12 വര്‍ഷമായി മോദി പ്രധാനമന്ത്രിയാണ്; അത്രയും കാലം നെഹ്‌റു ജയിലില്‍ കഴിഞ്ഞിട്ടുണ്ട്: പ്രിയങ്ക ഗാന്ധി
India
12 വര്‍ഷമായി മോദി പ്രധാനമന്ത്രിയാണ്; അത്രയും കാലം നെഹ്‌റു ജയിലില്‍ കഴിഞ്ഞിട്ടുണ്ട്: പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th December 2025, 10:35 pm

ന്യൂദല്‍ഹി: ലോക്‌സഭയില്‍ വന്ദേമാതരം 150ാംവാര്‍ഷികാഘോഷത്തോടനുബന്ധിച്ച നടന്ന ചര്‍ച്ചയില്‍ വിമര്‍ശനങ്ങളുന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടി നല്‍കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

ഒരു ദിവസത്തോളം നീണ്ടുനിന്ന ലോക്‌സഭയിലെ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെയും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെയും മോദി കടുത്ത ഭാഷയിലാണ് വിമര്‍ശനങ്ങളുന്നയിച്ചത്.

ഇതിനോട് പ്രതികരിച്ച പ്രിയങ്ക, നിങ്ങള്‍ പ്രധാനമന്ത്രിയായിട്ട് 12 വര്‍ഷമായി, ഏതാണ്ട് അത്ര കാലയളവില്‍ തന്നെ നെഹ്‌റു ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ചു.

വന്ദേമാതരം എന്ന ഈ ചര്‍ച്ചയുടെ ആവശ്യകത എന്തായിരുന്നുവെന്നും അവര്‍ ഭരണകക്ഷിയായ ബി.ജെ.പിയോട് ചോദിച്ചു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ തന്നെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായാണ് ഈ ചര്‍ച്ചയെന്നും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്നില്ലെന്നും പ്രിയങ്ക വിമര്‍ശിച്ചു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് സര്‍ക്കാര്‍ ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.

നെഹ്‌റുവിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ നമുക്ക് ഒരു കാര്യം ചെയ്യാം, സമയം നിശ്ചയിച്ച് ഒരു ചര്‍ച്ച സംഘടിപ്പിക്കാം. നെഹ്‌റുവിനെതിരായ എല്ലാ അവഹേളനങ്ങളും പട്ടികപ്പെടുത്താം.

എന്നിട്ട് അതിനെ കുറിച്ച് സംസാരിച്ച് ആ അധ്യായം എന്നന്നേക്കുമായി അവസാനിപ്പിക്കാം. അതുകഴിഞ്ഞാല്‍, ഇപ്പോഴത്തെ വിഷയങ്ങളായ വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും പ്രിയങ്ക മോദിക്കുള്ള മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

മുമ്പ് പ്രധാനമന്ത്രി പദത്തിലിരുന്നതുപോലെയല്ല, അദ്ദേഹത്തിന്റെ ആത്മവിശ്വാസം കുറയുന്നുവെന്നും അദ്ദേഹത്തിന്റെ നയങ്ങള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും വ്യക്തമാണ്. സര്‍ക്കാരിലെ ഒരു വിഭാഗം ഇപ്പോള്‍ നിശബ്ദരാണ്. അവരുടെ മനസിലും ഇക്കാര്യം തന്നെയാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

Nehru thought Vande Mataram would provoke Muslims: Modi

വന്ദേമാതരം ചര്ർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി photo: Sansad TV/Screen grab

നെഹ്‌റു സുഭാഷ് ചന്ദ്ര ബോസിന് കത്ത് എഴുതിയതിനെ കുറിച്ചുള്ള മോദിയുടെ ആരോപണത്തെയും പ്രിയങ്ക തള്ളിക്കളഞ്ഞു. മുസ്‌ലിം ലീഗിന്റെയും മുഹമ്മദ് അലി ജിന്നയുടെയും വാക്ക് കേട്ട് മുസ്‌ലിങ്ങളെ വന്ദേമാതരം പ്രകോപിപ്പിക്കുമെന്നും അസ്വസ്ഥരാക്കുമെന്നും ചൂണ്ടിക്കാണിച്ച് നെഹ്‌റു വന്ദേമാതരത്തിനെതിരെ സുഭാഷ് ചന്ദ്ര ബോസിന് കത്തെഴുതിയെന്നായിരുന്നു മോദിയുടെ ആരോപണം.

അതേസമയം, ഏത് വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോഴും മോദി നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും പരാമര്‍ശിക്കുമെന്നും അത് അദ്ദേഹത്തിന്റെ ശീലമാണെന്നും കോണ്‍ഗ്രസ് എം.പിയും പ്രതിപക്ഷ ഉപനേതാവുമായ ഗൗരവ് ഗൊഗോയ് വിമര്‍ശിച്ചു.

ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ 14 തവണ നെഹ്‌റുവിന്റെ പേര് പറഞ്ഞു. ഭരണഘടനയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച പരിപാടിയില്‍ 10 തവണ നെഹ്‌റുവിന്റെ പേരും കോണ്‍ഗ്രസിന്റെ പേര് 26 തവണയും ഉപയോഗിച്ചെന്നും ഗൊഗോയ് ചൂണ്ടിക്കാണിച്ചു.

Content Highlight: Modi has been PM for 12 years; Nehru has spent the same amount of time in jail: Priyanka Gandhi