‘തമിഴ്നാടിനെ ഒരിക്കലും തലകുനിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’ എന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന ഡി.എം.കെയുടെ നേതാവ് സെന്തില്‍ ബാലാജിയുടെ സാന്നിധ്യവും പരിപാടിയിലുണ്ടായിരുന്നു.
മാത്രമല്ല ബി.ജെ.പിയെ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ അവര്‍ സംസ്ഥാനങ്ങളില്ലാത്ത രാജ്യമുണ്ടാക്കുമെന്നും ഡി.എം.കെ നടത്തുന്നത് പാര്‍ട്ടി പോരാട്ടമല്ലെന്നും തമിഴ്‌നാടിന് വേണ്ടിയുള്ള പോരാട്ടമാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ സ്റ്റാലിന്‍ പറഞ്ഞു.
‘ഇപ്പോള്‍ നമ്മള്‍ ബി.ജെ.പിയെ തടഞ്ഞില്ലെങ്കില്‍, അടുത്തതായി അവര്‍ സംസ്ഥാനങ്ങളില്ലാത്ത ഒരു രാജ്യമുണ്ടാക്കും. ഇത് ഒരു പാര്‍ട്ടി പോരാട്ടമല്ല, ഇത് തമിഴ്നാടിനുവേണ്ടിയുള്ള പോരാട്ടമാണ്,’ സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി.
തമിഴ്‌നാട്ടില്‍ അടിച്ചമര്‍ത്തലിനും ആധിപത്യത്തിനും പ്രവേശനമില്ലെന്നും അതുകൊണ്ട് ബി.ജെ.പിക്കും ‘നോ എന്‍ട്രി,’ എന്നും സ്റ്റാലിന്‍ പറഞ്ഞു.
‘ബി.ജെ.പിക്ക് ഇവിടെ പ്രവേശനമില്ല. മൂന്നാം തവണയും മോദി അധികാരത്തില്‍ വന്നിട്ടും തമിഴ്‌നാട്ടില്‍ മോദി മാജിക് പ്രവര്‍ത്തിച്ചില്ല,’ സ്റ്റാലിന്‍ പറഞ്ഞു.
നിര്‍ബന്ധിതമായി ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കല്‍ മുതല്‍ വിദ്യാഭ്യാസ ധനസഹായം തടഞ്ഞുവയ്ക്കുന്നതുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ സാംസ്‌കാരികവും ഭരണപരവുമായ അടിച്ചേല്‍പ്പിക്കലുകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ മേധാവിയുമായ എടപ്പാടി പളനിസാമി പാര്‍ട്ടിയുടെ സ്വാതന്ത്ര്യം ബി.ജെ.പിക്ക് മുന്നില്‍ അടിയറവ് വെച്ചതായി സ്റ്റാലിന്‍ ആരോപിച്ചു.
‘റെയ്ഡുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം എ.ഐ.എ.ഡി.എം.കെയെ പണയപ്പെടുത്തിയിരിക്കുന്നു. പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാട് അണ്ണാദുരൈയുടെ തത്വങ്ങളോടുള്ള വഞ്ചനയാണ്, പഴയ ‘അണ്ണായിസം’ ‘അടിമത്വം’ ആയി മാറിയിരിക്കുന്നു’ സ്റ്റാലിന്‍ പറഞ്ഞു.