നിര്‍ദേശിച്ചു. ‘ജയ് ജഗത്’ ലോകം വിജയിക്കട്ടെ എന്ന സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന, ലോകത്തെ എല്ലാവരെയും ഒരു കുടുംബമായി കാണുന്ന ഇന്ത്യ സ്വയംപര്യാപ്തമായാല്‍ അത് സ്വാഭാവികമായും ലോക പുരോഗതി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘സര്‍വ്വം അഥം വന്‍ഷ് സുഖം’ (sarvam atam vansh sukham) എന്ന മറ്റൊരു സംസ്‌കൃത ശ്ലോകം ഉരുവിട്ടുകൊണ്ടാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്. ഒരു ധര്‍മ്മോപദേശകനെ പോലെ അതിന്റെ അര്‍ത്ഥവും അദ്ദേഹം തന്നെ വിശദമാക്കി- നമ്മുടെ അധികാരത്തിന് കീഴിലുള്ളതും നമ്മുടെ നിയന്ത്രണത്തിലുള്ളതും മാത്രമാണ് നമുക്ക് ആനന്ദം നല്‍കുക എന്നായിരുന്നു അത്.

പ്രാദേശികമായ ഉത്പാദനം വര്‍ധിപ്പിച്ച്, വിവിധ സാമ്പത്തിക നയങ്ങളിലൂടെ രാജ്യത്തെ ക്രമേണ ഇറക്കുമതി രഹിതമാക്കുന്ന പദ്ധതിയായാണ് ആത്മനിര്‍ഭര്‍ ഭാരത് ഔദ്യോഗികമായി ഇടംപിടിച്ചിട്ടുള്ളത്. സ്വാശ്രയത്വം എന്ന ആശയം സാമ്പത്തിക നയങ്ങളുടെ പരിധിക്ക് അപ്പുറത്തേക്കാണെന്നും മോദിയുടെ പ്രസംഗം വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സംസ്‌കാരത്തെയും സ്വഭാവത്തെയും സൂചിപ്പിച്ചുകൊണ്ട് തികച്ചും പ്രകടമായ രീതിയില്‍ വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഊന്നല്‍ നല്‍കിയാണ് അദ്ദേഹം സംസാരിച്ചത്.

പിന്നീടുള്ള ആഴ്ച്ചകളില്‍ ഈ പുതിയ സാമൂഹിക സാമ്പത്തിക ആശയത്തെക്കുറിച്ച് നിരവധി പ്ലാറ്റ്‌ഫോമുകളില്‍ മോദി വാദിച്ചു. ഈ ദൗത്യത്തിന്റെ ഭാഗമായായിരുന്നു കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെയും ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെയും നേതാക്കളുമായി മോദി സംഭാഷണം നടത്തിയത്. മന്‍കീ ബാത്തിലും അദ്ദേഹം ഇതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു.

മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് ആഴ്ച്ചകള്‍ക്ക് മുന്‍പ് ഇതേ സ്വാശ്രയത്വത്തെക്കുറിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ മുതിര്‍ന്ന നേതാക്കള്‍ സംസാരിച്ചിരുന്നു.

ആര്‍.എസ്.എസ് മോദിയുടെ പഴയ സ്‌കൂളാണ്-  രാജ്യം ഭരിക്കുന്ന ഭാരതീയ ജനത പാര്‍ട്ടിയുടെ മാതൃ സംഘടനയായ ആര്‍.എസ്.എസ്സിനോടൊത്താണ് മോദി മൂന്ന് ദശാബ്ദത്തോളം പ്രവര്‍ത്തിച്ചത്. മെയ് ആറിന് ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്രേയ ഹൊസബലെ വിദേശ മാധ്യമപ്രവര്‍ത്തകരുമായി ഒരു സംവാദം നടത്തി. സംഘടനയുടെ തലപ്പത്തിരിക്കുന്നവരില്‍ മൂന്നാമനായ ഹൊസബലെ സ്വശ്രയത്വത്തിലും സ്വദേശീയതയിലും അധിഷ്ഠിതമായ സാമൂഹിക സാമ്പത്തിക മോഡലാണ് ഈ സമയത്ത് ആവശ്യമെന്നാണ് പറഞ്ഞത്. ആഗോള മുതലാളിത്തത്തിന്റെയും ആഗോള കമ്മ്യൂണിസത്തിന്റെയും ആശയസംഹിതകളുടെ പരിമിതികള്‍ കൊവിഡ് 19 തുറന്നുകാട്ടിയെന്നും അതുകൊണ്ടാണ് സ്വദേശി മോഡല്‍ കാലത്തിന്റെ ആവശ്യമായി മാറുന്നത് എന്നുമായിരുന്നു ഹൊസബലെയുടെ വാദം.

എന്നിരുന്നാലും സ്വാശ്രയത്വവുമായി ബന്ധപ്പെട്ട ആദ്യ പരാമര്‍ശം ഉണ്ടാകുന്നത് ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാവായ മോഹന്‍ ഭാഗവതില്‍ നിന്നാണ്. ‘ഇപ്പോഴത്തെ സാഹചര്യവും നമ്മുടെ പങ്കും’ എന്ന വിഷയത്തില്‍ മോഹന്‍ ഭാഗവത് ഏപ്രില്‍ 26ന് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. സ്വാശ്രയത്വത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ‘പുതിയ വികസന മോഡല്‍’ വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വാശ്രയത്തിന് പകരം ‘സ്വവാലംബന്‍’ (swalamban) എന്ന സംസ്‌കൃത വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്.
ജനങ്ങള്‍ ദുരിതാവസ്ഥയെ അവസരമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു (സങ്കഠ്- അവസര്‍). മോഹന്‍ ഭാഗവതിന്റെ ഇതേ വാക്കുകള്‍ തന്നെയാണ് പിന്നീട് മോദി ഉപയോഗിച്ചതും.

സംഘ്പരിവാര്‍ ‘സേവ’ എന്ന് വിളിക്കുന്ന സേവനം ലോക്ക്ഡൗണ്‍ സമയത്ത് എങ്ങിനെ നടത്തിയെന്നും, ‘സേവ’ എങ്ങിനെയാണ് ഹിന്ദുരാഷ്ട്രത്തിനുള്ള വഴിയായി മാറുന്നുവെന്നതും മൂന്ന് ഭാഗങ്ങളായുള്ള അന്വേഷണ പരമ്പരയിലൂടെ ദ കാരവന്‍ നേരത്തെ തന്നെ തുറന്നു കാട്ടിയതാണ്.

ഈ പുതിയ ‘സാമൂഹിക-സാമ്പത്തിക മാതൃക’യ്ക്കായി ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും നേതൃത്വങ്ങള്‍ പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. ഭാഗവതും, ഹൊസബലെയും, മോദിയും പ്രകീര്‍ത്തിക്കുന്ന സ്വാശ്രയത്വത്തിലധിഷ്ഠിതമായ സ്വദേശി സാമൂഹിക- സാമ്പത്തിക മാതൃകയെക്കുറിച്ച് ദത്തോപന്ത് തെങ്കാടിയുടെ  ‘ദ തേര്‍ഡ് വേ’ എന്ന പുസ്തകത്തില്‍ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. സംഘപരിവാറിന്റെ ട്രെയ്ഡ്, ലേബര്‍, കര്‍ഷക സംഘടനകളായ സ്വദേശി ജാഗരണ്‍ മഞ്ച്, ഭാരതീയ മസ്ദൂര്‍ സംഘ്, ഭാരതീയ കിസാന്‍ സഭ എന്നിവയുടെ സ്ഥാപകനാണ് 2004ല്‍ അന്തരിച്ച തെങ്കാടി. സോവിയറ്റ് റിപ്പബ്ലിക്ക് തകര്‍ന്നതിന് ശേഷം നാല് വര്‍ഷം കഴിഞ്ഞ് 1995ലാണ് തെങ്കാടി ‘ദ തേര്‍ഡ് വേ’ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.

