ഭരണഘടനക്ക് കൊലക്കയര്‍ മുറുക്കുന്നു
SAFFRON POLITICS
ഭരണഘടനക്ക് കൊലക്കയര്‍ മുറുക്കുന്നു
വി.പി റജീന
Wednesday, 13th June 2018, 10:28 pm

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ നാടകീയതകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത് ബി.ജെ.പിയെയും അവര്‍ക്ക് ആശയ പിന്തുണ നല്‍കുന്ന ആര്‍.എസ്.എസിനെയും ആശങ്കാകുലരാക്കിയെന്ന നേരിനപ്പുറത്തേക്ക് കണ്ണുകള്‍ പായിക്കേണ്ട ചില കടുത്ത യാഥാര്‍ഥ്യങ്ങള്‍ ഉണ്ട്. സമ്പൂര്‍ണ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള വഴിയില്‍ ഇനിയുള്ള ഒരു വര്‍ഷം കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണായകമാണ്. ഒരു തോല്‍വിയുടെ മുനമ്പില്‍ മങ്ങിപ്പോവുന്ന ഒന്നല്ല അതിന്റെ ഉള്ളില്‍ ചുര മാന്തുന്ന അധികാരവാഞ്ച.

ഇന്ത്യന്‍ ജനസഞ്ചയത്തിന്റെ സാമാന്യ ബോധത്തിലേക്ക് പതിയെ ആണെങ്കിലും കുടിയേറുന്ന ഫാഷിസ്റ്റ് ഭീതിയെയും ഭരണകൂട വിരുദ്ധതയെയും നിഷ്പ്രഭമാക്കാന്‍ ശേഷിയുള്ള കുടില തന്ത്രങ്ങള്‍ക്ക് രക്തയോട്ടം കിട്ടുന്ന തരത്തില്‍ ആയിരിക്കും ഇവരുടെ വാര്‍ഷിക അജണ്ടയെന്നതില്‍ സംശയമില്ല. അതിന്റെ ആദ്യ പടിയായി ജനപ്രിയ പദ്ധതികളുടെ വാക്‌വേലിയേറ്റം തുടങ്ങിക്കഴിഞ്ഞു. 2019 ല്‍ അധികാരം പിടിച്ചെടുക്കുക എന്നതിന് എന്ത് അടവും അവര്‍ പയറ്റും. സാധ്യമായ ഏതു വഴിയും ഉപയോഗിക്കും. പറഞ്ഞ വാഗ്ദാനങ്ങളില്‍ ഏറെക്കുറെ നടപ്പാക്കാന്‍ തുനിയും.

ഇതിനൊക്കെ ഒഴുക്കാനുള്ള പണം എവിടെയെന്ന ചോദ്യത്തിന് കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ബി.ജെ.പി ഉണ്ടാക്കിയതും അവര്‍ കയ്യയച്ച് “സഹായിച്ച” കോര്‍പറേറ്റുകള്‍ ഉപകാര സ്മരണയായി നല്‍കുന്നതും എന്നായിരിക്കും ഉത്തരം. ബി.ജെ.പിക്കാലത്ത് തഴച്ചുവളര്‍ന്ന പല പിണിയാളുകളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാശ് കെട്ടിയിറക്കും. ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് പണമെറിഞ്ഞ് വോട്ടര്‍മാരെ പിടിക്കുന്ന തുരുപ്പ് ചീട്ടായിരിക്കും ഈയിനത്തിലെ താരം. ഈ ഒരൊറ്റ വര്‍ഷത്തിലാണ് ഡീ മോണിറ്റൈസേഷന്റെ ഏറ്റവും വലിയ ഫലം ബി.ജെ.പി കൊയ്‌തെടുക്കാന്‍ പോവുന്നത്. പണം കൊണ്ടുള്ള കളി മാത്രമല്ല, തീരുമാനങ്ങള്‍ കയ്യാളേണ്ട പല നിര്‍ണായക സ്ഥാനങ്ങളിലും (ഏറ്റവും ഒടുവില്‍ സിവില്‍ സര്‍വീസ് മേഖലകളില്‍ ) സംഘപരിവാര്‍ അനുയായികളെ തിരുകിക്കയറ്റും. ഇത് വളരെ നേരത്തെ തന്നെ തുടങ്ങിവെച്ചതിന്റെ തുടര്‍ച്ചയാണ്.

