അഹമ്മദാബാദ് : ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ആശ്രിതത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ രാജ്യങ്ങളെ ആശ്രയിക്കും തോറും ഇന്ത്യയുടെ പരാജയം വർധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ഭാവ്നഗറിൽ സംസാരിക്കുകയായിരുന്നു മോദി.
അധിക തീരുവയ്ക്ക് ശേഷം എച്ച് 1 ബി വിസയ്ക്ക് പ്രതിവർഷം ഒരു ലക്ഷം ഡോളർ നൽകണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിമർശനം.
മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതാണ് ഇന്ത്യയുടെ പരാജയത്തിന് കാരണമെന്നും ഇന്ത്യ സ്വയം പര്യാപ്തമാകേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ലോകത്ത് നമുക്ക് പ്രധാന ശത്രുവില്ല. നമ്മുടെ യഥാർത്ഥ ശത്രു ആശ്രിതത്വമാണ്. ഇതിനെ ഒരുമിച്ച് നമ്മൾ പരാജയപ്പെടുത്തണം. വിദേശ ആശ്രിതത്വം കൂടുംതോറും രാജ്യത്തിന്റെ പരാജയം വർധിക്കും,’ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ നിലനിർത്താൻ സ്വാശ്രയത്വം കൈവരിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാശ്രയത്വം പിന്തുടരാനും അത് നേടാനുമായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. സമുദ്രമേഖലയിലെ സാധ്യതകളെയും സർക്കാരിന്റെ ശ്രമങ്ങളെയും അദ്ദേഹം എടുത്തു പറഞ്ഞു.
സെമികണ്ടക്ടറുകൾ മുതൽ കപ്പൽ നിർമാണം വരെയുള്ള മേഖലകളിൽ സ്വയംപര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ തുറമുഖങ്ങൾക്കായി പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ പോകുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള വലിയ സാധ്യതകൾ ഉണ്ടെന്നതിന്റെ ഉദാഹരണമായി ഇന്ത്യയിൽ ഉരുക്കിൽ നിർമിച്ച ഐ.എൻ.എസ് വിക്രാന്തിനെ അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ കമ്പനികൾക്ക് സാധനങ്ങൾ കയറ്റി അയക്കുന്നതിനായി ഇന്ത്യക്കുള്ള ചെലവിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.
‘ലോകമെമ്പാടും സാധനങ്ങൾ കയറ്റി അയക്കുന്നതിനായി ഇന്ത്യ വിദേശ കമ്പനികൾക്ക് പ്രതിവർഷം 6 ലക്ഷം കോടി രൂപ നൽകുന്നത് പ്രതിരോധ ബജറ്റിന് തുല്യമാണ്,’ പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം അമേരിക്കൻ വിസ നയങ്ങളിൽ ട്രംപ് ഭരണകൂടം വരുത്തിയ മാറ്റങ്ങൾ ആശങ്കകൾക്ക് വഴിയൊരുക്കി. എച്ച്. 1 ബി വിസയ്ക്ക് പ്രതിവർഷം ഒരു ലക്ഷം ഡോളർ നൽകണമെന്ന തീരുമാനം അമേരിക്കൻ തൊഴിൽ വിപണിയെ സംരക്ഷിക്കാനും ഉയർന്ന വൈദഗ്ധ്യമുള്ളവരെ കൊണ്ടുവരാനുമുള്ള നീക്കമാണെന്ന് പറയുമ്പോഴും വിസയെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇന്ത്യക്കാർക്ക് വലിയ പ്രതിസന്ധിയായിരിക്കുമിത്.
Content Highlight: Modi criticizes $100,000 for H1B visa after tariffs; India’s biggest enemy is dependency: PM