                                                                                 ദത്തോപന്ത് തെങ്കാടി

മാനവികതയെ രക്ഷിക്കാനുള്ള നവീനവും ഏകവുമായ ഒരു മാര്‍ഗമായാണ് തെങ്കാടി സമ്പ്ദവ്യവസ്ഥയോടും സമൂഹത്തോടുമുള്ള ഒരു ‘ഹിന്ദു സമീപനം’ അവതരിപ്പിക്കുന്നത്. കാരണം കമ്മ്യൂണിസത്തിന്റെയും മുതലാളിത്തത്തിന്റെയും തകര്‍ച്ച ലോകത്ത് ഒരു പ്രത്യയശാസ്ത്ര ശൂന്യത അവശേഷിപ്പിച്ചു.

സംഘപരിവാറിന്റെ മേധവിത്വ മനോഭാവങ്ങളെ ശരിവെച്ചുകൊണ്ടുള്ള, തെങ്കാടിയുടെ പുസ്തകത്തില്‍  ആഗോള സമ്പദ് വ്യവസ്ഥയുടെ ഹിന്ദു കാഴ്ച്ചപ്പാട് അഥവാ ‘ഹിന്ദു എക്കണോമിക്‌സ്’ എന്ന് അദ്ദേഹം വിളിച്ച സിദ്ധാന്തങ്ങളുടെ കൃത്യമായ രൂപം നല്‍കുന്നുണ്ട്.
വേദങ്ങളിലും, സ്മൃതികളിലും, ശാസ്ത്രങ്ങളിലും മറ്റ് ബ്രാഹ്മണിക്കല്‍ എഴുത്തുകളിലും പ്രതിപാദിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ‘ഹിന്ദു സാമ്പത്തിക വ്യവസ്ഥ’ പ്രവര്‍ത്തിക്കണമെന്നതാണ് തെങ്കാടിയുടെ പുസ്തകത്തിന്റെ പ്രധാന ആശയം.

വിലവ്യവഹാരം, വ്യവസായ ബന്ധം, സാമൂഹിക ക്ഷേമം തുടങ്ങിയ ആശയങ്ങളെക്കുറിച്ച് പ്രതിപാദിക്കാനായി വേദപുസ്തകങ്ങളില്‍ നിന്നുള്ള ശ്ലോകങ്ങളും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ഇതിലുപരി ഹിന്ദു ഭരണാധികാരികളുടെ ഗുണവും, ആവശ്യകതയും പ്രകടമാക്കുന്നതിനായി സംശയാസ്പദമായ ചരിത്ര പരാമര്‍ശങ്ങളും തെങ്കാടി ഉപയോഗിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര സാമ്പത്തിക മാതൃകയെ  ‘അരാജകത്വത്തിലക്ക്’ നയിക്കുന്ന ‘പാശ്ചാത്യ’ ആശയമായി കണക്കാക്കി തെങ്കാടി തള്ളിക്കളയുന്നുണ്ട്. പാശ്ചാത്യ ആശയങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രധാന വിരോധം അത് സാര്‍വദേശീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്.  ഈ സാര്‍വദേശീയതയെയാണ് ഇന്ത്യയുടെ പ്രശ്‌നങ്ങളുടെ മൂലകാരണമായി തെങ്കാടി കാണുന്നത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, തൊണ്ണൂറുകളുടെ തുടക്കത്തില്‍ നടപ്പാക്കിയ ‘ഉദാരവല്‍ക്കരണത്തെ’ ‘തികഞ്ഞ വഞ്ചന’ എന്നാണ് തെങ്കാടി വിളിക്കുന്നത്.  കൂടാതെ രാജ്യത്ത് ‘അന്തരാഷ്ട്രവത്കരണം’ പ്രചരിപ്പിച്ചതിന് മന്‍മോഹന്‍ സിംഗിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ആഗോള തലത്തിലുള്ള ആശയങ്ങള്‍ സ്വീകരിക്കുന്നത് ഇന്ത്യയുടെ ‘ജാതി’ പോലുള്ള സാമൂഹ്യ സ്ഥാപനങ്ങളെ നശിപ്പിക്കുകയും ജനങ്ങളുടെ ജീവിതത്തില്‍ നിന്ന് മതത്തെ നീക്കം ചെയ്യുകയും ചെയ്തുവെന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. തെങ്കാടി പറയുന്നതനുസരിച്ച്, രാജ്യത്തെ എല്ലാ പ്രതിസന്ധികള്‍ക്കും കാരണം ജാതിയുടെ തകര്‍ച്ചയും മത ചട്ടക്കൂടിന്റെ അഭാവവുമാണ്.

തെങ്കാടിയുടെ പുസ്തകത്തിന്റെ ഓരോ പേജും ഇരുത്തി വായിക്കേണ്ടതുണ്ട്. എന്തെന്നാല്‍ ഇപ്പോള്‍ പ്രധാധമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ആത്മനിര്‍ഭര്‍ ഭാരതിലെ പല പദ്ധതികളും ദ തേര്‍ഡ് വേയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം പിന്തുടരുന്ന ഐഡിയലോഗുകളും, നാല് ദശാബ്ദമായി സംഘപരിവാര്‍ അംഗങ്ങളുമായ രാമാശിഷ് സിംഗ്, ഡി.വിജയന്‍, ബിപ്ലവ് റോയ് എന്നിവര്‍ എന്നോട് പറഞ്ഞത് മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് തെങ്കാടിയ മുന്നോട്ട് വെച്ച സാമൂഹിക-സാമ്പത്തിക മോഡലാണ് എന്നാണ്. ഇതിലുപരി ഈ പുസ്തകത്തിന്റെ വിശദമായ ഒരു വായന പറയുന്നതും മോദി മുന്‍പ് കൊണ്ടുവന്ന സാമൂഹിക പദ്ധതികളുടെ ഉത്ഭവവും തെങ്കാടിയുടെ ‘ഹിന്ദു കാഴ്ചപ്പാടില്‍’ നിന്നു തന്നെയാണ് എന്നാണ്. ഇതിലുപരി ജൂണ്‍ 11ന് ചേമ്പര്‍ ഓഫ് കൊമേഴ്‌സിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സ്വാശ്രയത്വത്തിലധിഷ്ഠിതമായ ഇന്ത്യ എന്നത് കഴിഞ്ഞ് ആറ് വര്‍ഷമായി ഇന്ത്യയുടെ ലക്ഷ്യമാണെന്നും കൊവിഡ് 19 ഇത് കൂടുതല്‍ വേഗത്തിലാക്കണമെന്ന് നമ്മെ പഠിപ്പിച്ചുവെന്നും പറയുന്നുണ്ട്.

