പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യന്‍ മോദി തന്നെ: രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്തണമെന്നാണ് ആഗ്രഹമെന്നും കങ്കണ റണൗട്ട്
national news
പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യന്‍ മോദി തന്നെ: രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്തണമെന്നാണ് ആഗ്രഹമെന്നും കങ്കണ റണൗട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th July 2018, 5:39 pm

ന്യൂദല്‍ഹി: നരേന്ദ്രമോദിയാണ് പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ ഏറ്റവും യോഗ്യനെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. തന്റെ പിന്തുണ മോദിക്കാണെന്നും അദ്ദേഹം വീണ്ടും പ്രധാനമന്ത്രിപദത്തിലെത്തണമെന്നാണ് ആഗ്രഹമെന്നുമാണ് കങ്കണയുടെ പ്രസ്താവന. മോദി “ജനാധിപത്യത്തിന്റെ ന്യായപ്രകാരമുള്ള നേതാവാ”ണെന്നും അദ്ദേഹം 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലും വിജയിക്കണെമെന്നും കങ്കണ പറയുന്നു.

നരേന്ദ്ര മോദിയുടെ കുട്ടിക്കാലത്തെ ജീവിതം ചിത്രീകരിക്കുന്ന “ചലോ ജീതേ ഹേ” എന്ന ചലച്ചിത്രത്തിന്റെ സ്‌ക്രീനിങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കങ്കണ. “മനോഹരമായെടുത്ത ഒരു ചലച്ചിത്രമാണത്. വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ ബാലനായിരുന്ന മോദി എങ്ങിനെയാണ് തരണം ചെയ്തതെന്ന് ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഈ ചിത്രം അദ്ദേഹത്തെക്കുറിച്ചുള്ളതല്ല, നമ്മളെക്കുറിച്ചുള്ളതാണ്. മുന്‍പന്തിയിലെത്താനായി സമൂഹമൊന്നായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ചെറിയൊരു അംശം മാത്രമേ ഈ ചിത്രത്തില്‍ കാണിക്കുന്നുള്ളൂ.” കങ്കണ പറയുന്നു.


Also Read: വ്യവസായികള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ തനിക്ക് യാതൊരു ഭയവുമില്ല; പ്രധാനമന്ത്രി


മോദി സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ ഭരണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, നരേന്ദ്ര മോദിയാണ് പ്രധാനമന്ത്രി പദത്തിലെത്താന്‍ ഏറ്റവും യോഗ്യനായ ആള്‍ എന്നതില്‍ സംശയമില്ലെന്നായിരുന്നു കങ്കണയുടെ മറുപടി. തന്റെ പിതാവിന്റേയോ മാതാവിന്റേയോ പേരു കാരണമല്ല അദ്ദേഹം ഇന്നുള്ള നിലയില്‍ എത്തിയത്. ജനാധിപത്യത്തിന്റെ ന്യായപ്രകാരമുള്ള നേതാവാണ് അദ്ദേഹം. നമ്മളാണ് അദ്ദേഹത്തെ നമ്മുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. ഈ അധികാരം അദ്ദേഹത്തില്‍ നിന്നും എടുത്തുമാറ്റാനാവില്ല. കഠിനാധ്വാനത്തില്‍ നിന്നും അദ്ദേഹം സ്വയം നേടിയെടുത്ത സ്ഥാനമാണത്. അദ്ദേഹം അതര്‍ഹിക്കുന്നുമുണ്ട്. പ്രധാനമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസ്യതയെ സംശയിക്കാനാവില്ലെന്നും കങ്കണ പറയുന്നു.

രാജ്യത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രിയെ ഒരു തവണ കൂടി വിജയിപ്പിക്കേണ്ടതുണ്ടെന്നും കങ്കണ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. “ഒരു രാജ്യത്തെ വലിയൊരു പടുകുഴിയില്‍ നിന്നും കരകയറ്റാന്‍ അഞ്ചു വര്‍ഷങ്ങള്‍ വളരെ ചുരുങ്ങിയ കാലയളവാണ്. നമ്മുടെ രാജ്യം ഇപ്പോഴും കുഴിയിലാണ്. അതിനെ പുറത്തെടുക്കേണ്ടതുണ്ട്.”

ആനന്ദ് എല്‍ റായിയും മഹാവീര്‍ ജയിനും ചേര്‍ന്നാണ് മോദിയുടെ കുട്ടിക്കാലം ആസ്പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മന്ത്രിമാര്‍ക്കു കാണാനായി രാഷ്ട്രപതി ഭവന്‍ കള്‍ച്ചറല്‍ സെന്ററില്‍ ചൊവ്വാഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു.