ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണമുണ്ടായ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍.
ഓഹരി വിപണി തകര്‍ന്നുകൊണ്ടിരിക്കുകയാണ്, എല്‍.പി.ജി ക്ഷാമം വ്യവസായങ്ങളെ ബാധിച്ചു. ജനങ്ങള്‍ കൊടും ചൂടില്‍ സിലിണ്ടറിനായി കാത്തിരിക്കുകയാണ്. രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. ഈ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചില്ലെന്നും കെജ്‌രിവാള്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷം ലോകം മുഴുവന്‍ പ്രതീക്ഷിച്ചിട്ടും മതിയായ ക്രമീകരണങ്ങള്‍ ഒരുക്കാതെ ജനങ്ങളെ മോദി സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയെന്നും ഭാരം ജനങ്ങളുടെ തോളിലേക്ക് സമര്‍പ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘മിഡില്‍ ഈസ്റ്റില്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഓഹരി വിപണി തകര്‍ന്നുകൊണ്ടിരിക്കുകയാണ്, എല്‍.പി.ജി ക്ഷാമം നിരവധി ബിസിനസുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാക്കി, കൊടും ചൂടില്‍ ആളുകള്‍ സിലിണ്ടറുകള്‍ക്കായി ക്യൂ നില്‍ക്കുന്നു, കുടിയേറ്റ തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു, രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ന്ന നിലയിലേക്ക് എത്തി.
യുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാമെന്ന് ലോകം മുഴുവന്‍ അറിഞ്ഞിരുന്നു. മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് തയ്യാറെടുക്കാതിരുന്നത്? എന്തുകൊണ്ടാണ് നമ്മള്‍ മതിയായ ക്രമീകരണങ്ങള്‍ നടത്താത്തതും ബദല്‍ സാധനങ്ങള്‍ മുന്‍കൂട്ടി ഉറപ്പാക്കാത്തതും? എന്തുകൊണ്ടാണ് എല്ലാ പ്രതിസന്ധികളും ജനങ്ങളിലേക്ക് കൈമാറുന്നത്? ഈ സര്‍ക്കാരിന്റെ പരാജയങ്ങള്‍ കാരണം സാധാരണക്കാരാണ് കഷ്ടപ്പെടുന്നത്’, കെജ്‌രിവാള്‍ കുറിച്ചു.
അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി മോദി ലോക്‌സഭയെ അഭിസംബോധന ചെയ്തു സംസാരിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാജനകമാണെന്നും എണ്ണ സമ്പന്നമായ ഈ മേഖലയില്‍ നടക്കുന്ന തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഗുരുതരമായ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
പശ്ചിമേഷ്യയിലെ പ്രതിസന്ധി ഇന്ത്യക്ക് മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള വെല്ലുവിളികളാണ് ഉണ്ടാക്കിയതെന്നും മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും മോദി ലോക്‌സഭയെ അറിയിച്ചു.
സംഘര്‍ഷം ആരംഭിച്ചതിന് ശേഷം പശ്ചിമേഷ്യയിലെ സംഘര്‍ഷ ബാധിതരായ രാജ്യങ്ങളുടെ തലവന്മാരുനമായി രണ്ട് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അദ്ദേഹം ലോക്‌സഭയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
Content Highlight: Modi government has completely failed to handle the crisis: Kejriwal