ആത്മനിര്‍ഭര്‍ ഭാരതിന്റെ ആഭിമുഖ്യത്തില്‍ മോദി സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലായത് കുറഞ്ഞത് രണ്ട് പ്രധാന സാമ്പത്തിക തീരുമാനങ്ങളിലെങ്കിലും ‘ഹിന്ദു സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ കാണാം എന്നാണ്. വ്യവസായ കാര്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ മേല്‍നോട്ടം ഒഴിവാക്കിയത് ഇതുമായി ബന്ധപ്പെട്ടതാണ്. വ്യാവസായിക മേഖലയില്‍ ഒരു രക്ഷാധികാരി മാത്രമായേ സര്‍ക്കാര്‍ പ്രവര്‍ത്തിക്കൂ എന്ന് തെങ്കാടിയുടെ തേര്‍ഡ് വേയുടെ ഒന്നാം അധ്യായത്തിന്റെ നാലാം ഭാഗത്തില്‍ പറയുന്നുണ്ട്. ഈ ആശയം വിശദീകരിക്കാന്‍ രണ്ട് ചരിത്ര സംഭവങ്ങള്‍ അദ്ദേഹം ഉപയോഗിക്കുന്നുമുണ്ട്.

‘മൗര്യ കാലഘട്ടത്തില്‍ സിവില്‍ ബോര്‍ഡിനു കീഴിലുള്ള ഫാക്ടറികള്‍ ഉയര്‍ന്ന നിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു, അതിലെ ജീവനക്കാര്‍ക്ക് മുനിസിപ്പല്‍ ബോര്‍ഡ് ന്യായമായ വേതനം നല്‍കി. അതേ കാലയളവില്‍, ഭരണകേന്ദ്രങ്ങളുടെ ചെലവില്‍ ഖനികള്‍ കുഴിക്കുന്നതും ഫാക്ടറികള്‍ പണിയുന്നതുമായ രീതി നിലവില്‍ വന്നു. വിജയനഗര്‍ സാമ്രാജ്യത്തിനു കീഴില്‍ പൊതു ഫാക്ടറികളില്‍ 500 കലാകാരന്മാര്‍ സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ചുള്ള പണികളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നിരുന്നാലും, അത്തരം വ്യവസായങ്ങളുടെ കാര്യത്തില്‍ ഭരണാധികാരികളുടെ സ്ഥാനം ഒരു രക്ഷാധികാരിയെന്ന നിലയില്‍ മാത്രമായിരുന്നു. വ്യക്തിഗത സ്വാതന്ത്ര്യത്തെയും മനുഷ്യന്റെ വ്യക്തിത്വത്തിന്റെ സ്വാഭാവിക വളര്‍ച്ചയെയും തടസ്സപ്പെടുത്തുന്ന ഒരു കേന്ദ്രീകരണവും ഭരണകേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിരുന്നില്ല.’

മൗര്യ, വിജയനഗര സാമ്രാജ്യങ്ങള്‍ ഭൂമിശാസ്ത്രപരമായും സംസ്‌കാരികമായും വ്യത്യസ്തമാണ്. മാത്രവുമല്ല ഇവ തമ്മില്‍ ഏകദേശം 1400 വര്‍ഷത്തെ വ്യത്യാസവും ഉണ്ട്. എന്നാല്‍ ഇത് ഭരണകേന്ദ്രങ്ങളുടെ നയങ്ങളില്‍ സംശയാസ്പദമായ തുടര്‍ച്ച സ്ഥാപിക്കുന്നതില്‍ നിന്ന് തെങ്കാടിയെ പിന്തിരിപ്പിച്ചില്ല. തെങ്കാടി പരാമര്‍ശിച്ച ഖനികള്‍ സാമ്രാജ്യങ്ങളുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചത് എന്ന വസ്തുത നിലനില്‍ക്കെ ഭരണകേന്ദ്രങ്ങള്‍ അതിന്റെ രക്ഷാധികാരി മാത്രമായിരുന്നുവെന്ന നിഗമനത്തില്‍ തെങ്കാടി എത്തിയത് എങ്ങിനെയെന്നതും അവ്യക്തമാണ്.

ഭരണകേന്ദ്രങ്ങള്‍ കേവലം രക്ഷാധികാരിയാണ് എന്ന തെങ്കാടിയുടെ ആശയത്തിന്റെ അടിസ്ഥാനത്തില്‍ മെയ് 16ന് കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍മ്മല സീതാരാമന്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനത്തിന് അനുമതി നല്‍കികൊണ്ടുള്ള പ്രഖ്യാപനം നടത്തി. നിയന്ത്രണങ്ങളൊന്നും കൂടാതെ സ്വകാര്യ ഖനനക്കാര്‍ക്ക് കല്‍ക്കരി, ധാതുക്കള്‍ തുടങ്ങിയവ പരിധികളില്ലാതെ ഖനനം ചെയ്യാനും സംഭരിച്ച് വെക്കാനും വില നിശ്ചയിക്കാനുമുള്ള അധികാരം നല്‍കുന്നതാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനം.

ആത്മനിര്‍ഭര്‍ ഭാരതിന്റെ നാലാം ഘട്ടത്തില്‍ 50 കല്‍ക്കരി ബ്ലോക്കുകള്‍ ഖനനത്തിനായി വിട്ടുനല്‍കുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. ജൂണ്‍ 18ന് മോദി ഇതിന് തുടക്കം കുറിക്കുകയും ചെയ്തു. 41 ബ്ലോക്കുകള്‍ ഓഫറിലുണ്ടെന്ന് പറഞ്ഞ മോദി ‘കല്‍ക്കരി ഖനനത്തിന് കൊമേഴ്‌സ്യല്‍ ലേലം നടത്തുക മാത്രമല്ല ഞങ്ങള്‍ ചെയ്യുന്നത് ദശാബ്ദങ്ങളായുള്ള ലോക്ക്ഡൗണില്‍ നിന്ന് കല്‍ക്കരി മേഖലയെ രക്ഷിക്കുക കൂടിയാണ്’ എന്ന് പറഞ്ഞു. ഖനന മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാവൂ എന്ന നേരത്തെയുണ്ടായിരുന്ന നിയമത്തിലും നരേന്ദ്ര മോദി ഇളവ് വരുത്തി. ജൂണ്‍ 18ന് നടന്ന ലേലത്തില്‍ കൃത്യമായ തുക നല്‍കാന്‍ സാധിക്കുന്ന ആര്‍ക്കും പങ്കെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കല്‍ക്കരി മേഖലയിലെ സര്‍ക്കാര്‍ കുത്തക ഇല്ലാതാക്കുന്ന തീരുമാനത്തെ സ്വകാര്യ മേഖല വാഴ്ത്തിപ്പാടി, ഇതോട് കൂടി രാജ്യത്തിന്റെ വിശാലമായ പ്രകൃതി സമ്പത്ത് ഖനനം ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാരിന്റെ എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാവുകയായിരുന്നു.

2020 ജനുവരിയില്‍ വന്ന സാമ്പത്തിക വ്യവഹാരങ്ങളെക്കുറിച്ചുള്ള ക്യാബിനറ്റ് പാനല്‍ ഓര്‍ഡിനന്‍സ് ഉപയോഗിച്ച് മൈന്‍സ് ആന്‍ഡ് മിനറല്‍(ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷനന്‍) ആക്ട് 1957ലും കോള്‍ മൈന്‍സ്(സ്‌പെഷല്‍ പ്രൊവിഷന്‍)ആക്ട് 2015ലും ഭേദഗതി വരുത്തി. പാര്‍ലമെന്റിന്റെ അനുവാദം ഇല്ലാതെ ക്യാബിനറ്റ് കൊണ്ടുവരുന്ന നിയമങ്ങള്‍ക്കാണ് ഓര്‍ഡിനന്‍സ് എന്ന് പറയുക, ആറുമാസമാണ് ഇവയുടെ പ്രാബല്യം. ഈ ഭേദഗതി വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനത്തെ സഹായിച്ചു.

