'ഒരാളേയും അപകീര്‍ത്തിപ്പെടുത്തുന്ന വാക്ക് എന്റെ വായില്‍ നിന്ന് വരില്ല, അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേര്': മുകേഷ്
Kerala
'ഒരാളേയും അപകീര്‍ത്തിപ്പെടുത്തുന്ന വാക്ക് എന്റെ വായില്‍ നിന്ന് വരില്ല, അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേര്': മുകേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th December 2025, 11:32 am

കൊല്ലം: രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് എം.എൽ.എ മുകേഷ്. തന്റെ പേര് പറയുന്നത് കോൺഗ്രസിന് എന്നും ഒരു കച്ചിത്തുരുമ്പാണെന്നും അത് അവർ പറയട്ടെയെന്നും മുകേഷ് പറഞ്ഞു.

തന്റെ ഭാഗത്തുനിന്നും ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്ന ഒന്നും തന്നെയുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്തരത്തിലുള്ള രാഷ്ട്രീയമല്ല തനിക്കുള്ളതെന്നും തന്റെ ഭാഗത്തുനിന്ന് മുമ്പ് അങ്ങനെയുണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന്റെ ബാലറ്റ് റൈഡിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

‘ഞാനിവിടെ ഇലക്ഷന് വന്നപ്പോൾ കൺവെൻഷന്റെ സമയത്ത് നടത്തിയ ആദ്യത്തെ പ്രസംഗത്തിൽ ഞാൻ വലിയ തമാശക്കാരനാണെന്നും ആൾക്കാരുടെ കുറ്റങ്ങൾ കണ്ടുപിടിച്ച് പറയുന്ന ആളായിരിക്കും എന്നൊക്കെ പലരും കരുതിയിരുന്നു,’ മുകേഷ് പറഞ്ഞു.

‘ഞാൻ ആരെയെങ്കിലും പരിഹസിക്കുന്നു, സ്ത്രീകളെയും മറ്റു ജാതിക്കാരെയും മതക്കാരെയും വ്രണപ്പെടുത്തുന്നു എന്നിങ്ങനെയുള്ള ഒരു കാര്യവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്റ വായിൽ നിന്നും ഒരാളെയും അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായിട്ടില്ല,’

മുകേഷിനെതിരെ വന്ന ആക്ഷേപം നേരിട്ട സാഹചര്യമെന്തായിരുന്നു എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനും അദ്ദേഹം പ്രതിരിച്ചു.

തന്നെ അത്തരം ആക്ഷേപങ്ങൾ ഏശിയിട്ടില്ലെന്നും അങ്ങനെയൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നമുക്കുള്ളിൽ ഒരു കുറ്റബോധമുണ്ടാകുമെന്നും ഇത് കോടതിയിലിരിക്കുന്ന കേസല്ലേ അവർ തെളിയിക്കട്ടെ തനിക്ക് അതിനകത്ത് ശുഭാപ്തി വിശ്വാസമുണ്ടെന്നും മുകേഷ് വ്യക്തമാക്കി.

തന്റെ ശ്രദ്ധ മുഴുവൻ കൊല്ലത്തിന്റെ വികസനത്തിലും തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: MLA Mukesh says he has nothing to say about Rahul Mangkootatil