 

കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ചുക്കാന്‍ പിടിക്കുന്ന രാഹുല്‍ ഗാന്ധിയെ പൂട്ടിക്കെട്ടാനുള്ള ശ്രമവും ആ കളിയുടെ ഭാഗമായാണ് കാണേണ്ടത്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തികേസിന് ആക്കം കൂട്ടുക വഴിയാണ് അത്തരമൊരു നീക്കം. കുറ്റക്കാരനെന്ന് കോടതി വിധിച്ചാല്‍ 2019 ലെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് രാഹുലിനെ മാറ്റി നിര്‍ത്താന്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമായേക്കും.

ഭരണഘടനയുടെ പൊളിച്ചെഴുത്ത്?

ആര്‍.എസ്.എസിന്റെ ആശയ പിന്തുണയുള്ള ബി.ജെ.പി സര്‍ക്കാറിന് കുടിലമായ പല പദ്ധതികളും നടപ്പിലാക്കുന്നതിനുള്ള നിലവിലെ പ്രധാന വഴിമുടക്കി ഇന്ത്യന്‍ ഭരണഘടനയാണ്. ഭീം റാവു അംബേദ്കര്‍ എന്ന കോട്ടിട്ട ദലിതന്‍ എഴുതിയുണ്ടാക്കിയ, പൗര സ്വാതന്ത്ര്യവും അവകാശവും ഭരണകൂടത്തിന്റെ കടമകളും കര്‍ത്തവ്യങ്ങളുമൊക്കെയായി ബന്ധിതമായ ഒരു സംഹിതയെ സവര്‍ണ ആഢ്യബോധം എത്രകാലം സഹിക്കും ? അതങ്ങ് പൊളിച്ചെഴുതാതെ സ്വസ്ഥത കാണുമോ? ആ വഴിയില്‍ സഞ്ചരിച്ച്, രാജ്യത്തെ മൊത്തമായി സംഘ്പരിവാരത്തിന്റെ കുപ്പിയില്‍ ആക്കണമെങ്കില്‍ ഇനിയും അവര്‍ക്ക് മുമ്പില്‍ ഒരുപിടി കടമ്പകള്‍ ഉണ്ട്. അതിലേക്കുള്ള ആദ്യ പടിയെന്ന നിലയില്‍ ഭരണഘടനക്കുള്ളിലും അതിന്റെ പിന്‍ബലമുള്ള സ്ഥാപനങ്ങളിലും അതീവ രഹസ്യമായി നുഴഞ്ഞുകയറാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

 

അജണ്ടകള്‍ക്കനുസരിച്ച് തീരുമാനങ്ങള്‍ നടപ്പാക്കലും എന്നേ തുടങ്ങിക്കഴിഞ്ഞതാണ്. എന്നാല്‍, അതിന്റെ സമ്പൂര്‍ണതയിലേക്കെത്തണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെയും വരുതിയില്‍ ആക്കേണ്ടതുണ്ട്. പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാന്‍ കാണിച്ച ധിറുതി ഇതിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് നോക്കിക്കാണേണ്ടത്.

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് നിയമ കമീഷന്റെ സമ്പൂര്‍ണ യോഗം ഇതിനകം അംഗീകാരം നല്‍കികഴിഞ്ഞതാണ്. അതിനായി ഭരണഘടന ഭേദഗതി ചെയ്യേണ്ടി വരുമെന്ന് നിയമ കമീഷന്‍ പുറത്തുവിട്ട കരടുരേഖ ശുപാര്‍ശ ചെയ്യുകയുമുണ്ടായി. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം ഒരേസമയം തെരഞ്ഞെടുപ്പ് എന്ന ആശയത്തിന്റെ ആദ്യഘട്ടം പ്രായോഗികമാക്കമെന്നാണ് കരടുരേഖ പറയുന്നത്. അതായത് 2019ലെ പൊതുതെരഞ്ഞെടുപ്പിനൊപ്പം ഒരുകൂട്ടം സംസ്ഥാന നിയമസഭകളിലേക്കും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം മറ്റൊരുകൂട്ടം സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുമെന്ന്.

കര്‍ണാടകയില്‍ പ്രഭ മങ്ങിയതിനെ തുടര്‍ന്ന് തല്‍ക്കാലം ഇത് മടക്കിവെച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, ഭരണ തുടര്‍ച്ച സംഭവിച്ചാല്‍ ഇത് അവര്‍ നടപ്പാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അങ്ങനെയൊന്ന് സംഭവിച്ചുകഴിഞ്ഞാല്‍ അതുണ്ടാക്കുന്ന ദുരന്തം എന്താണെന്ന് നോക്കാം.

ഇന്ത്യയെ പോലൊരു രാജ്യത്ത് തെരഞ്ഞെടുപ്പ് ഒറ്റത്തവണ നടത്തുമ്പോള്‍ ഉള്ള നേട്ടങ്ങളില്‍ പ്രധാനമായി ഉന്നയിക്കപ്പെടുന്നത് അനാവശ്യമായി തെരഞ്ഞെടുപ്പുകള്‍ നടത്തി ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ചു കളയുന്നത് ഇല്ലാതാക്കാം എന്നാണല്ലോ. ഇത് ശരിയാണ്. പക്ഷെ, ജനങ്ങളുടെ നികുതിപ്പണം വേറെ പല വഴിക്ക് കൊള്ളയടിക്കുകയും പെരുംകൊള്ളകള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിന്റെ ഈ വിഷയത്തില്‍ മാത്രമുള്ള തിടുക്കം അത്ര നിഷ്‌കളങ്കമാവുന്നതെങ്ങനെയാണ് ഇത് ജനങ്ങളെ കരുതിയുള്ളതാണെന്നത് വ്യാജമായ മറ മാത്രമാണ്. യഥാര്‍ഥത്തില്‍ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ സമഗ്രാധിപത്യത്തിലേക്കുള്ള കോപ്പുകൂട്ടല്‍ മാത്രമാണിത്.

 

അതെങ്ങെനെയാണെന്നുവെച്ചാല്‍, ഒറ്റത്തെരഞ്ഞെടുപ്പില്‍ ആദ്യം ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷമാവുക രാജ്യത്തെ പ്രാദേശിക സ്വഭാവമുള്ള പാര്‍ട്ടികള്‍ ആയിരിക്കും. ന്യൂനതകള്‍ എന്തൊക്കെയുണ്ടെങ്കിലും ഈ പാര്‍ട്ടികള്‍ ആണ് രാഷ്ട്രത്തിന്റെ വിവിധങ്ങളായ ജനവിഭാഗങ്ങളെ ഭരണരാഷട്രീയ മണ്ഡലങ്ങളില്‍ പ്രതിനിധീകരിക്കുന്നത്.

ഈ ഒരു ബഹുത്വത്തെ അട്ടിമറിക്കാനിടയുള്ള സംവിധാനത്തിനകത്ത് സ്ഥാനാര്‍ഥികള്‍ക്ക് പകരം പ്രമുഖ പാര്‍ട്ടികളെ നോക്കി വോട്ടു ചെയ്യാനുള്ള സാധ്യതയേറും. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഒരേ പാര്‍ട്ടി തന്നെ അധികാരത്തില്‍ വരും. ഇതാണ് ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതും. ഇതോടൊപ്പം പ്രചാരണത്തില്‍ ദേശീയ പ്രാധാന്യം ഉള്ള വിഷയങ്ങള്‍ക്ക് പ്രാധാന്യം കൈവരുകയും പ്രാദേശിക പ്രശ്‌നങ്ങള്‍ അതില്‍ ഒലിച്ചുപോവുകയും ചെയ്യും. (നേരെ തിരിച്ചും സംഭവിക്കാം). അതായത്, രണ്ട് സമയങ്ങളിലായി രണ്ട് തലങ്ങളില്‍ നിന്നുകൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെ ഏകമാനത്തിലേക്ക് കൊണ്ടുവരും.