കാര്‍ഷിക വിപണിയുടെ നിയന്ത്രണാധികാരത്തില്‍ മേല്‍നോട്ടം ഇല്ലാതാക്കിയതാണ് സര്‍ക്കാരിന്റെ നിയന്ത്രണം എടുത്ത് കളയുന്ന രണ്ടാമത്തെ സുപ്രധാന സാമ്പത്തിക തീരുമാനം. ആത്മനിര്‍ഭര്‍ ഭാരതിന്റെ മൂന്നാം ഘട്ട പ്രഖ്യാപനത്തിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുന്നത്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിപണികളില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കണമെന്ന നിയമമാണ് സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.അഖിലേന്ത്യാ കിസാന്‍ സഭ പോലുള്ള ഇടതുപക്ഷ കര്‍ഷക യൂണിയനുകള്‍ ഈ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വില നിശ്ചയിക്കുന്നതിലും നിയന്ത്രണത്തിലുമുള്ള സര്‍ക്കാര്‍ അധികാരം നഷ്ടമാകുന്നതോടുകൂടി അഗ്രി ബിസിനസ് കോര്‍പ്പറേഷനുകളുടെ കാരുണ്യത്തില്‍ മാത്രം തങ്ങള്‍ക്ക് ആശ്രയിക്കേണ്ടിവരുമെന്നും കര്‍ഷകര്‍ ദ വയറിനോട് പ്രതികരിച്ചിരുന്നു.

ഭരണകേന്ദ്രത്തെ ഒരു രക്ഷാധികാരിയെന്ന റോളിലേക്ക് ചുരുക്കുന്നതിനു പുറമെ തെങ്കാടി നിര്‍ദേശിച്ചതും ആര്‍.എസ്.എസ് സജീവമായി വാദിച്ചതുമായ ‘വ്യാവസായിക ഘടന’ പാര്‍ലമെന്റിനെ ഒരു കോര്‍ഡിനേറ്റര്‍ മാത്രമായാണ് കണക്കാക്കുന്നത്. തെങ്കാടിയുടെ മോഡല്‍ പ്രകാരം സാധാരണക്കാര്‍ ധനസഹായം നല്‍കിയും ഉപഭോക്താക്കള്‍ ഉപയോഗിച്ചും പാര്‍ലമെന്റ് ഏകോപിപ്പിച്ചും ഭരണാധികാരികള്‍ സഹായിച്ചും മുന്നോട്ട് പോകേണ്ട വ്യാവസായിക ഘടനകളെ ആത്യന്തികമായി നിയന്ത്രിക്കുന്നത് ധര്‍മ്മമാണ്.

ഈ പരിഷ്‌കരണങ്ങളുടെ ഉദ്ദേശ്യലക്ഷ്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍, ജൂണ്‍ 2ന് മോദി സി.ഐ.ഐയെ അഭിസംബോധന ചെയ്ത് സംസാരിച്ചത് കേട്ടു നോക്കിയാല്‍ മതി. അതില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം പരിഷ്‌കരണമെന്നത് തീരുമാനങ്ങളെടുക്കാനും അവയെ യുക്തിസഹമായ നിഗമനങ്ങളിലേക്ക് കൊണ്ടുപോകാനുമുള്ള ധൈര്യമാണ്. അത് ഐ.ബി.സി (inoslvency and bankruptcy code)യായാലും ജി.എസ്.ടിയായാലും ആദായ നികുതിയുമായി ബന്ധപ്പെട്ട കാര്യമായാലും, ഞങ്ങള്‍ എല്ലായ്‌പ്പോഴും ഈ സംവിധാനങ്ങളിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ കുറയ്ക്കാന്‍ പരിശ്രമിച്ചിരുന്നു’.

തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ പറയുന്നു ”ഞാന്‍ ചെങ്കോട്ടയില്‍ നിന്ന് സംസാരിക്കുമ്പോള്‍ ജനങ്ങളോട് പറഞ്ഞു, നമ്മള്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ജനങ്ങളുടെ ജീവിതത്തില്‍ നിന്ന് പരമാവധി കുറയ്ക്കണം.’ ഈ പ്രതിജ്ഞാബദ്ധത എങ്ങനെ പിന്തുടര്‍ന്നുവെന്ന് വ്യക്തമാക്കുന്നതിന് കല്‍ക്കരിയുടെയും ധാതുക്കളുടെയും വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനം അനുവദിച്ചതും കാര്‍ഷിക വിപണിയിലെ നിയന്ത്രണം എടുത്ത് മാറ്റിയതുമാണ് അദ്ദേഹം ഉദാഹരണമായി നിരത്തിയത്. ഇതിന് പുറമെ ജൂണ്‍ 24ന് ചേര്‍ന്ന മോദിയുടെ ക്യാബിനറ്റ് തന്ത്രപ്രധാന മേഖലകളായ ബഹിരാകാശം, ആണവോര്‍ജം എന്നിവിടങ്ങളില്‍ സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശനവും അനുവദിച്ചു.

സ്വാശ്രയത്വത്തിലൂന്നിയ സാമൂഹിക സാമ്പത്തിക വ്യവസ്ഥയിലെ മറ്റൊരു സുപ്രധാന തീരുമാനം ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരികെയെത്തിയ തൊഴിലാളികളുടെ ”സ്‌കില്‍ മാപ്പിങ്ങ്” ആയിരുന്നു. ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ച ഈ തീരുമാനം വിവിധ സംസ്ഥാന സര്‍ക്കാരുകളോട് സഹകരിച്ച് മിനിസ്ട്രി ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഓണ്‍ട്രപ്രണര്‍ഷിപ്പാണ് നടത്തുന്നത്.
തിരികെയത്തിയ തൊഴിലാളികളുടെ നൈപുണ്യം പരിശോധിച്ച് അവര്‍ക്ക് അതിനനുസൃതമായ സര്‍ട്ടിഫിക്കേഷന്‍ നല്‍കി തങ്ങളുടെ വീടിനോട് ചേര്‍ന്ന് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനാണിത്.

ആത്മനിര്‍ഭര്‍ ഉത്തര്‍പ്രദേശ് രോജ്ഗാര്‍ യോജന എന്ന പേരില്‍ ഉത്തര്‍പ്രദേശാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം തുടക്കം കുറിച്ചത്. പ്രാദേശിക വ്യവസായങ്ങളിലേക്ക് തൊഴിലാളികളെ ഉള്‍ച്ചേര്‍ക്കുന്നതിന് പുറമെ തൊഴില്‍ നൈപുണ്യത്തിന്റെയും തൊഴില്‍ മേഖലയുടെയും അടിസ്ഥാനത്തില്‍ ലോണ്‍ സൗകര്യവും യു.പി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. തങ്ങളുടെ തന്നെ തൊഴില്‍പദ്ധതിയ്ക്കായി സ്‌കില്‍ മാപ്പിങ്ങിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കാനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട് ‘വിശ്വകര്‍മ്മ ശ്രാം സമ്മാന്‍ യോജന’എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്(വി.എസ്.എസ്.വൈ). പരമ്പരാഗത തൊഴിലുകളെ വി.എസ്.എസ്.വൈ സാമ്പത്തികമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ സ്‌കീമിന് യോഗ്യത നേടുന്നതിന് ഒരു തൊഴിലാളിക്ക് പരമ്പരാഗത തൊഴിലായ ക്ഷൗരം, തയ്യല്‍, മരപ്പണി, ചെരിപ്പുകുത്തല്‍, മധുരപലഹാരങ്ങള്‍ ഉണ്ടാക്കല്‍, കള്ളുചെത്ത്, കൊല്ലപ്പണി, ആശാരിപ്പണി, നെയ്ത്ത് തുടങ്ങിയവയില്‍ പ്രാമുഖ്യമുണ്ടാകണം.

