പശ്ചിമ ബംഗാളിൽ മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ കുടുംബത്തിന്റെ വീട് ആക്രമിച്ച് ഹിന്ദുത്വവാദികൾ
national news
പശ്ചിമ ബംഗാളിൽ മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ കുടുംബത്തിന്റെ വീട് ആക്രമിച്ച് ഹിന്ദുത്വവാദികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd March 2025, 10:24 am

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ കുടുംബത്തിന്റെ വീട് ആക്രമിച്ച് ഹിന്ദുത്വവാദികൾ. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ പാൻഷ്കുര പട്ടണത്തിലാണ് സംഭവം.

കുടുംബം വീട്ടിൽ നടത്തിയ പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തവർ ഹിന്ദുക്കളെ മതപരിവർത്തനം നടത്താൻനിർബന്ധിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 24 നായിരുന്നു വീട്ടിൽ പ്രാർത്ഥനാ യോഗം നടത്തിയത്. പ്രാർത്ഥനയിൽ പങ്കെടുത്തവർ പ്രാദേശിക ഹിന്ദുക്കളെ മതപരിവർത്തനം നടത്താൻ പ്രലോഭിപ്പിക്കുമെന്നായിരുന്നു ആരോപണം. ഹിന്ദുക്കൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകി വശീകരിക്കുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം അഴിച്ച് വിട്ടത്.

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ആക്രമണത്തിന്റെ വീഡിയോയിൽ, പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെയുള്ള പ്രകോപിതരായ ജനക്കൂട്ടം ക്രിസ്ത്യൻ കുടുംബത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നത് കാണിക്കുന്നു. തുടർന്ന് അവർ വീട്ടിലുള്ളവരെ ആക്രമിക്കുകയും മുറ്റത്തുള്ള മതപരമായ പ്രതിഷ്ഠയിൽ തുളസി ചെടി നടക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

ഒരു കൂട്ടം ഹിന്ദു സ്ത്രീകൾ പ്രാർത്ഥനയിൽ പങ്കെടുത്ത ക്രിസ്ത്യൻ സ്ത്രീകളെ ആക്രമിക്കുകയും മുറിയിൽ നിന്ന് വലിച്ചിഴച്ച് മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്യുന്നതായി കാണാം.

2025 മാർച്ച് ഒന്നിന് ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ, പ്രത്യേകിച്ച് ബിഷ്രാംപൂർ, ജനക്പൂർ, ഗണേഷ്പൂർ എന്നിവിടങ്ങളിൽ, ഹിന്ദുക്കളോട് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യാനും ക്രിസ്ത്യൻ സമൂഹത്തിലെ സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യാനും തീവ്ര ഹിന്ദുത്വവാദിയായ ആദേശ് സോണി നിർദേശിച്ചിരുന്നു.

2024 ഒക്ടോബർ അവസാനത്തോടെ, ഇന്ത്യയിലുടനീളമുള്ള ക്രിസ്ത്യൻ സമൂഹത്തിനെതിരായ അക്രമങ്ങൾ ഭയാനകമായ തലത്തിലെത്തിയെന്ന് , യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF) റിപ്പോർട്ട് ചെയ്തു.

ഏറ്റവും കൂടുതൽ വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഉത്തർപ്രദേശിലാണ്, 182. തൊട്ടുപിന്നിൽ 139 സംഭവങ്ങളുമായി ഛത്തീസ്ഗഢ്. മധ്യപ്രദേശ്, ജാർഖണ്ഡ്, ദൽഹി , ഹരിയാന എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളും ഉണ്ട്.

 

Content Highlight: Mob attacks Christian home in West Bengal, accuses family of religious conversion