മറ്റൊന്ന്, തങ്ങള്‍ക്ക് ചിരപരിചിതമല്ലാത്ത പുതിയ സിസ്റ്റത്തിനകത്ത് നടത്തപ്പെടുന്ന തെരഞ്ഞെടുപ്പ് വോട്ടര്‍മാരില്‍ കടുത്ത ആശയക്കുഴപ്പം വരുത്തിവെക്കുമെന്നുറപ്പാണ്. അതല്ലെങ്കില്‍ പിഴവില്ലാതെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അത്രക്കും കുറ്റമറ്റ പരിശീലനവും കാര്യക്ഷമമായ ബോധവല്‍ക്കരണവും അവര്‍ക്ക് നല്‍കേണ്ടിവരും. നല്ലൊരു ശതമാനം വരുന്ന ഇന്ത്യയിലെ നിരക്ഷര ജനതയില്‍ ഇതിന്റെ പ്രായോഗികത വലിയൊരു വെല്ലുവിളിയായി തന്നെ നിലനില്‍ക്കും.

ചുരുക്കത്തില്‍ ഈ ആശയക്കുഴപ്പം മുതലെടുക്കാന്‍ കൂടുതല്‍ അനുകൂല സാഹചര്യം അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കാണ്. എന്ത് തന്നെ ആയാലും അല്‍ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഭരിക്കുന്ന, കൂടുതല്‍ “കാശും കയ്യൂക്കുമുള്ള” പാര്‍ട്ടിക്ക്? തന്നെയാവും തെരഞ്ഞെടുപ്പിലുടനീളം മേല്‍ക്കൈ. മോദി അധികാരത്തിലേറിയതിനുശേഷം ഏറ്റവും സമ്പത്തുണ്ടാക്കിയ പാര്‍ട്ടി ബി.ജെ.പിയാണെന്ന് ഓര്‍ക്കുക. “അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്” പുറത്തുവിട്ടതനുസരിച്ച് 2015-16 വര്‍ഷത്തില്‍ 894 കോടിയുടെ ആസ്തിയാണ് ബി.ജെ.പിക്കുള്ളത്. അധികാരത്തിലെത്തി വെറും രണ്ടു വര്‍ഷം കൊണ്ടാണ് ഇത്രയും കുതിച്ചുയര്‍ന്നത്.

 

അട്ടിമറിക്കപ്പെട്ട കമ്മീഷനുകളും പദ്ധതികളും

നിയമക്കമ്മീഷനിലൂടെയാണ് ഒറ്റത്തെരഞ്ഞെടുപ്പിനുള്ള അജണ്ടക്ക് അരങ്ങൊരുക്കുന്നതെങ്കില്‍ മറ്റു കമ്മീഷനുകളെ കൂട്ടു പിടിച്ച് വേറെ ചില കളികളും അരങ്ങു തകര്‍ക്കുന്നുണ്ട്. അങ്ങനെ നടത്തിയ പരീക്ഷണങ്ങളില്‍ ഒന്നായിരുന്നു ധനക്കമ്മീഷനിലൂടെ നമ്മള്‍ കണ്ടത്. 2014ല്‍ അധികാരമേറ്റതു മുതല്‍ മോദി സര്‍ക്കാര്‍ ഭരണഘടനാപരമായ പല നയങ്ങളും നഗ്നമായി അട്ടിമറിച്ച് ബി.ജെ.പിക്കനുകൂലമായി നടത്തിവരുന്ന നീക്കങ്ങളില്‍ ഒന്നായിരുന്നു ധനക്കമീഷനു മേലുള്ള അപ്രമാദിത്വത്തിലൂടെ പുറത്തുവന്നത്.