ഇന്ത്യയില്‍ പല പരമ്പരാഗത തൊഴിലുകളും ജാതി അധിഷ്ഠിതമാണ്. ഉദാഹരണത്തിന് ചെരിപ്പുകുത്തലും തോട്ടിപ്പണിയും ചെയ്യുന്നവര്‍ ദളിതരായിരിക്കും. കൊല്ലപ്പണി ശൂദ്രരാണ് പ്രധാനമായും ചെയ്യുന്നത്.

യോഗി ആദിത്യനാഥ് എന്ന് പൊതുവെ അറിയപ്പെടുന്ന യു.പി മുഖ്യമന്ത്രി അജയ് സിംഗ് ബിഷ്ടുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലൂടെ ജൂണ്‍ 26നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ആത്മനിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോജ്ഗാര്‍ യോജന’ ഉദ്ഘാടനം ചെയ്തത്. വീഡിയോ കോളിനിടെ വിശ്വകര്‍മ്മ സ്‌കീമിനുള്ള വിവരങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ബിഷ്ട് ഇങ്ങനെ പറഞ്ഞു ”ഇന്ന് പ്രധാനമന്ത്രിയുടെ ആഭിമുഖ്യത്തില്‍ ഉത്തര്‍പ്രദേശ് വി.എസ്.എസ്.വൈക്ക് കീഴിലുള്ള 5000ത്തിലധികം പരമ്പരാഗത വ്യാപാരികള്‍ക്ക് ടൂള്‍ കിറ്റുകള്‍ വിതരണം ചെയ്യും”.

5000 പരമ്പരാഗത കച്ചവടക്കാരില്‍ 1650 പേര്‍ തുന്നല്‍ക്കാരും 1088 പേര്‍ കൊല്ലപ്പണിക്കാരും മറ്റുള്ളവര്‍ നെയ്ത്ത്, മണ്‍പാത്ര നിര്‍മ്മാണം, ചെരുപ്പ് കുത്തല്‍ തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുന്നവരുമാണ്. ഈ കോണ്‍ഫറന്‍സിനിടെ ബിഷ്ടിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ‘കേന്ദ്രസര്‍ക്കാരിന്റ തൊഴില്‍ പദ്ധതി യു.പി സര്‍ക്കാര്‍ ഗുണകരമായ രീതിയില്‍ നടപ്പിലാക്കി” എന്നാണ്.  കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ കൂടുതല്‍ സ്‌കീമുകള്‍ ഉള്‍പ്പെടുത്തുന്നതിന് പുറമെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഗുണഭോക്താക്കളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. പദ്ധതിയെ ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെടുത്തുകയാണ് ചെയ്തത് എന്നും മോദി കൂട്ടിച്ചേര്‍ത്തിരുന്നു.

തെങ്കാടി തേര്‍ഡ് വേയില്‍ പറഞ്ഞ ഒരു സിദ്ധാന്തം തന്നെയാണ് ഈ പദ്ധതിയിലൂടെ കേന്ദ്രം നടപ്പാക്കിയത്. ”ഉത്പാദനം ആശയവിനിമയം മുതലായവയില്‍ മാറ്റങ്ങള്‍ വന്നതോടെ 3000ത്തിലധികം പരമ്പരാഗത തൊഴിലുകള്‍ കാലാഹരണപ്പെട്ടതും ലാഭമില്ലാത്തതുമായി തീര്‍ന്നു, ഇതിന് പകരം പുതിയ തൊഴിലുകള്‍ വരികയും ചെയ്തു. ഇത് പരമ്പരാഗത ജാതി വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണമായി.’ ജാതിവ്യവസ്ഥയെ പുനഃസ്ഥാപിക്കുന്നതിനായി തൊഴില്‍ തിരിച്ചുള്ള സംഘടനകള്‍ രൂപീകരിക്കുന്നതിനുള്ള ഈ നിര്‍ദേശം ആദ്യം മുന്നോട്ട് വെച്ചത് തെങ്കാടിയാണ്.

ഉത്തര്‍പ്രദേശിലെ പദ്ധതി ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ അടിത്തറയായ ഋഗ് വേദയില്‍ പരാമര്‍ശിച്ചിരിക്കുന്ന ശ്രേണിപരമായ സാമൂഹിക വ്യവസ്ഥയായ വര്‍ണാശ്രമത്തെ ശക്തിപ്പെടുത്തുന്നു എന്ന് പറയുന്നത് തെറ്റാകില്ല. വര്‍ണാശ്രമത്തില്‍ ജനനത്തെ അടിസ്ഥാനമാക്കി മനുഷ്യരെ നാലായി വിഭജിക്കുന്നു. ഈ ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്നത് ബ്രാഹ്മണരും താഴ്ന്നത് ശൂദ്രരുമാണ്. അതേസമയം ദളിതരെ ഈ ഘടനയ്ക്ക് പുറത്ത് നിര്‍ത്തുകയും അവര്‍ക്ക് അവര്‍ണ്ണ അല്ലെങ്കില്‍ വര്‍ണേതര പദവി നല്‍കുകയും ചെയ്യുന്നു. തെങ്കാടി തന്റെ പുസ്തകത്തില്‍ ഇങ്ങനെ കൂടി പറയുന്നുണ്ട്.

‘തൊഴില്‍ അല്ലെങ്കില്‍ ട്രെയ്ഡ് ഗ്രൂപ്പുകളുടെ ഏകീകരണവും സംഘാടനവും നടക്കേണ്ടതുണ്ട്. ഇതിലുപരി തെരഞ്ഞെടുപ്പ് ബോഡികള്‍ ഇവര്‍ക്ക് കൃത്യമായ പ്രാതിനിധ്യം നല്‍കണം… ബഹൂഭൂരിപക്ഷ വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകര്‍, സ്വയംതൊഴില്‍ സംരംഭകര്‍, കരകൗശലത്തൊഴിലാളികള്‍,  തുടങ്ങിയവര്‍ ഇപ്പോഴും അസംഘടിതരാണ്. തൊഴില്‍ക്രമം അനുസരിച്ച് ഇവരെ സംഘടിപ്പിക്കേണ്ടത് ത്വരിതപ്പെടുത്തണം.

ആര്‍.എസ്.എസിന്റെ സര്‍സംഘ്ചാലകായ എം.എസ് ഗോള്‍വാക്കറിനാണ് തെങ്കാടി ഈ ആശയത്തിന്റെ ക്രെഡിറ്റ് നല്‍കിയിരിക്കുന്നത്. തന്നെപ്പോലെ തന്നെ ബ്രാഹ്മിണനായ ഗോള്‍വാക്കര്‍ക്കാണ് തേഡ് വേ എന്ന പുസ്തകം തെങ്കാടി സമര്‍പ്പിച്ചതും.

