മോദിക്ക് റഷ്യ-യുക്രൈന്‍ യുദ്ധം നിര്‍ത്താം: പക്ഷേ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാനാവില്ല: സി.ജെ.പി
India
മോദിക്ക് റഷ്യ-യുക്രൈന്‍ യുദ്ധം നിര്‍ത്താം: പക്ഷേ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാനാവില്ല: സി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th June 2026, 10:58 pm

ഛത്രപതി സംഭാജി നഗര്‍: നീറ്റ് ചോദ്യച്ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയും വിമര്‍ശനമുന്നയിച്ച് കോക്‌റോച്ച് ജനത പാര്‍ട്ടി (സി.ജെ.പി).

വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാനെ രാജി വയ്പിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരവാദിത്തമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ഛത്രപതി സംഭാജി നഗറില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജന്തര്‍ മന്ദര്‍ പ്രക്ഷോഭത്തില്‍ എന്തുകൊണ്ട് നരേന്ദ്രമോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചില്ല എന്ന ചോദ്യത്തിനോടായിരുന്നു ദീപ്‌കെയുടെ ഈ പ്രതികരണം.

നരേന്ദ്രമോദിക്ക് റഷ്യക്കും യുക്രൈനുമിടയിലെ യുദ്ധം നിര്‍ത്താന്‍ പറ്റുമെങ്കില്‍ എന്തുകൊണ്ടാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടുക്കാന്‍ പറ്റാത്തതെന്നും ദീപ്‌കെ ചോദിച്ചു.

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദല്‍ഹി ജന്തര്‍ മന്ദറില്‍ സി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കുന്നത് വരെ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്നും സി.ജെ.പി വ്യക്തമാക്കിയിരുന്നു.

ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ച ശേഷം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങള്‍ ആരംഭിക്കുമെന്ന് സ്വദേശമായ ഛത്രപതി സംഭാജി നഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദീപ്‌കെ വ്യക്തമാക്കി. തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങളും സി.ജെ.പി ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി രാജ്യത്തെ രാഷ്ട്രീയം ഹിന്ദു-മുസ്‌ലീം അജണ്ടയില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥയിലെത്തി. രാജ്യത്ത് സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ മാറ്റം വരണം. രാജ്യത്ത് തൊഴിലില്ലായ്മ വലിയ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ രാജ്യത്ത് പ്രശ്‌നമായി നിലനില്‍ക്കുന്നിടത്തോളം പ്രതിഷേധങ്ങള്‍ അവസാനിക്കില്ലെന്നും സി.ജെ.പി സ്ഥാപകന്‍ വ്യക്തമാക്കി. തൊഴില്‍ ലഭിക്കാത്തതിനാലും പരീക്ഷകള്‍ മര്യാദക്ക് നടക്കാത്തതിനാലും ഇവിടത്തെ ചെറുപ്പക്കാരുടെ ജീവിതം നശിച്ചുപോയെന്നും ദീപ്‌കെ പറഞ്ഞു.

ദല്‍ഹിയിലെ പ്രക്ഷോഭത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അഭിജിത് ദീപ്‌കെ സ്വദേശമായ ഛത്രപതി സംഭാജി നഗറിലെത്തിയത്. ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ ധര്‍മേന്ദ്രപ്രധാന്റെ രാജിയോടെയല്ലാതെ അവസാനിപ്പിക്കില്ലെന്ന് ഞായറാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തിലും ദീപ്‌കെ പറഞ്ഞു.

ജന്തര്‍ മന്ദറിലെ പ്രക്ഷോഭത്തില്‍ ആറായിരത്തിനും ഏഴായിരത്തിനുമിടയില്‍ ആളുകള്‍ പങ്കാളികളായി. ഈ പ്രക്ഷോഭം രാജ്യത്താകെ വ്യാപിക്കും. പ്രക്ഷോഭം ദേശവ്യാപകമാക്കാനായി കര്‍മ പദ്ധതികള്‍ തയ്യാറാക്കും. ജെന്‍ സി തലമുറ പേടിച്ചിരിക്കുകയല്ലന്ന് ജന്തര്‍ മന്ദറിലെ പ്രക്ഷോഭം വ്യക്തമാക്കിത്തന്നുവെന്നും ദീപ്‌കെ പറഞ്ഞു.

ജന്തര്‍ മന്ദറിലെ പ്രതിഷേധം ഒരു ട്രെയിലര്‍ മാത്രമാണെന്ന് ദീപ്‌കെ ഇന്നലെ സമൂഹമാധ്യമമായ എക്‌സില്‍ പറഞ്ഞിരുന്നു. ‘നിങ്ങളുടെ അറിവിലേക്ക്, ഇന്നത്തെ പ്രതിഷേധം ഒരു ട്രെയിലര്‍ മാത്രമാണ്. വലിയ ജനസഞ്ചയമാവാന്‍ അവിടെ എത്തിച്ചേര്‍ന്നതിന് നിങ്ങള്‍ക്കെല്ലാം നന്ദി,’ എന്നായിരുന്നു ദീപ്‌കെ എക്‌സില്‍ കുറിച്ചത്.

യു.എസിലെ ബോസ്റ്റണിലായിരുന്ന അഭിജിത് ദീപ്‌കെ ശനിയാഴ്ചയാണ് ഇന്ത്യയിലെത്തിയത്. ദല്‍ഹിയില്‍ വിമാനമിറങ്ങിയതിന് പിന്നാലെ ദീപ്‌കെ പ്രക്ഷോഭത്തിനായി ജന്തര്‍ മന്ദറിലെത്തുകയായിരുന്നു.

Content Highlight: Modi can stop Russia-Ukraine war, but not paper leak: CJP