മോദിയുടെ മൂന്നാം ടേമിന്റെ ആദ്യ വർഷത്തിൽ ഉണ്ടായത് 947 വിദ്വേഷ കുറ്റകൃത്യങ്ങളെന്ന് റിപ്പോർട്ട്
national news
മോദിയുടെ മൂന്നാം ടേമിന്റെ ആദ്യ വർഷത്തിൽ ഉണ്ടായത് 947 വിദ്വേഷ കുറ്റകൃത്യങ്ങളെന്ന് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th June 2025, 9:53 am

ന്യൂദൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ‌.ഡി‌.എ സർക്കാർ മൂന്നാം തവണ അധികാരമേറ്റ് ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 947 വിദ്വേഷ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സും ക്വിൽ ഫൗണ്ടേഷനും സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിലാണിത് വ്യക്തമാക്കുന്നത്.

‘മോദിയുടെ മൂന്നാം സർക്കാരിന്റെ ഒന്നാം വർഷത്തെ വിദ്വേഷ കുറ്റകൃത്യ റിപ്പോർട്ട്, മാപ്പിങ്’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് 2024 ജൂൺ ഏഴിനും 2025 ജൂൺ ഏഴിനും ഇടയിൽ നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും രേഖപ്പെടുത്തുന്നു.

ആകെ ഉണ്ടായ 947 വിദ്വേഷ കുറ്റകൃത്യങ്ങളിൽ 345 എണ്ണം വിദ്വേഷ പ്രസംഗങ്ങളും 602 എണ്ണം വിദ്വേഷ കുറ്റകൃത്യങ്ങളുമാണ്. അവയിൽ പലതും മോദിയുടെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ അംഗങ്ങളുമായോ അനുബന്ധ വ്യക്തികളുമായോ സംഘടനകളുമായോ ബന്ധപ്പെട്ടിരിക്കുന്നു.

രേഖപ്പെടുത്തിയ 602 വിദ്വേഷ കുറ്റകൃത്യങ്ങളിൽ 174 എണ്ണം ശാരീരിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടതാനെന്ന് റിപ്പോർട്ട് പറയുന്നു. ഇതിൽ 29 മരണം ഉൾപ്പെടുന്നു. ഈ ആക്രമണങ്ങളിലെ ഇരകളെല്ലാം മുസ്‌ലിങ്ങളാണ്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്, 217 എണ്ണം. മഹാരാഷ്ട്രയാണ് രണ്ടാമത്. 101 എണ്ണം. മധ്യപ്രദേശിൽ 100 ​, ഉത്തരാഖണ്ഡിൽ 84 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. ഇവയെല്ലാം തന്നെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.

രേഖപ്പെടുത്തിയ 345 വിദ്വേഷ പ്രസംഗ സംഭവങ്ങളിൽ 257 എണ്ണം രാഷ്ട്രീയ പാർട്ടിയുടെയോ വലതുപക്ഷ അനുബന്ധ സംഘടനകളുടെ അംഗങ്ങളോ ആണ് നടത്തിയത്. 178 പേരാണ് ബി.ജെ.പിയിൽ നിന്നും വിദ്വേഷ പ്രസംഗങ്ങൾ നടത്തിയത്. കൂടാതെ 21 വിശ്വഹിന്ദു പരിഷത്ത് അംഗങ്ങളും 20 ബജ്‌രംഗ്ദൾ അംഗങ്ങളും വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.

അഞ്ച് വിദ്വേഷ പ്രസംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 63 എണ്ണം ബി.ജെ.പി മുഖ്യമന്ത്രിമാരും 71 എണ്ണം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുമാണ് നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു.

345 വിദ്വേഷ പ്രസംഗ സംഭവങ്ങളിൽ 288 എണ്ണം പൊതുയോഗങ്ങൾ, റാലികൾ, യോഗങ്ങൾ എന്നിവക്കിടയിലാണ് നടന്നത്. ഏഴെണ്ണം പാർലമെന്റ് അല്ലെങ്കിൽ നിയമസഭാ സമ്മേളനങ്ങൾക്കിടയിലും 23 എണ്ണം ഓൺലൈനായും 27 എണ്ണം പത്രസമ്മേളനങ്ങൾ അല്ലെങ്കിൽ അഭിമുഖങ്ങൾക്കിടയിലുമാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ വിദ്വേഷ കുറ്റകൃത്യങ്ങളിലും പ്രസംഗങ്ങളിലും വൻ വർധനയുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു .

മുസ്‌ലിങ്ങളെ നേരിട്ട് ആക്രമിച്ച 87 സംഭവങ്ങളും 20 വിദ്വേഷ പ്രസംഗ സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മോദിയുടെ മൂന്നാം ഊഴത്തിൽ ഉണ്ടായ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 1460 മുസ്‌ലിങ്ങളും 1504 ക്രിസ്ത്യാനികളും ഉൾപ്പെടെ 2964 പേർ ഇരകളായെന്നും റിപ്പോർട്ടിൽ പറയുന്നു.

Content Highlight: Modi 3.0 marked by 947 hate-related incidents in one year: Report