സാമൂഹിക-സാമ്പത്തിക ക്രമത്തെക്കുറിച്ചുള്ള ആര്‍.എസ്.എസ്സ് പ്രത്യയശാസ്ത്രം നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് മഹാമാരി സര്‍ക്കാരിന് അവസരം നല്‍കുകയായിരുന്നു. എന്നാല്‍ മോദി നേരത്തെ തന്നെ തന്റെ നയങ്ങളില്‍ ഈ ആശയം സ്വാംശീകരിച്ചതായി കാണാം. 2019 നവംബറില്‍ സര്‍ക്കാര്‍ ലേബര്‍ കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ബില്‍2019 അവതരിപ്പിച്ചു. വ്യവസായങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിമൂലം തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള (ലേ-ഓഫ)് പരിധി സര്‍ക്കാര്‍ അനുമതി തേടാതെ തന്നെ 100ല്‍ നിന്ന് 300 ആക്കാനുള്ള അധികാരം സംസ്ഥാനത്തിന് ഉണ്ടെന്ന് ഈ ബില്‍ നിര്‍ദേശിച്ചു.

മറ്റ് നിരവധി തൊഴിലാളി വിരുദ്ധ നയങ്ങളും ബില്ലില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് 45 ദിവസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കുക എന്നത് 15 ദിവസമായി വെട്ടിച്ചുരുക്കി. ചര്‍ച്ചകള്‍ക്ക് അനുമതി തേടുന്നതിന് യൂണിയനുകള്‍ക്ക് ഇപ്പോള്‍  അവരുടെ 75 ശതമാനം അംഗങ്ങളുടെ പിന്തുണ കാണിക്കേണ്ടതുണ്ട്. നേരത്തെ ഇത് 66 ശതമാനമായിരുന്നു. പണിമുടക്ക് പ്രഖ്യാപിക്കുന്നതിന് 14 ദിവസം മുന്‍പ് അറിയിപ്പ് നല്‍കിയിരിക്കണം. തൊഴിലുടമകളുമായി താരത്യമപ്പെടുത്തുമ്പോള്‍ ഈ ബില്‍ തൊഴിലാളികളുടെ അവകാശങ്ങളെ ഗണ്യമായി വെട്ടിക്കുറിച്ചു.

തൊഴില്‍ ഉടമയും തൊഴിലാളികളും തമ്മില്‍ ഇടപെടലിനോ ചര്‍ച്ചക്കോ സാധ്യതയില്ലാത്ത ഈ ആശയം തെങ്കാടി തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അര്‍ത്ഥശാസ്ത്രത്തെ ഉദ്ധരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ നിര്‍ബന്ധിത ചട്ടക്കൂടുകളില്ലാതെ തൊഴിലുടമകള്‍ക്കും  ജീവനക്കാര്‍ക്കുമിടയില്‍ പരസ്പരം പരാതികള്‍ പരിഹരിക്കാന്‍ അനുവദിക്കുന്ന ഉട്ടോപ്പിയന്‍ സംസ്‌കാരത്തെക്കുറിച്ച് അദ്ദേഹം വിശദമാക്കുന്നത്.

സ്വകാര്യ കോര്‍പ്പറേഷനുകളെ അര്‍ത്ഥശാസ്ത്രയില്‍ ഗില്‍ഡുകള്‍ എന്നാണ് വിളിക്കുന്നത്. തെങ്കാടി ഇതുമായി ബന്ധപ്പെട്ട് എഴുതിയത് ഇങ്ങിനെ ”ഗില്‍ഡുകള്‍ക്ക് സ്വയംഭരണ സ്വഭാവമായിരുന്നു. ഗില്‍ഡിലെ അംഗങ്ങള്‍ തന്നെയായിരുന്നു എല്ലാ ആഭ്യന്തര തര്‍ക്കങ്ങളും സ്വന്തം ഭരണഘടന അനുസരിച്ച് പരിഹരിച്ചിരുന്നത്. ഗില്‍ഡിന് പുറത്തുള്ള ഒരു വ്യക്തിക്കും ഈ ജോലി ചെയ്യാനുള്ള അധികാരമോ യോഗ്യതയോ ഇല്ലായിരുന്നു. ഗില്‍ഡിലെ പ്രസിഡന്റും അംഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകുന്ന സന്ദര്‍ഭങ്ങളിലൊഴിച്ചാല്‍ ഗില്‍ഡുകളുടെ ആഭ്യന്തര വിഷയങ്ങളില്‍  ഭരണകേന്ദ്രത്തിന് ഇടപെടാന്‍ കഴിയില്ല.’ തെങ്കാടിയുടെ കാഴ്ച്ചപ്പാടിനനുസരിച്ച് ഉടമകള്‍ക്കിടയില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ മാത്രമേ ഭരണകേന്ദ്രങ്ങള്‍ ഇടപെടേണ്ടതുള്ളൂ. തൊഴിലാളികള്‍ക്ക് മൂന്നാം കക്ഷിയുടെ സഹായം ആവശ്യമില്ല.

തെങ്കാടിയുടെ കാഴ്ച്ചപ്പാടില്‍ ധര്‍മ്മ പ്രകാരമുള്ള സാമൂഹിക സാമ്പത്തിക വ്യവസ്ഥയില്‍ ബിസിനസുകളുടെ ഉടമസ്ഥത ബ്രാഹ്മണര്‍ക്കും വൈശ്യര്‍ക്കും മാത്രം പരിമിതപ്പെട്ടതാണ്. ‘ഈ വിഭാഗങ്ങള്‍ക്ക് ഒരു സ്വതന്ത്ര പ്രശ്നപരിഹാര സംവിധാനം ഉണ്ടായിരിക്കണം. അതേസമയം പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെടാന്‍ ബാധ്യസ്ഥരായ ശൂദ്രര്‍ ധര്‍മ്മം നിര്‍ദേശിക്കുന്നത് പോലെ തങ്ങളുടെ ഉടമകളെ ശ്രദ്ധിക്കണം” എന്നും തെങ്കാടിയയുടെ ഹിന്ദു സാമ്പത്തികശാസ്ത്രത്തില്‍ സമൂഹം ഒരു ശരീരമാണെന്നും വ്യക്തികള്‍ അതിലെ അവയവങ്ങളാണെന്നും പറയുന്നു.
ജാതിവ്യവസ്ഥയെ വിശുദ്ധീകരിക്കുന്ന ഋഗ്വേദത്തിലെ സ്തുതിഗീതമായ പുരുഷോക്തയില്‍ ഈ നിര്‍വചനത്തിന്റെ വേരുകള്‍ കാണാം.

ആര്‍.എസ്.എസ്സ് ആശയങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ പുതിയ സാമൂഹിക സാമ്പത്തിക ക്രമത്തിലേക്ക് പരസ്യമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഏപ്രില്‍ 26ന് നടത്തിയ പ്രസംഗത്തിലൂടെ ‘നവീനമായ ഒരു വികസന മാതൃക’യ്ക്കുള്ള  ആവശ്യം ആദ്യം ഉയര്‍ത്തിയത് മോഹന്‍ ഭാഗവതാണ്. ആധുനിക ശാസ്ത്രത്തിന്റെയും നമ്മുടെ പാരമ്പര്യങ്ങളുടെയും സംയോജനമായിരിക്കും പുതിയ മാതൃകയെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേറ്റിന് മാത്രമായി ഈ  മാതൃക നടപ്പിലാക്കാന്‍ കഴിയില്ലെന്നും ഇതിന് പൗരന്മാരുടെ പിന്തുണ ആവശ്യമാണെന്നും മോഹന്‍ ഭാഗവത് പറയുന്നു. ഈ വികസന മാതൃക സ്വാശ്രയത്തിന് രൂപം നല്‍കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഈ പുതിയ വികസന മാതൃക ഒരു സാമ്പത്തിക മാതൃകയില്‍ മാത്രം പരിമിതപ്പെടാത്തതുകൊണ്ട്, പൗരന്മാര്‍ തങ്ങളുടെ സ്വഭാവം മാറ്റണമെന്ന് ആദ്യം പറഞ്ഞതും മോഹന്‍ ഭാഗവതാണ്. ആളുകളോട് ‘സ്വയം’ അടിസ്ഥാനമാക്കിയുള്ള ‘സ്വധാരി തന്ത്രം’ പിന്തുടരാനും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.