ന്യായമായി അവകാശപ്പെട്ട ധന വിഹിതത്തില്‍ കുറവുവരുത്താനുള്ള കേന്ദ്ര ധനക്കമ്മീഷന്റെ ഏകപക്ഷീയവും വിവേചനപരവുമായ നീക്കത്തില്‍ പ്രതിഷേധിച്ച് കേരളത്തിന്റെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യന്‍ ധമന്ത്രിമാരുടെ യോഗം ചേര്‍ന്നതും അവര്‍ തക്ക സമയത്ത് ജാഗ്രതയോടെ പ്രതികരിച്ചതിനാല്‍ തല്‍ക്കാലത്തേക്ക് പത്തി മടക്കിയതും നമ്മള്‍ കണ്ടതാണല്ലോ.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സഹായം തുടരേണ്ട എന്നാണ് ബി.ജെ.പി സര്‍ക്കാറിന്റെ താല്‍പര്യം. ബി.ജെ.പി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളുടെ സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ച ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കമെന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. കേന്ദ്ര വിഹിതം നിലച്ചാല്‍ സംസ്ഥാനത്തിന് അതേല്‍പിക്കുന്ന ആഘാതം അത്ര ചെറുതായിരിക്കില്ല. പല ജനപ്രിയ പദ്ധതികളും ഇല്ലാതാവും. സംസ്ഥാനങ്ങള്‍ക്ക് ധനവിനിയോഗത്തില്‍ അധിക ബാധ്യത വരും. പല പ്രതിസന്ധികളിലേക്കും ജനങ്ങളെ തള്ളിവിടും.

കേന്ദ്രം നടപ്പിലാക്കിയ ജി.എസ്.ടിയും നോട്ടു നിരോധനവും ഏല്‍പിച്ച പ്രഹരം തന്നെ ഇതുവരെ തരണം ചെയ്യാനായിട്ടില്ല. ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. തങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്ന പാര്‍ട്ടികള്‍ അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനങ്ങളെ പൊതു തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത വിധം ദരിദ്രമാക്കുന്നതിലൂടെ ബി.ജെ.പിക്ക് കരുത്തു കാണിക്കാനും അധികാരത്തിലേറാനുമുള്ള വഴികള്‍ എത്രയും എളുപ്പമാകും.

 

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ആണ് ബി.ജെ.പി സര്‍ക്കാറിന്റെ അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരിക്കുന്ന ചില കാര്യങ്ങളിലേക്കുള്ള കൂടിയുള്ള ശ്രദ്ധ ക്ഷണിക്കല്‍ അനിവാര്യമാവുന്നത്. നീതിന്യായ സംവിധാനങ്ങള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയെ ഒക്കെ ഫാഷിസ്റ്റ് ഭരണകൂടം ചൊല്‍പടിയില്‍ ആക്കിയതിന്റെ ഫലം നേരിട്ട് അനുഭവിച്ചു തുടങ്ങിയപ്പോള്‍ മാത്രമാണ് പുറംലോകം അതിറിഞ്ഞത്. ദലിതുകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം ദുര്‍ബലമാക്കാന്‍ നടത്തിയ ഇടപെടലും ഇതിന്റെ പ്രതിഫലനമായിരുന്നു. സുപ്രീംകോടതി ഈ കേസ് പരിഗണിച്ചപ്പോള്‍ ദലിതുകള്‍ക്കനുകൂലമായി ബി.ജെ.പി സര്‍ക്കാര്‍ ഇടപെടാതിരുന്നത് ബോധപൂര്‍വമായിരുന്നു.

ഭരണഘടനയെ സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കാമ്പയ്‌ന് ദേശീയ തലത്തില്‍പോലും വലിയ ശ്രദ്ധ കവരാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ രാഷ്ട്രീയ അജണ്ട എന്നതില്‍ കവിഞ്ഞുള്ള ഒരു ജാഗ്രത ഈ വിഷയത്തില്‍ രാഹുലില്‍ കാണാനാവുന്നുണ്ട്. എന്നാല്‍, കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും നേരത്തെയുള്ള പ്രതിഛായാ നഷ്ടത്തിന്റെ കണക്കില്‍പെടുത്തി ഈ കാമ്പയ്‌നുനേരെ ലാഘവത്വം പുലര്‍ത്തുന്ന എല്ലാവരും യഥാര്‍ഥത്തില്‍ ബി.ജെ.പിയുടെ അജണ്ടയുടെ പരിപാലകരാവുകയാണ്. ഇതുപോലൊരു ദുര്‍ഘട സന്ധിയിലൂടെ സ്വാതന്ത്ര്യ ഇന്ത്യ മുമ്പ് കടന്നുപോയിട്ടില്ല.

