ധര്‍മപുരി: തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി പ്രതിപക്ഷത്തേക്കാള്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ ഒരു തല്‍ക്ഷണ വിള വായ്പ പദ്ധതിക്ക് തുടക്കം കുറിച്ച് ധര്‍മപുരിയില്‍ ഇന്ന് (ഞായറാഴ്ച) നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ഭരണകക്ഷിയായ ഡി.എം.കെയെയും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഗവര്‍ണര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ സംരംഭങ്ങള്‍ വിവരിച്ച മുഖ്യമന്ത്രി ഇത്തരം പദ്ധതികളിലൂടെ തമിഴ്‌നാട് രാജ്യത്തിന് തന്നെ ഒരു വഴികാട്ടിയായി മാറിയെന്നും പറഞ്ഞു.
രാജ്യത്തിന് ദിശ കാണിക്കുന്നത് ദ്രാവിഡ മോഡല്‍ സര്‍ക്കാരാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചില ദുഷ്ടന്മാര്‍ക്ക് ഇത് സഹിക്കാനാകുന്നില്ലെന്നും അവര്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആരോപിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തുപറയുന്നു എന്നതിനെ കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും കാരണം അതാണ് അവരുടെ രാഷ്ട്രീയമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അവരേക്കാള്‍ വിലകുറഞ്ഞ രാഷ്ട്രീയം നടത്തുന്ന ഒരാളുണ്ടെന്നും അതാരാണെന്ന് നിങ്ങള്‍ക്കറിയാമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
‘അത് ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍ ആര്‍.എന്‍ രവിയാണ്. രാജ്ഭവനില്‍ അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് അറിയാം. ഡി.എം.കെയ്ക്കും സര്‍ക്കാരിനും എതിരായി അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നു. അദ്ദേഹം ദ്രാവിഡത്തെ അപമാനിക്കും. നിയമനിര്‍മാണ ബില്ലുകള്‍ അംഗീകരിക്കില്ല,’ എം.കെ സ്റ്റാലിന്‍ പറഞ്ഞു.
സംസ്ഥാനത്തെ വിദ്യാഭ്യാസം, ക്രമസമാധാനം, സ്ത്രീ സുരക്ഷ എന്നിവയെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനും മുഖ്യമന്ത്രി ഗവര്‍ണറെ വിമര്‍ശിച്ചു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സ്ത്രീ സുരക്ഷ, യുവാക്കള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗം എന്നീ വിഷയങ്ങളില്‍ ഗവര്‍ണര്‍ ആശങ്ക പ്രകടിപ്പിച്ചതിനുള്ള മറുപടിയെന്നോണമാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
തമിഴ്‌നാടിനും ഇവിടുത്തെ ജനങ്ങളുടെ വികാരങ്ങള്‍ക്കും എതിരായി നിരന്തരം പ്രവര്‍ത്തിക്കുന്ന ഗവര്‍ണറിലൂടെ ബി.ജെ.പി സര്‍ക്കാര്‍ വിലകുറഞ്ഞ രാഷ്ട്രീയം നടത്തുകയാണെന്നും എം.കെ സ്റ്റാലിന്‍ ആരോപിച്ചു.
‘ഗവര്‍ണര്‍ തമിഴ്നാട്ടില്‍ തന്നെ തുടരണമെന്നാണ് ഞാന്‍ പറയുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യവും നമ്മുടെ ജീവിതരീതിക്ക് നേരെയുള്ള നിരന്തരമായ ആക്രമണവും നമ്മുടെ സംസ്‌കാരത്തോടും ഭാഷയോടുമുള്ള നമ്മുടെ സ്‌നേഹം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും,’ മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: MK Stalin Says governor RN Ravi is playing cheaper politics than the opposition in Tamilnadu