നേരത്തെ, മന്ത്രിയായ ശേഷം ഇടുക്കിയില്‍ നല്‍കിയ സ്വീകരണത്തില്‍ നോട്ട് അസാധുവാക്കലിനെ പിന്തുണച്ച രാജഗോപാല്‍ തലയ്ക്ക് സുഖമില്ലാത്ത ആളാണെന്ന് മണി പറഞ്ഞിരുന്നു.
തിരുവനന്തപുരം: ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിനെയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും രൂക്ഷമായി വിമര്‍ശിച്ച് വൈദ്യുതി മന്ത്രി എം.എം മണി.
ഒ. രാജഗോപാല്‍ എം.എല്‍.എയാകാന്‍ കാരണം ബി.ജെ.പി-യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് മണി പറഞ്ഞു. മന്ത്രിയായ ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം രാജഗോപാലിനെതിരായ പരാമര്‍ശങ്ങളുമായി രംഗത്തെത്തുന്നത്. കൂടാതെ വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണ പ്രസ്ഥാനത്തെ ആര്‍.എസ്.എസിന് ഒറ്റുകൊടുത്ത വഞ്ചകനാണെന്നും മണി കൂട്ടിച്ചേര്‍ത്തു. ബി.ഡി.ജെ.എസ് ബി.ജെ.പി സഖ്യത്തില്‍ ചേര്‍ന്നതിനെ സൂചിപ്പിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നേരത്തെ, മന്ത്രിയായ ശേഷം ഇടുക്കിയില്‍ നല്‍കിയ സ്വീകരണത്തില്‍ നോട്ട് അസാധുവാക്കലിനെ പിന്തുണച്ച രാജഗോപാല്‍ തലയ്ക്ക് സുഖമില്ലാത്ത ആളാണെന്ന് മണി പറഞ്ഞിരുന്നു. കേരളത്തിന് പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു.
അതേസമയം മണിയ്ക്ക് മറുപടി നല്‍കാനില്ലെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ പ്രതികരിച്ചു. മന്ത്രിസ്ഥാനത്ത് എത്തുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ വേളയില്‍ ഇടുക്കിയില്‍ എത്തിയ വെള്ളാപ്പള്ളി നടേശന്‍, എം.എം. മണിയെ കരിങ്കുരങ്ങെന്നും കരിംഭൂതമെന്നും വിളിച്ച് അധിക്ഷേപിച്ചത് വന്‍ വിവാദമായിരുന്നു. എന്നാല്‍ ഈ നിലപാട് തിരുത്തി ബുധനാഴ്ച എസ്.എന്‍.ഡി.പി നെടുങ്കണ്ടം പച്ചടി ശ്രീധരന്‍ സ്മാരക യൂണിയന്‍ ഉദ്ഘാടനം ചെയ്യവെ വെള്ളാപ്പളളി എം.എം മണിയെ പുകഴ്ത്തി സംസാരിച്ചിരുന്നു.
ഹൈറേഞ്ചുകാര്‍ക്കു വേണ്ടി ധീരോദാത്തമായി പോരാടിയ വ്യക്തിയാണ് മണിയാശാനെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. വിദ്യാഭ്യാസമല്ല, കൂര്‍മബുദ്ധിയും ഇച്ഛാശക്തിയുമാണ് നല്ല ഭരണാധികാരിക്കു വേണ്ടത്. അതു മണിയാശാനുണ്ട്. ഞാന്‍ മണിയാശാന്റെ ആരാധകനായിരുന്ന ആളാണ്. മണിയാശാന്‍ ഇനി കേരളത്തിന്റെ പൊതുസ്വത്താണ്, വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു.