സമൂഹത്തെക്കുറിച്ചുള്ള തെങ്കാടിയുടെ സങ്കല്‍പത്തില്‍ നിന്ന് സ്വധാരി തന്ത്രത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സാധിക്കും. ഒരു വ്യക്തി എങ്ങിനെ സമൂഹത്തില്‍ പെരുമാറണമെന്ന് വ്യക്തമാക്കുന്നതാണിത്.

തെങ്കാടി വിവരിക്കുന്ന സ്വധര്‍മ്മ എന്ന ആശയത്തില്‍ ഓരോ വ്യക്തിയും തങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹത്തിനായി നിര്‍ദേശിച്ചിട്ടുള്ള സാമൂഹിക ചട്ടക്കൂടുകള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. സ്വധര്‍മ്മ സങ്കല്‍പം എല്ലാ സമുദായത്തിന്റെയും ആരോഗ്യപരമായ തുടര്‍ച്ചയ്ക്ക് അനിവാര്യമാണ് എന്നാണ് തെങ്കാടി പറയുന്നത്. ഇതും ജാതിവ്യവസ്ഥ എന്ന ആശയത്തെ പുനഃസ്ഥാപിക്കാനുള്ളതാണ്.

തെങ്കാടി ഇങ്ങിനെ എഴുതുന്നു ‘പുരാതന ഇന്ത്യന്‍ ആശയങ്ങളനുസരിച്ച് ഓരോ വ്യക്തിയും തന്റെ സ്വധര്‍മ്മത്തെ വിശ്വസ്തതയോടെ പിന്തുടരുമ്പോഴാണ് പ്രപഞ്ചത്തിലെ മനുഷ്യ ജീവിതത്തിന്റെ ശരിയായ ക്രമം തുടര്‍ന്നു പോരുന്നത്… കുടുംബം, ഗോത്രം, ജാതി, വര്‍ഗം,സമൂഹം, മതം, തൊഴില്‍പരമോ മറ്റ് അടിസ്ഥാനത്തിലോ ഉളള വിഭാഗങ്ങള്‍, രാജ്യം,ജനങ്ങള്‍ ഇവയെല്ലാം തങ്ങളുടേതായ ധര്‍മ്മത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന സ്വാഭാവിക സംഘടിത രൂപങ്ങളാണ്. നിലനില്‍പ്പിനും ആരോഗ്യപരമായ തുടര്‍ച്ചയ്ക്കും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് പിന്തുടരുക എന്നത് അനിവാര്യമാണ്.

ഇന്ത്യന്‍ രാഷ്ട്രീയമെന്നത് സമുദായ സ്വാതന്ത്ര്യത്തിന്റെയും സ്വയം നിര്‍ണ്ണയത്തിന്റെയും ഒരു സങ്കീര്‍ണ സംവിധാനമാണെന്നും തെങ്കാടി എഴുതി. ഇതില്‍ ഓരോ ഗ്രൂപ്പിനും അതിന്റേതായ അതിര്‍വരമ്പുകളില്‍ നിന്നുകൊണ്ടുള്ള ഒരു സ്വാഭാവിക അസ്തിത്വമുണ്ട്. ഇതു പ്രകാരമാണ് അവര്‍ ജീവിതത്തിലും വ്യവഹാരങ്ങളിലും ഏര്‍പ്പെടുന്നത്. തന്മൂലം ആര്‍.എസ്.എസ്സും മോദിയും ഉയര്‍ത്തിപ്പിടുക്കുന്ന ‘സ്വാശ്രയത്വം’ എന്ന ആശയത്തിലും യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത് ജനനത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ വിവിധ തട്ടുകളായി തിരിക്കുന്ന വ്യവസ്ഥിതിയെ ആളുകള്‍ സ്വയം അംഗീകരിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുന്ന ഒരു സാമൂഹിക ക്രമമാണ്്.

തെങ്കാടിയുടെ അതായത് ആര്‍.എസ്.എസ്സിന്റെ ഈ തത്വചിന്ത ധര്‍മ്മത്തെ ലോകത്തിലെ പ്രധാന ശക്തിയായി അവതരിപ്പിക്കുന്നു.  ”പ്രായോഗികമായി ധര്‍മ്മത്തില്‍ ശാശ്വതമായി സാര്‍വത്രിക നിയമങ്ങളും മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക- സാമ്പത്തിക ക്രമവും ഉള്‍ക്കൊള്ളുന്നു” എന്നാണ് തെങ്കാടി നിര്‍വചിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഏത് കാര്യവും തീരുമാനിക്കുന്നതിനുള്ള ആത്യന്തിക റഫറന്‍സ് പോയിന്റാണ് ധര്‍മ്മ. ഉദാഹരണത്തിന് സ്ത്രീ പുരുഷ ബന്ധത്തിലെ ധാര്‍മ്മികത പാലിക്കുന്നത് സാര്‍വത്രിക നിയമമാണ്. എന്നാല്‍  ഈ ധാര്‍മ്മികത സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സ്ഥാപനപരമായ ക്രമീകരണങ്ങള്‍ സാര്‍വത്രികമോ ശാശ്വതമോ അല്ല.

പുരാതന ജ്ഞാനത്തില്‍ നിന്നും രൂപപ്പെട്ടുവന്നെ സ്മൃതികളെ സാര്‍വത്രിക നിയമമായ ധര്‍മയുടെ ക്രോഡീകരിച്ച രൂപമായാണ് തന്റെ പുസ്തകത്തില്‍ തെങ്കാടി വിശേഷിപ്പിക്കുന്നത്. എന്നാല്‍ ‘പുരാതന ഇന്ത്യയിലെ  വിപ്ലവം, പ്രതിവിപ്ലവം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ ഡോ. ബി.ആര്‍.അംബേദ്കര്‍ ഇതിനെ തള്ളികളയുന്നുണ്ട്. സ്മൃതികളെ ‘ബ്രാഹ്മിണിക്കല്‍ സാഹിത്യം’ എന്നാണ് അംബേദ്കര്‍ വിശേഷിപ്പിച്ചത്. ബി.സി 185ന് ശേഷമാണ് ഇത് രചിക്കപ്പെട്ടതെന്നും അംബേദ്കര്‍ പറയുന്നു. സ്മൃതികള്‍ വളരെ പുരാതന കാലത്ത് രചിക്കപ്പെട്ടതാണെന്ന ഹിന്ദു വിശ്വാസത്തെയും അംബേദ്കര്‍ നിരസിക്കുന്നുണ്ട്.

ഭരണകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ധര്‍മ്മത്തെ ഏക മാര്‍ഗ്ഗ നിര്‍ദേശതത്വമായി സംരക്ഷിക്കുന്നതിനായി, വേദഋഷികള്‍ 13 വ്യത്യസ്ത ഭരണകൂടങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തിയെന്ന് തെങ്കാടി എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മുഹമ്മദീയരുടെ കടന്നുകയറ്റത്തിനു മുന്‍പ് നിലനിന്നിരുന്ന ഇന്ത്യന്‍ രാജവാഴ്ച്ച നീതീപൂര്‍വ്വമായ ഭരണരീതിയായിരുന്നു. അതില്‍ രാജാവ് അതുല്യമായ അധികാരത്തോടുകൂടി ധര്‍മ്മയുടെ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു എന്നും തെങ്കാടി പറയുന്നു.

തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ എഴുതുന്നു ‘ഒരു രാജാവിനേക്കാള്‍ വലിയ പരമാധികാരി ധര്‍മ്മമാണ്. മതപരവും ധാര്‍മ്മികവും സാമൂഹികവും രാഷ്ട്രീയവും നിയമപരവും ആചാരപരവുമായ നിയമം ജനങ്ങളുടെ ജീവിതത്തെ ജൈവികമായി നിയന്ത്രിക്കുന്നു.’ സമാനമായി ആര്‍.എസ്.എസിന്റെ സാമൂഹിക സാമ്പത്തിക ക്രമത്തില്‍ സംസ്ഥാനവും സര്‍ക്കാരുകളും ധര്‍മ്മത്തിന് വിധേയമാണ്.

അത്തരത്തിലുള്ള ഭരണക്രമമാണ് ഉദാത്തമെന്നും തെങ്കാടി വാദിച്ചു. എന്തെന്നാല്‍ ജാതി പോലുള്ള സാമൂഹിക വ്യവസ്ഥകളെ പുരാതന ഇന്ത്യയുടെ രാഷ്ട്രീയ വ്യവസ്ഥയില്‍ പ്രകൃതിദത്തവും ജൈവികവുമായ വികസനമായാണ് കണ്ടുവരുന്നത്.

ജാതി, മതം, സമുദായം, തുടങ്ങി ഒരു പ്രദേശത്തിന്റേയോ പ്രവിശ്യയുടേയോ ജൈവ സമ്പ്രദായത്തിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ അതിക്രമിക്കുകയോ ചെയ്യുന്നതും അവരുടെ അവകാശങ്ങള്‍ റദ്ദ് ചെയ്യുന്നതും ഭരണകേന്ദ്രങ്ങളുടെ പരിധികളില്‍പ്പെടുന്നതല്ല. സാമൂഹ്യ ധര്‍മ്മത്തിന്റെ ശരിയായ നടത്തിപ്പിന് അവ ആവശ്യമുള്ളതിനാല്‍ ഇവ തുടരണമെന്നും തെങ്കാടി എഴുതി.

ചിത്രങ്ങളും വീഡിയോകളുമടങ്ങിയ മോദിയുടെ പ്രസംഗങ്ങള്‍ ഭരണകേന്ദ്രങ്ങളുടെ ഭരണരീതികളെക്കുറിച്ചുള്ള ആശയം തന്നെയാണ് പറയുന്നത്. ജൈന ഗുരുവായ ആചാര്യ മഹാപ്രഗ്യയുടെ നൂറാം ജന്മവാര്‍ഷികത്തില്‍ മോദി അദ്ദേഹത്തെ അനുസ്മരിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും സര്‍ക്കാര്‍ പിന്തുണയുള്ള വിവിധ ടെലിവിഷന്‍ ചാനലുകളിലും ടെലികാസ്റ്റ് ചെയ്തിരുന്നു. ‘ഞാനൊരു ഭാഗ്യവാനാണ്. കാരണം, ഞാന്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ആചാര്യ ജി ഗുജറാത്തില്‍ വന്നിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ അഹിംസ യാത്രയില്‍ പങ്കെടുക്കാനും മാനവരാശിയെ സേവിക്കാനുമുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു’.  പ്രസംഗത്തിനിടയില്‍ ഈ മതഗുരുവിന്റെ കാലില്‍ മോദി തൊട്ടുവണങ്ങുന്ന ചിത്രം സ്പ്ലിറ്റ് സ്‌ക്രീനായി കാണിക്കുന്നുണ്ടായിരുന്നു. മറ്റൊരു ഫ്രെയിമില്‍ മോദി ഗുരുവിന്റെ മുന്‍പില്‍ കൈകൂപ്പി നില്‍ക്കുന്ന ചിത്രമാണ് കാണിച്ചത്.

‘അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു, എനിക്ക് അങ്ങയുടെ വിശ്വാസം എന്റേത് കൂടിയാക്കണം എന്ന്. ആചാര്യ മഹാപ്രഗ്യയോടുള്ള എന്റെ സ്നേഹം അദ്ദേഹത്തിന്റെ വിശ്വാസം എന്റേത് കൂടിയാണെന്ന് എനിക്ക് അനുഭവപ്പെടുത്തി. ഞാന്‍ എന്നെ തന്നെ ആചാര്യയ്ക്ക് സമര്‍പ്പിച്ചു’

ഒരു മതഗുരുവിനോടുള്ള പ്രധാനമന്ത്രിയുടെ സേവാഭാവവും അടുപ്പവും, ഒരു രാഷ്ട്രത്തലവന്‍ പോലും മതഗുരുവിന് താഴെയാണെന്നും മോദി ഗുരുവിന്റെ അനുഗ്രഹം സ്വീകരിച്ചയാളെന്നും ചിത്രീകരിക്കുന്ന തരത്തിലായിരുന്നു. ഗുരുവിനെ അനുസ്മരിച്ചുകൊണ്ടുള്ള തന്റെ പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത് ‘നമ്മുടെ ഋഷികളും വിശുദ്ധരും പുരോഹിതരും മുന്നോട്ട് വെച്ച  ഉത്തമ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും മാതൃക നിറവേറ്റാനുള്ള നിശ്ചയദാര്‍ഡ്യം നമ്മുടെ  രാജ്യം ഉടന്‍ നിറവേറ്റുമെന്ന ബോധ്യം എനിക്കുണ്ട്” എന്ന് പറഞ്ഞാണ്.

ആര്‍.എസ്.എസ് പിന്തുണയ്ക്കുന്ന തെങ്കാടിയുടെ സിദ്ധാന്തങ്ങള്‍ തന്നെയാണ് മോദി സര്‍ക്കാരിന്റെ ബ്ലു പ്രിന്റെന്ന് ദക്ഷിണ ബംഗാളിന്റെ ചുമതലയുള്ള ബിപ്ലവ് റോയ് ഉള്‍പ്പെടെയുള്ള ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കള്‍ എന്നോട് പറഞ്ഞിരുന്നു.

വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള നൈപുണ്യ പരിശീലന പദ്ധതിയായി സ്‌കില്‍ ഇന്ത്യ(പ്രധാനമന്ത്രി കൗശല്‍ യോജന), ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ മുദ്ര യോജന എന്നിവ തെങ്കാടിയുടെ തത്വചിന്തയില്‍ അധിഷ്ഠിതമായതാണെന്നും ബിപ്ലവ് പറയുന്നു. വാരണാസിയില്‍ നിന്നുള്ള പ്രചാരകായ രാമാശിഷ് സിങ് ഒരുപടി കൂടി കടന്ന്  നിങ്ങള്‍ ദത്തോപന്ത് ജിയെ കൃത്യമായി വായിച്ചാല്‍ മോദിജിയുടെ നയങ്ങളും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെന്ന് മനസിലാകുമെന്നാണ് പറയുന്നത്.

മൊഴിമാറ്റം: ശ്രിന്‍ഷ രാമകൃഷ്ണന്‍

(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി കാരവന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

സാഗര്‍
സ്റ്റാഫ് റൈറ്റര്‍, ദ കാരവാന്‍