താന്‍ എവിടുത്തെ മാധ്യമപ്രവര്‍ത്തകനാണ്, വര്‍ഗീയവാദി; അധിക്ഷേപ പരാമര്‍ശവുമായി ജി. സുധാകരന്‍
Kerala News
താന്‍ എവിടുത്തെ മാധ്യമപ്രവര്‍ത്തകനാണ്, വര്‍ഗീയവാദി; അധിക്ഷേപ പരാമര്‍ശവുമായി ജി. സുധാകരന്‍
ആദർശ് എം.കെ.
Saturday, 11th July 2026, 4:50 pm

 

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ജി. സുധാകരന്‍ എം.എല്‍.എയുടെ അധിക്ഷേപവര്‍ഷം. മാധ്യമപ്രവര്‍ത്തകനെ വര്‍ഗീയവാദി എന്ന് വിളിച്ചുകൊണ്ടാണ് സുധാകരന്‍ തട്ടിക്കയറിയത്.

കൈരളി ടി.വി റിപ്പോര്‍ട്ടറെയാണ് സുധാകരന്‍ പ്രധാനമായും അധിക്ഷേപിച്ചത്.

എച്ച്. സലാമുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോഴാണ് അദ്ദേഹം ക്ഷുഭിതനായത്. താന്‍ എവിടുത്തെ മാധ്യമപ്രവര്‍ത്തകനാണെന്ന് ചോദിച്ച സുധാകരന്‍, റിപ്പോര്‍ട്ടറെ വര്‍ഗീയവാദി എന്ന് വിളിച്ചു. പ്രസ്തുത റിപ്പോര്‍ട്ടര്‍ മുന്‍പ് ഒരു വര്‍ഗീയ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്യം തനിക്ക് അറിയാമെന്നും അദ്ദേഹം ആരോപിച്ചു

ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ മൈക്കുകള്‍ അദ്ദേഹം തട്ടിമാറ്റുകയും ചെയ്തു

സി.പി.ഐ.എമ്മിന്റെ വേഷം ധരിച്ചു നടക്കുന്ന ‘പൊളിറ്റിക്കല്‍ ക്രിമിനലുകള്‍’ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘എച്ച്. സലാമിന് വിവരമുണ്ടോ? ഞാന്‍ കണക്ക് പറഞ്ഞാല്‍ അവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. എനിക്കിപ്പോഴും കമ്മ്യൂണിസം ഉണ്ട്. ഇലക്ഷന്‍ കാലത്ത് പിരിക്കുന്ന ഫണ്ടിന്റെ കണക്ക് പൊതുജനങ്ങളോട് പറയുമോ? അണ്ണാക്കിലേക്ക് കൈവിരലിടുകയാണ്. ഇയാളാണോ കമ്മ്യൂണിസ്റ്റ്? അയാള്‍ക്ക് വ്യക്തിവൈരാഗ്യമാണ്. ആദ്യം മാര്‍ക്സിസവും ലെനിനിസവും പഠിക്കട്ടെ. ഗുണംപിടിക്കില്ല. അമ്പലപ്പുഴയില്‍ ഇനി ആ പുല്ല് കിളിര്‍ക്കാന്‍ പോകുന്നില്ല’: ജി സുധാകരന്‍ പറഞ്ഞു.

രണ്ടുമാസം മുന്‍പ് സ്ത്രീജനങ്ങളുടെ പ്രതിഷേധം തനിക്കെതിരെ നടന്നിരുന്നെന്നും 12 പേര്‍ തികച്ച് ഇല്ലായിരുന്നു പരിപാടിക്കെന്നും ജി സുധാകരന്‍ പറഞ്ഞു. അഭിമാനമുളള സ്ത്രീകളാരും അവിടെ വരില്ലെന്നും സി.പി.ഐ.എമ്മിന്റെ വേഷം ധരിച്ച് നടക്കുന്ന പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ആണ് ഇപ്പോഴുളളതെന്നുമായിരുന്നു അമ്പലപ്പുഴ എം.എല്‍.എയുടെ പ്രതികരണം.

 

Content Highlight: MLA G. Sudhakaran unleashes a barrage of insults at journalists.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.