'ഉറക്കം നഷ്ടപ്പെട്ട മോദിയുടെ സമനില തെറ്റിയിരിക്കുകയാണ്, ചികിത്സ നല്‍കണം; ഭൂപേഷ് ബാഘേല്‍
national news
'ഉറക്കം നഷ്ടപ്പെട്ട മോദിയുടെ സമനില തെറ്റിയിരിക്കുകയാണ്, ചികിത്സ നല്‍കണം; ഭൂപേഷ് ബാഘേല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2019, 10:03 am

റായ്പൂര്‍: രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. മോദിക്ക് സമനില തെറ്റിയെന്നും അദ്ദേഹത്തിന് ചികിത്സയാണ് വേണ്ടതെന്നും ബാഘേല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ സാധിക്കുന്നുള്ളൂ എന്ന് മോദി പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഉറക്കം നഷ്ടപ്പെടുന്നവരുടെ മാനസിക നിലയില്‍ തകരാറ് സംഭവിക്കുമെന്നും ബാഘേല്‍ പരിഹസിച്ചു.

‘നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ ആക്കി കാണിക്കുന്നത് അദ്ദേഹത്തിന്റെ സേവകരാണ്. സത്യത്തില്‍ അദ്ദേഹം അവസാനം വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു.’ എന്നായിരുന്നു മോദി രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് പ്രസംഗിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രാഹുല്‍ ഗാന്ധി റാഫേല്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് മോദിയെ ചൊടിപ്പിച്ചത്. തന്റെ ഇമേജ് തകര്‍ക്കാനായിരുന്നു രാഹുല്‍ ഗാന്ധി റാഫേലിനെ കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്തതെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

എന്റെ പ്രതിച്ഛായ തകര്‍ത്ത് എന്നെ ചെറുതാക്കി കാണിച്ച് കൊണ്ട് ദുര്‍ബ്ബല സര്‍ക്കാര്‍ ഉണ്ടാക്കുവാനാണ് ഇവരുടെ ലക്ഷ്യമെന്നും മോദി പറഞ്ഞിരുന്നു. ബൊഫോഴിസിനെ കുറിച്ച് പരാമര്‍ശിച്ച മോദി താന്‍ രാഹുലിനെ പോലെ സ്വര്‍ണ്ണകരണ്ടിയുമായി ജനിച്ചവനല്ല എന്നും പറഞ്ഞിരുന്നു.

ബൊഫോഴ്സ് തോക്കുകള്‍ വാങ്ങുന്നതിനായി സ്വീഡിഷ് കമ്പനിയില്‍ നിന്നും രാജീവ് ഗാന്ധി കമ്മീഷന്‍ കൈപ്പറ്റിയെന്നായിരുന്നു ബോഫോഴ്‌സ് കേസ്. എന്നാല്‍ ആരോപണത്തില്‍ രാജീവ് അഴിമതി നടത്തിയതിന് തെളിവില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.