കൊച്ചി: കപ്പല്‍ അപകടത്തിലെ ഗ്യാരണ്ടി തുക ഹൈക്കോടതിയില്‍ കെട്ടിവെച്ച് എം.എല്‍.സി എല്‍സ-ത്രീ. 1227.62 കോടി രൂപയാണ് കെട്ടിവെച്ചത്.
ഗ്യാരണ്ടി തുക കെട്ടിവെക്കാത്ത പക്ഷം വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന എം.എല്‍.സിയുടെ അക്വിറ്റേറ്റ-2നെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
അതേസമയം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസില്‍ വാദം തുടരുകയാണ്. വിധി സംസ്ഥാനത്തിന് അനുകൂലമായാല്‍ കപ്പല്‍ കമ്പനി കെട്ടിവെച്ച തുകയുടെ പലിശ ഉള്‍പ്പെടെ കേരളത്തിന് ലഭിക്കും. 9531 കോടി രൂപയുടെ നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
2025 മെയ് അഞ്ചിനാണ് എം.എസ്.സി എല്‍സ-ത്രീ കപ്പല്‍ അപകടത്തില്‍പ്പെട്ടത്. കൊച്ചി തീരത്താണ് അപകടമുണ്ടായത്. വിഴിഞ്ഞത്ത് നിന്നും പോകും വഴിയായിരുന്നു അപകടം.
470ഓളം കണ്ടെയ്നറുകളടങ്ങിയ കപ്പല്‍ മുഴുവനായും കടലില്‍ മുങ്ങുകയായിരുന്നു. അപകടം നടക്കുമ്പോള്‍ 84 ടണ്‍ മറൈന്‍ ഡീസല്‍, 367 ടണ്‍ സള്‍ഫര്‍ അടങ്ങിയ എണ്ണ, അറുപത് കണ്ടെയ്നറുകളില്‍ ചെറിയ പ്ലാസ്റ്റിക് പെല്ലറ്റുകള്‍, 58 കണ്ടെയ്നറുകളില്‍ കാത്സ്യം ഓക്സൈഡ് തുടങ്ങിയവയാണ് കപ്പലിലുണ്ടായിരുന്നത്.
ഇവ മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് ഫിഷറീസ് വകുപ്പ് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അപകടത്തില്‍ ഷിപ്പിങ് കമ്പനിക്കെതിരെ കേസെടുത്തിരുന്നു. കപ്പല്‍ കമ്പനിയെ ഒന്നാം പ്രതിയാക്കിയും ഷിപ്പ് മാസ്റ്ററെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) 282, 285, 286, 287, 288 വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ഉദാസീനമായി പ്രവര്‍ത്തിച്ചു, മനുഷ്യജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു, അപകടരമായ വസ്തുക്കള്‍ ഉണ്ടായിട്ടും മനുഷ്യജീവന് ബാധിക്കുന്ന തരത്തില്‍ കപ്പല്‍ കൈകാര്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
Content Highlight: MLC ship accident; Shipping company deposits Rs 1227.62 crore as guarantee amount