എം.എല്‍.എമാര്‍ ജാതി തിരിഞ്ഞ് യോഗം; യു.പി ബി.ജെ.പിയില്‍ ജാതിപ്പോര് രൂക്ഷം
national news
എം.എല്‍.എമാര്‍ ജാതി തിരിഞ്ഞ് യോഗം; യു.പി ബി.ജെ.പിയില്‍ ജാതിപ്പോര് രൂക്ഷം
ആദര്‍ശ് എം.കെ.
Saturday, 27th December 2025, 8:27 am

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ ജാതി തിരിഞ്ഞ് യോഗം ചേര്‍ന്ന് എം.എല്‍.എമാരും എം.എല്‍.സികളും. പാര്‍ട്ടിയിലെ ബ്രാഹ്‌മണരായ 40 എം.എല്‍.എമാരും എം.എല്‍.സികളും യോഗം ചേര്‍ന്നത് വന്‍ രാഷ്ട്രീയ വിവാദത്തിന് വഴി വെച്ചിരിക്കുകയാണ്.

ഖുശിനഗര്‍ എം.എല്‍.എ പി.എന്‍ പഥക്കിന്റെ വസതിയിലാണ് പാര്‍ട്ടിയിലെ ‘വരേണ്യവിഭാഗം’ പ്രത്യേക യോഗം ചേര്‍ന്നത്. വൈകീട്ട് ഏഴ് മണിയോടെ ആരംഭിച്ച യോഗം അര്‍ധ രാത്രി വരെ നീണ്ടു.

ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്തെ ബ്രാഹ്‌മണ വിഭാഗം ഒതുക്കപ്പെടുന്നു എന്ന ആരോപണത്തിനിടെയാണ് പാര്‍ട്ടിയിലെ ബ്രാഹ്‌മണ എം.എല്‍.എ – എം.എല്‍.സികളുടെ പ്രത്യേക യോഗമെന്നതും ശ്രദ്ധേയമാണ്.

ബ്രാഹ്‌മണ വിഭാഗത്തെ ഒതുക്കുന്ന യോഗിയുടെ നിലപാടിനെ എങ്ങനെയെല്ലാം ചെറുക്കാം എന്നാണ് ഇവര്‍ ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘പാര്‍ട്ടിക്കുള്ളിലെ ഇത്തരം ജാതി കൂട്ടായ്മകള്‍ നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ അവര്‍ സമ്മര്‍ദ ഗ്രൂപ്പുകളായി മാറും. ജാതി ഏകീകരണം ലക്ഷ്യമിടുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശം വളച്ചൊടിക്കും,’ പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞു.

ബി.ജെ.പിയിലെ ക്ഷത്രിയ വിഭാഗത്തിലെ എം.എല്‍.എമാരും എം.എല്‍.സികളും പ്രത്യേക യോഗം ചേര്‍ന്നിരുന്നു. നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കവെയാണ് ഈ യോഗങ്ങളും ചേര്‍ന്നത്.

നേരത്തെ ബ്രാഹ്‌മണര്‍ക്ക് അവര്‍ അര്‍ഹിച്ച ആദരവോ ബഹുമാനമോ ലഭിക്കുന്നില്ലെന്നാരോപിച്ച് ബി.ജെ.പി മന്ത്രി പ്രതിഭാ ശുക്ല അക്ബര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ ധര്‍ണ നടത്തിയിരുന്നു.

പാര്‍ട്ടിയിലെ ജാതി ബ്ലോക്കുകള്‍ ശക്തമായതോടെ ഇത്തരം യോഗം ചേരലുകളും മറ്റും ഉണ്ടാകരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പങ്കജ് ചൗധരി ആവശ്യപ്പെട്ടിരുന്നു. ഇത്തരം നിലപാടുകള്‍ പാര്‍ട്ടിയുടെ അടിസ്ഥാന തത്വത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാണെന്നും ചൗധരി പറഞ്ഞു.

ഇത്തരത്തിലുള്ള കൂടിച്ചേരലുകള്‍ തെറ്റായ സന്ദേശം നല്‍കും. ഇനിയും ഇതേ നിലപാട് തുടര്‍ന്നാല്‍ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

സമാജ്‌വാദി പാര്‍ട്ടി (എസ്.പി, ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി), കോണ്‍ഗ്രസ് എന്നിവര്‍ പരമ്പരാഗതമായി സംസ്ഥാനത്തെ ജാതി സ്വത്വങ്ങളെ ആശ്രയിച്ചവരാണെന്നും ഇപ്പോള്‍ രാഷ്ട്രീയ തകര്‍ച്ച നേരിടുകയാണെന്നും ചൗധരി ആരോപിച്ചു. നരേന്ദ്ര മോദിയുടെ ഭരണ മാതൃക സംസ്ഥാനത്തെ ജാതി രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തിയെന്നും സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയിലെ ഈ ജാതി ബ്ലോക്കുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിച്ചു. ഭരണപക്ഷത്തെ ചേരിപ്പോര് വ്യക്തമാക്കുന്നതാണ് ഇത്തരം ജാതി തിരിഞ്ഞുള്ള യോഗമെന്നായിരുന്നു സമാജ്‌വാദി എം.എല്‍.എ അമിതാഭ് ബാജ്‌പേയ്‌യുടെ വിമര്‍ശനം.

അതേസമയം, ജനുവരി അഞ്ചിന് ബ്രാഹ്‌മണ എം.എല്‍.എ – എം.എല്‍.സികള്‍ മറ്റൊരു യോഗം ചേരാന്‍ പദ്ധതിയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ തീരുമാനവുമായി ഇവര്‍ മുന്നോട്ട് പോകുമോ എന്ന ആശങ്കയിലാണ് നേതൃത്വം.

 

Content Highlight: MLAs and MLCs of the Uttar Pradesh BJP met on the basis of caste.

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.