മോദി ട്രംപിന്റെ സുഹൃത്ത്; ഇന്ത്യയുമായുള്ള ബന്ധം വിലമതിക്കുന്നത്: യു.എസ് അംബാസഡർ
India
മോദി ട്രംപിന്റെ സുഹൃത്ത്; ഇന്ത്യയുമായുള്ള ബന്ധം വിലമതിക്കുന്നത്: യു.എസ് അംബാസഡർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th October 2025, 9:21 am

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നെന്ന് യു.എസ് അംബാസഡർ സെർജിയോ ഗോർ. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നീ വിഷയങ്ങൾ കൂടികാഴ്‌ചയിൽ ചർച്ച ചെയ്തു.

ഡൊണാൾഡ് ട്രംപിനെയും മോദിയുടെയും നേതൃത്വത്തിൽ ഇരുരാജ്യങ്ങളുടെയും ഭാവിയെക്കുറിച്ച് തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് മോദിയെ ഒരു സുഹൃത്തായാണ് കാണുന്നതെന്നും ഗോർ കൂട്ടിച്ചേർത്തു.

‘പ്രധാനമന്ത്രി മോദിയുമായി ഞാൻ കൂടിക്കാഴ്ച നടത്തി. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. നിർണായക ധാതുക്കളുടെ പ്രാധാന്യത്തെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു,’ ഗോർ പറഞ്ഞു.

ഇന്ത്യൻ കയറ്റുമതിക്കുമേൽ യു.എസ് 50 % തീരുവ ചുമത്തിയതും ഇന്ത്യൻ താത്പര്യങ്ങൾക്കുമേൽ ട്രംപ് ഭരണകൂടം സ്വീകരിച്ച മറ്റ് നിരവധി നടപടികളും മൂലം ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം.

അതേസമയം ഗോറിനെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോദിയും അറിയിച്ചു. ‘അദ്ദേഹത്തിന്റെ ഇടപെടൽ ഇന്ത്യ യു.എസ് സമഗ്ര ആഗോള പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ മോദി എക്സിൽ പറഞ്ഞു.

പ്രധാനമന്ത്രിയെ കാണുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരുമായും സെർജിയോ ഗോർ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗോറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇന്ത്യ-യു.എസ് ബന്ധത്തെക്കുറിച്ചും അതിന്റെ ആഗോള പ്രാധാന്യത്തെക്കുറിച്ചും ചർച്ച ചെയ്തെന്നും ജയശങ്കർ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു.

Content Highlight: Modi is Trump’s friend; values ​​ties with India: US Ambassador Sergio Gor