തിരൂര്‍ ജില്ല യാഥാര്‍ത്ഥ്യമാക്കണം; റവന്യൂ അസംബ്ലിയില്‍ ആവശ്യം ഉന്നയിച്ച് കുറുക്കോളി മൊയ്തീന്‍
Kerala
തിരൂര്‍ ജില്ല യാഥാര്‍ത്ഥ്യമാക്കണം; റവന്യൂ അസംബ്ലിയില്‍ ആവശ്യം ഉന്നയിച്ച് കുറുക്കോളി മൊയ്തീന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th August 2025, 2:08 pm

തിരുവനന്തപുരം: സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്ന തീരദേശ മേഖലകളടങ്ങിയ തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകള്‍ ഉള്‍പ്പെടുത്തി തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് എം എല്‍ എ കുറുക്കോളി മൊയ്തീന്‍. റവന്യു മന്ത്രി കെ.രാജന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത റവന്യൂ അസംബ്ലിയിലാണ് തിരൂര്‍ എം.എല്‍.എ ആവശ്യം ഉന്നയിച്ചത്.

ജനസംഖ്യയില്‍ വളരെ മുന്നിലുള്ള മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്ക് ആവശ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമായി ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനുള്ള പരിഹാരം മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരൂര്‍ നിയോജകമണ്ഡലത്തിലെ വെട്ടം പഞ്ചായത്തില്‍ കടല്‍ ഇറങ്ങിയതിനെ തുടര്‍ന്ന് പുറമ്പോക്കായി കിടക്കുന്ന സ്ഥലത്ത് ഭിന്നശേഷി പാര്‍ക്ക് നിര്‍മിക്കാന്‍ ബജറ്റില്‍ തുക അനുവദിച്ചിരുന്നു.

എന്നാല്‍, നമ്പറില്ലാത്ത ഭൂമി എന്ന കാരണത്താല്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ല. ഈ തടസം നീക്കി എത്രയും വേഗം പാര്‍ക്ക് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വളവന്നൂര്‍, കല്‍പ്പകഞ്ചേരി വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടും നിര്‍മ്മാണത്തിനുള്ള ഫണ്ട് ലഭ്യമാകാത്തതില്‍ കുറുക്കോളി മൊയ്തീന്‍ പ്രതിഷേധം രേഖപ്പെടുത്തി. എത്രയും വേഗം ഫണ്ട് അനുവദിച്ചു നിര്‍മ്മാണം തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആതവനാട്, അനന്താവൂര്‍, കുറുമ്പത്തൂര്‍, തിരുനാവായ, തലക്കാട് എന്നീ വില്ലേജുകളെ സ്മാര്‍ട്ട് വില്ലേജുകളാക്കി മാറ്റുക, സ്ഥലസൗകര്യമില്ലാത്ത തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പുതിയ ബ്ലോക്ക് നിര്‍മ്മിക്കുക, വളവന്നൂര്‍, തിരുനാവായ വില്ലേജ് ഓഫീസുകളോട് ചേര്‍ന്നുള്ള സ്ഥലത്ത് റവന്യൂ ടവര്‍ നിര്‍മ്മിക്കുക, തിരൂര്‍ താലൂക്കില്‍ പട്ടയത്തിന് അപേക്ഷിച്ച അര്‍ഹരായ എല്ലാവര്‍ക്കും അത് ലഭ്യമാക്കുക, കൂടുതല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന തിരൂര്‍ നിയോജക മണ്ഡലത്തിലെ ഭൂമി തരം മാറ്റാനുള്ള അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുക, തിരുനാവായ കൊടക്കല്‍ ടൈല്‍ ഫാക്ടറിയുമായി ബന്ധപ്പെട്ട സ്ഥലം പണം കൊടുത്ത് വാങ്ങിയ കുടുംബങ്ങള്‍ക്ക് ക്രയവിക്രയത്തിന് അനുമതി നല്‍കുക എന്നിവയാണ് റവന്യൂ അസംബ്ലിയില്‍ എം എല്‍ എ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍.

എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിച്ച് അനുകൂലമായ നടപടി സ്വീകരിക്കാമെന്ന് റവന്യൂ മന്ത്രി ഉറപ്പ് നല്‍കി.

നേരെത്തെ എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവരും മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി അന്‍വറും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രചരണം നടത്തിയിരുന്നു.

Content Highlight: MLA Kurukoli Moideen wants a new district to be formed with Tirur as its headquarters