V. S. Achuthanandan: വിപ്ലവ സൂര്യന് എന്റെയും തമിഴ്‌നാട് ജനതയുടെയും ലാല്‍ സലാം: സ്റ്റാലിന്‍
Kerala News
V. S. Achuthanandan: വിപ്ലവ സൂര്യന് എന്റെയും തമിഴ്‌നാട് ജനതയുടെയും ലാല്‍ സലാം: സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st July 2025, 6:46 pm

 

ചെന്നൈ: അന്തരിച്ച മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അനുശോചനമറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കേരളത്തിന്റെ രാഷ്ട്രീയ മനസാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യമായിരുന്നു അദ്ദേഹമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച അനുശോചന കുറിപ്പില്‍ സ്റ്റാലിന്‍ പറഞ്ഞു.

തന്റെ പിതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം. കരുണാനിധിക്കൊപ്പമുള്ള വി.എസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്റ്റാലിന്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

വിപ്ലവ സൂര്യന്റെ വേര്‍പാടില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സി.പി.ഐ.എമ്മിനും ഓരോ സഖാക്കള്‍ക്കും കേരള ജനതയ്ക്കും തന്റെ അനുശോചനമറിയിക്കുന്നതായും സ്റ്റാലിന്‍ പോസ്റ്റില്‍ കുറിച്ചു.

ഇന്ന് വൈകീട്ടാണ് വി.എസ്.അന്തരിച്ചത്. ഹൃദയാഘാതത്തെതുടര്‍ന്ന് ഒരുമാസമായി തിരുവനന്തപുരത്തെ പട്ടം എസ്.യു.ടി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അടുത്തിടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും വീണ്ടും വഷളാവുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കം മുതിര്‍ന്ന സി.പി.ഐ.എം നേതാക്കളും കോണ്‍ഗ്രസ് നേതാവായ വി.എം. സുധീരന്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

വി.എസിന്റെ ഭൗതികദേഹം എ.കെ.ജി. സെന്ററിലേക്ക് കൊണ്ടുവരും. രാത്രിയോടെ ഭൗതികദേഹം തിരുവനന്തപുരത്തെ വസതിയിലെത്തിക്കും. നാളെ രാവിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

ശേഷം ദേശീയപാത വഴി രാത്രിയോടെ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ച കഴിഞ്ഞ് ആലപ്പുഴ വലിയ ചുടുകാട്ടില്‍ വെച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

 

Content Highlight: MK Stalin pays tribute to V. S. Achuthanandan