ഇന്നു കാണുന്ന പല കുശാഗ്ര ചെയ്തികളുടെയും പരീക്ഷണ ശാലയായിരുന്നു യഥാര്‍ഥത്തില്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള 20 വര്‍ഷം മുമ്പത്തെ ബി.ജെ.പി സര്‍ക്കാര്‍. പക്ഷെ, അന്ന് അത് അധികമാരും തിരിച്ചറിഞ്ഞില്ല. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓരോ പദ്ധതിയും ഒരു സുപ്രഭാതത്തില്‍ എടുക്കുന്ന മണ്ടന്‍ തീരുമാനങ്ങളല്ല. ഇന്ത്യ പോലൊരു രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് മാരകമായ പരിക്കേല്‍പ്പിക്കാന്‍ കെല്‍പുള്ളതാണ് ഇവയൊക്കെ എന്നതില്‍ തര്‍ക്കമില്ല.

പഞ്ചവല്‍സര പദ്ധതികളുടെ മേല്‍ കോടാലി വെച്ചതും ഇതേ ദീര്‍ഘകാല ഗൂഢാലോചനയുടെ ഫലമായാണ്. ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നായിരുന്നു ഇത്. ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ പുരോഗതിക്കായി ദീര്‍ഘ കാലാടിസ്ഥാനത്തില്‍ കൊണ്ടുവന്ന പഞ്ചവല്‍സര പദ്ധതി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ റദ്ദാക്കി. ഇന്ത്യന്‍ സാമൂഹ്യ ഘടനയെ ശക്തിപ്പെടുത്തിക്കൊണ്ടു വരുന്നതിനുവേണ്ടി രൂപം കൊടുത്ത കേന്ദ്രീകൃത സാമൂഹ്യ സാമ്പത്തിക വളര്‍ച്ചാ പദ്ധതി ആയിരുന്നു. യു.എസ്.എസ്.ആറില്‍ നിന്ന് കടമെടുത്ത ഈ ആശയം നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്റെ ചേരുവകളോടെ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു സംവിധാനമായിരുന്നു.

 

ആ അര്‍ഥത്തില്‍ വന്‍ പ്രധാന്യമാണ് പഞ്ചവല്‍സര പദ്ധതികള്‍ക്ക് ഉണ്ടായിരുന്നത്. ഇന്ത്യയുടെ വൈവിധ്യവും വിസ്തൃതിയും പഞ്ചവല്‍സര പദ്ധതികളുടെ ഗതിവേഗത്തെ പിറകോട്ടടിച്ചിരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍, ഇതിനകത്തെ വെല്ലുവളികള്‍ അതിജീവിക്കാനുള്ള പുതിയ പരിശ്രമങ്ങള്‍ക്കു പകരം കാലഹരണപ്പെട്ടുവെന്ന് പറഞ്ഞ് അതിനെ ഇല്ലാതാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. പകരം നിതി ആയോഗിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചു.

നരേന്ദ്ര മോദിയുടെ പ്രഥമ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞത് ഇനി ആസൂത്രണ കമ്മീഷന്‍ ഇല്ല. പകരം, നിതി ആയോഗ് ആയിരിക്കുമെന്നാണ്. ഇതോടെ 1938ലേക്കും ജവര്‍ലാല്‍ നെഹ്‌റുവിലേക്കും നീളുന്ന ചരിത്രമുള്ള ആസൂത്രണക്കമ്മീഷന്‍ ഒറ്റയടിക്ക് നാമാവശേഷമായി. നെഹ്‌റുവിയന്‍ സോഷ്യലിസത്തിന് ഒട്ടേറെ പരിമതികള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ അവസ്ഥയോട് കുറച്ചുകൂടി യാഥാര്‍ഥ്യ ബോധ്യത്തോടെ സംവദിക്കുന്ന ഒന്നെന്ന നിലയില്‍ അതിന് പകരം വെക്കാന്‍ മറ്റൊന്നും ഇല്ലാതിരിക്കെയാണ് ഒരു സുപ്രഭാതത്തില്‍ പൊട്ടമുളച്ചെന്ന പോലെ മോദി സര്‍ക്കാര്‍ മറ്റൊന്ന് നടപ്പിലാക്കുന്നത്.

