തെങ്കാശി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിഭാഷ നയത്തെ (ത്രീ ലാംഗ്വേജ് പോളിസി) അനുകൂലിച്ച് തമിഴ്‌നാട്ടില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
സങ്കരന്‍കോവിലില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സ് (എസ്.പി.എ) സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചാരണങ്ങള്‍ക്കെതിരെയാണ് സ്റ്റാലിന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
ത്രിഭാഷാ നയത്തെ എതിര്‍ക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ വാദങ്ങളെ സ്റ്റാലിന്‍ തള്ളി. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നയത്തെ എതിര്‍ക്കുന്നതും വിദ്യാഭ്യാസത്തിന്റൈ ഗുണനിലവാരവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.
‘കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് ത്രിഭാഷ നയം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. എന്നാല്‍ എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനോട് പ്രതികരിച്ച ധര്‍മേന്ദ്ര പ്രധാന്‍, മൂന്നാം ഭാഷയെ എതിര്‍ക്കുന്നതിലൂടെ തമിഴ്‌നാട്ടിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം തകരുമെന്നാണ് പറഞ്ഞിരിക്കുന്നത്.
ഹിന്ദി അടിച്ചേല്‍പ്പിക്കലും വിദ്യാഭ്യാസത്തിന്റെ നിലവാരവും തമ്മില്‍ യാതൊരു വിധ ബന്ധവുമില്ല. ഇതേ മന്ത്രി തന്നെയാണ് തമിഴ്‌നാടിന് അനുവദിച്ച വിദ്യാഭ്യാസ ഫണ്ട് വിട്ടുനല്‍കാന്‍ പോലും തയ്യാറാകതിരുന്നത്. അദ്ദേഹം തമിഴരെ സംസ്‌കാരശൂന്യര്‍ എന്നാണ് വിളിച്ചത്. ശേഷം പാര്‍ലമെന്റില്‍ മാപ്പ് പറയുകയും ചെയ്തു.
നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ത്രിഭാഷാ നയത്തെ അനുകൂലിച്ച് സംസാരിക്കാന്‍ ധൈര്യമുണ്ടോ എന്ന് ഞാന്‍ വെല്ലുവിളിക്കുന്നു,’ സ്റ്റാലിന് പറഞ്ഞു.
സി.ബി.എസ്.ഇ പാഠ്യപദ്ധതിയിലൂടെ കേന്ദ്രം തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ സഖ്യം തമിഴ്‌നാട്ടില്‍ അധികാരത്തിയാല്‍ അത് ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള ഒരു ‘പ്രോക്‌സി സര്‍ക്കാര്‍’ ആയിരിക്കുമെന്നും സ്റ്റാലിന്‍ ആരോപിച്ചു. തമിഴ്നാട്ടിലെ ജനങ്ങള്‍ എന്ത് പഠിക്കണം, എന്ത് കഴിക്കണം എന്ന് ബി.ജെ.പി തീരുമാനിക്കുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ അധികാരത്തിലിരുന്നപ്പോള്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മൊബൈല്‍ ഫോണ്‍, മുതിര്‍ന്നവര്‍ക്ക് ബസ് പാസ് തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ എ.ഐ.എ.ഡി.എം.കെ പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
എഫ്.സി.ആര്‍.എ ഭേദഗതി ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകളെ ലക്ഷ്യം വെക്കുകയാണെന്ന് അദ്ദേഹം നാഗര്‍കോവിലില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
‘കണ്ണിനെ കണ്‍പോളകള്‍ എങ്ങനെ സംരക്ഷിക്കുന്നോ അതുപോലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നാണ് എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ പളനിസാമി പറഞ്ഞത്. ഇപ്പോള്‍ എഫ്.സി.ആര്‍.എ ഭേദഗതി ബില്ലിനെ കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?’ സ്റ്റാലിന്‍ ചോദിച്ചു.