എഡിറ്റര്‍
എഡിറ്റര്‍
മോഡിയും ആറ് കോടി വോട്ടര്‍മാരും: ഷബ്‌നം ഹാഷ്മി
എഡിറ്റര്‍
Sunday 17th March 2013 3:46pm

ഗുജറാത്ത്:  ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മോഡിയെ കോര്‍പ്പറേറ്റ് മാധ്യമങ്ങളെല്ലാം ഗുജറാത്തിന്റെ വികസന നായകനായും ലോകമാതൃകയായുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ട നരേന്ദ്ര മോഡിയുടെ വിജയഗാഥ പാടിപ്പുകഴ്ത്തിയ മാധ്യമങ്ങള്‍ പക്ഷേ യഥാര്‍ത്ഥ കണക്കുകള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.

Ads By Google

ഗുജറാത്ത് ഇലക്ഷനില്‍ മോഡിക്ക് അനുകൂലമായി ലഭിച്ച വോട്ടുകളുടെ എണ്ണം- 1,31,33,344. കോണ്‍ഗ്രസിന് അനുകൂലമായി ലഭിച്ചത്- 1,07,61,913, മറ്റുള്ളവര്‍ക്ക് ലഭിച്ചത്- 32,72,249.

ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ഗുജറാത്തില്‍ മോഡിക്ക് അനുകൂലമായി ലഭിച്ച വോട്ടിനേക്കാള്‍ കൂടുതലാണ് അദ്ദേഹത്തിന് എതിരായി ലഭിച്ച വോട്ടുകളുടെ എണ്ണം. എന്നാല്‍ മോഡി അനുകൂല പത്രങ്ങള്‍ അദ്ദേഹത്തെ മഹാനായ നേതാവായും ഗുജറാത്തിനെ വികസനത്തിലേക്ക് നയിച്ച നായകനായും വാഴ്ത്തുകയാണ്.

പക്ഷേ, ഇവരെല്ലാം വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. ഗുജറാത്തിലെ മൂന്നില്‍ ഒരുഭാഗം ജനങ്ങള്‍ ഇപ്പോഴും ദരിദ്രരാണ്. ഗുജറാത്തിലെ പല ഗ്രാമങ്ങളിലും നഗരങ്ങളിലെ ദരിദ്രര്‍ താമിസിക്കുന്നയിടങ്ങളിലും വെള്ളമോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമോ ലഭ്യമല്ല.

പോഷകാഹാരക്കുറവും വിദ്യാഭ്യാസക്കുറവും വര്‍ധിച്ച അഴിമതിയുമെല്ലാം ഇവിടെയാണ് ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷം മാത്രമുള്ള സി.എ.ജി റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്തില്‍ 17000 കോടിയുടെ അഴിമതിയാണ് നടന്നത്. ഇതിനെ കുറിച്ചൊന്നും ഒരു മാധ്യമവും അഴിമതി വിരുദ്ധ സംഘങ്ങളും പറയുന്നില്ല.

ഗുജറാത്തില്‍ ദളിതര്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചും ആരും ചര്‍ച്ച ചെയ്യുന്നില്ല. ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം നടക്കേണ്ടത് ഈ ഭൂമിയിലാണ്, അല്ലാതെ ഇന്റര്‍നെറ്റിലും ഫേസ്ബുക്കിലുമല്ല. യഥാര്‍ത്ഥ പോരാട്ടമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇതില്‍ നിന്നും എല്ലാവരും പുറത്ത് കടക്കേണ്ടിയിരിക്കുന്നു.

ഗുജറാത്ത് ഒരു ഉദാഹരണം മാത്രമാണ്. ഇതേപോലെയുള്ള വേറെയും സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. ചോദ്യം ഇതുമാത്രമാണ്, നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കുമോ അതോ സ്വന്തം കാലടിയിലെ മണ്ണ് ചോര്‍ന്ന് പോകുന്നത് വരെ കാത്തിരിക്കുമോ.

Advertisement