നിതി ആയോഗിന്റെ തലപ്പത്ത് സാക്ഷാന്‍ മോദി തന്നെ കയറി ഇരിപ്പുറപ്പിച്ചു. അഞ്ചു വര്‍ഷ പദ്ധതി നിതി ആയോഗിലൂടെ മൂന്ന് വര്‍ഷമാക്കി ചുരുക്കി എന്നതു മാത്രമല്ല, നിതി ആയോഗിന് ഫണ്ട് അനുവദിക്കാനോ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി തീരുമാനങ്ങള്‍ പ്രഖ്യാപിക്കാനോ ഉള്ള അധികാരവുമില്ലായിരുന്നു. നയം രൂപീകരണത്തിനുള്ള ഒരു ബോഡി മാത്രമായി ഇത് ചുരുങ്ങി. പഞ്ചവല്‍സര പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമായിരുന്നു രാജ്യത്തിന്റെ ആവശ്യമറിഞ്ഞ് ഏതു ഭാഗത്തേക്കും ചെലവഴിക്കാനുള്ള പണം ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാറുകള്‍ക്കു കഴിയും എന്നുള്ളത്. എന്നാല്‍, അതിനു പകരമായി വന്ന നിതി ആയോഗിന് അത്തരം അധികാരം ഇല്ലായിരുന്നു.

 

ചുരുക്കത്തില്‍ പവര്‍ ഇല്ലാത്ത നിതി ആയോഗിനെ കൊണ്ട് വന്ന് പവര്‍ ഉള്ള പഞ്ചവല്‍സര പദ്ധതിയെ വെട്ടുകയായിരുന്നു മോദി സര്‍ക്കാര്‍. അതേസമയം, പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമല്ലാതിരുന്ന ആഭ്യന്തര സുരക്ഷയും പ്രതിരോധവുമൊക്കെ നിതി ആയോഗില്‍ ഉള്‍പ്പെടുത്തി. ഇതിന്റെ പിന്നിലെ താല്‍പര്യം എന്താണെന്ന് എവിടെയും ചര്‍ച്ച ചെയ്യപ്പെടുക പോലുമുണ്ടായില്ല. നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്റെ പതിന്‍മടങ്ങ് വേഗതയുള്ള “വികസനം” ഒരുപക്ഷെ, നിതി ആയോഗിന് കൊണ്ടുവരാനായേക്കും. എന്നാല്‍, അതിന്റെ ഗുണഭോക്താക്കള്‍ ആരായിരിക്കും എന്നതാണ് കാതലായ ചോദ്യം. ഇതിനകം തന്നെ അതിന്റെ ഉത്തരങ്ങള്‍ ലഭ്യമായിക്കഴിഞ്ഞു. ഇതിന്റെയൊക്കെ സ്വഭാവം സൂക്ഷ്മമായി നിരീക്ഷിക്കുേമ്പാഴാണ് ഇന്ത്യന്‍ ജനാധിപത്യത്തോടല്ല, കോര്‍പറേറ്റ് മുതലാളിത്തത്തോടാണ് ഈ നവ സംവിധാനങ്ങള്‍ക്ക് കൂറ് എന്ന് തിരിച്ചറിയാനാവുക.

ഇന്ത്യന്‍ ജനസംഖ്യയുടെ 73 ശതമാനം 32 വയസ്സില്‍ താഴെയുള്ളവരാണെന്നും ഇവരെ സംരംഭകത്വ മേഖലയിലേക്ക് കൊണ്ടുവന്നാല്‍ ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ തോത് കുറക്കാമെന്നുള്ള ഗീര്‍വാണമാണ് നിതി ആയോഗിന്റെ സി.ഇ.ഒ അമിതാഭ്കാന്ത് ബോംബെ ഐ.ഐ.ടിയില്‍ പോയി അടിച്ചുവിട്ടത്. ഇതിനായി 60തിലേറെ വര്‍ഷം പഴക്കമുള്ള നിയമങ്ങളും എടുത്തുമാറ്റുകയാണെന്നും പറഞ്ഞു.

