'വാക്‌സിനേഷന്‍ എടുത്ത എന്റെ എല്ലാ യുവ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍'; വാക്‌സിനെടുത്ത രണ്ട് കോടിയിലധികം കുട്ടികളെ അഭിനന്ദിച്ച് മോദി
national news
'വാക്‌സിനേഷന്‍ എടുത്ത എന്റെ എല്ലാ യുവ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍'; വാക്‌സിനെടുത്ത രണ്ട് കോടിയിലധികം കുട്ടികളെ അഭിനന്ദിച്ച് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th January 2022, 8:40 am

ന്യൂദല്‍ഹി: രാജ്യത്ത് 15നും 18നുമിടയിലുള്ള രണ്ട് കോടിയിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വാക്‌സിനേഷനുമായി ബന്ധപ്പെട്ടും ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ കുറിച്ചുമുള്ള കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.

‘എന്റെ യുവ സുഹൃത്തുക്കളെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഇതേ വേഗതയില്‍ തന്നെ നമുക്ക് മുന്നോട്ട് പോകാം. എല്ലാ വിധത്തിലുള്ള കൊവിഡ് പ്രോട്ടോക്കോളുകള്‍ പിന്തുടരാനും വാക്‌സിന്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്, ട്വീറ്റ് ചെയ്തു.

‘രാജ്യം കൊവിഡില്‍ നിന്നും യുവാക്കളെ സംരക്ഷിക്കുന്നു. ജനുവരി 3 മുതല്‍ 15-18 വയസ്സിനിടയിലുള്ള 2 കോടിയിലധികം കുട്ടികള്‍ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിനേഷന്‍ എടുത്ത എന്റെ എല്ലാ യുവ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍,’ അദ്ദേഹം പറഞ്ഞു.

അതേസമയം, കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ ആണ്. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരിക്കുക. പൊതു ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമടക്കം പ്രവര്‍ത്തിക്കില്ല.

ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇതിനിടെ സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം പതിനായിരം കടന്നു. 24 മണിക്കൂറില്‍ 10978 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 5098 പേര്‍ക്ക് രോഗം കണ്ടെത്തി. 74 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 195 ആയിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ കരുതല്‍ ഡോസ് വാക്‌സീന്‍ നാളെ മുതല്‍ ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 60 വസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ്. ഇതിനായി പ്രത്യേക രജിസ്‌ട്രേഷന്‍ വേണ്ട. ഓണ്‍ലൈനായും സ്‌പോട്ടിലെത്തിയും വാക്‌സിന്‍ ബുക്ക് ചെയ്യാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Modi congratulates more than 2 crore children who have been vaccinated