വെറും ഫാഷിസമല്ല, കോര്‍പറേറ്റ് ഫാഷിസം

എന്തുകൊണ്ടാണ് മോദിയുടെയും കൂട്ടാളികളുടെയും വികസന വാഗ്‌വിലാസങ്ങളില്‍ രാജ്യത്തെ കര്‍ഷകന്‍ കടന്നുവരാത്തത് ഇവരുടെ ഭാഷ ഇന്ത്യന്‍ ഉപരിവര്‍ഗത്തിന്റേതായി ചുരുങ്ങിപ്പോാവുന്നത് എന്തുകൊണ്ടാണ് അധികാരത്തില്‍ ഏറിയതു മുതല്‍ ബി.ജെ.പി സര്‍ക്കാറിന്റെ വാഗ്ദാനങ്ങളില്‍ ഒന്ന് 2025 ഓടെ കര്‍ഷകരുടെ ശമ്പളം ഇരട്ടിയാക്കുമെന്നാണ്. എന്നാല്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ അവസ്ഥ നോക്കുക.

 

ഇവര്‍ വീമ്പു പറയുന്ന “വികസന”ത്തിന്റെ മറ്റൊരു മുഖം തിരിച്ചറിയാന്‍ പറ്റിയ ഒന്നുകൂടിയുണ്ട്. ഒന്നര വര്‍ഷം മുമ്പ് ടെലകോം മേഖലയില്‍ ഉണ്ടായിരുന്ന മൂന്ന് ലക്ഷം തൊഴിലാളികളില്‍ 25 ശതമാനത്തിനും ഇന്ന് ജോലി നഷ്മായിരിക്കുന്നു. ഇതിന്റെ കാരണമായി പറയുന്നത് ഉപഭോക്താക്കള്‍ക്ക് അവിശ്വസനീയമായ ഓഫറുകള്‍ നല്‍കി വിപണി പിടിച്ചെടുത്ത “ജിയോ” ആണെന്നാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 75000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായതത്രെ. ടെലകോം മേഖലയിലെ 30 മുതല്‍ 40 ശതമാനം വരെ ജീവനക്കാരെ വരെ പുതിയ പ്രതിസന്ധി ബാധിക്കുമെന്നാണ് റിപോര്‍ട്ട്. ഒരു ഭാഗത്ത് തൊഴില്‍ നിയമങ്ങളെ അട്ടിമറിച്ച് സാധാരണക്കാരുടെയും ദരിദ്രന്റെയും ജീവിതത്തിനുമേല്‍ ദുരിതം വിതക്കുമ്പോഴാണ് റിലയന്‍സടക്കമുള്ള കോര്‍പറേറ്റുകള്‍ക്ക് തടിച്ചുവീര്‍ക്കാന്‍ മോദിയുടെ വികസന നയം വാതിലുകള്‍ തുറന്നിട്ടുകൊടുക്കുന്നത്.

കാര്യങ്ങളെ ഇങ്ങനെ ഒന്ന് മാറിനിന്ന് നോക്കിയാല്‍ തന്നെ മതിയാവും ഈ വക മാരക നീക്കങ്ങള്‍ തിരിച്ചറിയാന്‍. അതിഭീകരമാണ് കാര്യങ്ങള്‍. നിയമക്കമീഷനും, നിതി ആയോഗും, ധനക്കമീഷനും ഒക്കെ സംഘപരിവാര്‍ ഭരണകൂടത്തിന്റെ മൂര്‍ച്ചയുള്ള ആയുധങ്ങളാക്കി പരിവര്‍ത്തിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അതെ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂലക്കല്ലായ ഭരണഘടനയില്‍ നിന്ന് ചോര കിനിയാന്‍ തുടങ്ങിയിരിക്കുന്നു.

വി.പി റജീന
മാധ്യമപ്രവര്‍ത്തക