ജയലളിത പരാമര്‍ശം; നിര്‍മല വാട്‌സ്ആപ്പ് ഹിസ്റ്ററിയില്‍ നിന്ന് പഠിച്ചതാകാമെന്ന് സ്റ്റാലിന്‍
national news
ജയലളിത പരാമര്‍ശം; നിര്‍മല വാട്‌സ്ആപ്പ് ഹിസ്റ്ററിയില്‍ നിന്ന് പഠിച്ചതാകാമെന്ന് സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th August 2023, 8:04 am

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയെ ഡി.എം.കെ അപമാനിച്ചുവെന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസംഗത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വാട്‌സ്ആപ്പ് ഹിസ്റ്ററിയില്‍ നിന്ന് എന്തെങ്കിലും കേട്ടായിരിക്കും നിര്‍മല സംസാരിക്കുന്നതെന്ന് അദ്ദേഹം ദി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജയലളിതയ്ക്ക് തമിഴ്‌നാട് നിയമസഭയില്‍ നിന്ന് ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായിട്ടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

‘വാട്‌സ്ആപ്പ് ഹിസ്റ്ററിയില്‍ നിന്ന് എന്തെങ്കിലും വായിച്ചായിരിക്കും നിര്‍മല സംസാരിക്കുന്നത്. തമിഴ്‌നാട് നിയമസഭയില്‍ നിന്ന് ജയലളിതക്ക് അത്തരത്തിലുള്ള അനുഭവങ്ങളുണ്ടായിട്ടില്ല. അന്ന് സഭയിലുണ്ടായ എല്ലാവര്‍ക്കും അറിയാം അത് ജയലളിതയുടെ നാടകമായിരുന്നുവെന്ന്.

ഒരു നാടകമായി അത് ചിട്ടപ്പെടുത്തിയതാണെന്ന് അന്ന് അവിടെയുണ്ടായിരുന്നവര്‍ക്കെല്ലാം അറിയാം. മുന്‍ മന്ത്രിയും ഇപ്പോഴത്തെ ത്രിച്ചി എം.പിയുമായ തിരുനാവുക്കരസു നിയമസഭയില്‍ തന്നെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

ജയലളിത മുമ്പ് പോയസ് ഗാര്‍ഡനിലെ അവരുടെ വസതിയില്‍ വെച്ച് തന്നെ ഇത്തരം നാടകങ്ങള്‍ പ്രാക്ടീസ് ചെയ്യുമായിരുന്നുവെന്നും താനും ആ കാലയളവില്‍ അവിടെയുണ്ടായിരുന്നു എന്നുമാണ് ത്രിച്ചി എം.പി പറഞ്ഞത്. തമിഴ്‌നാട് നിയമസഭയെ വളച്ചൊടിച്ച നിര്‍മല സീതാരാമന്റെ നടപടി ഖേദകരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്,’ സ്റ്റാലിന്‍ പറഞ്ഞു.

മണിപ്പൂര്‍ കലാപത്തെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുമ്പോഴായിരുന്നു നിര്‍മല സീതാരാമന്റെ ജയലളിത പരാമര്‍ശം. മണിപ്പൂരില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമത്തെക്കുറിച്ചുള്ള ഡി.എം.കെ നേതാവ് കനിമൊഴിയുടെ പ്രസംഗത്തിന് മറുപടിയായാണ് ജയലളിതയെക്കുറിച്ച് നിര്‍മല സംസാരിച്ചത്.

‘സ്ത്രീകള്‍ എല്ലായിടത്തും അതിക്രമത്തിനിരയാകുകയാണ്. മണിപ്പൂര്‍, രാജസ്ഥാന്‍, ദല്‍ഹി തുടങ്ങി എല്ലായിടത്തും സ്ത്രീകള്‍ അക്രമിക്കപ്പെടുന്നു.

തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരിക്കുന്ന സമയത്ത് ജയലളിത വസ്ത്രാക്ഷേപത്തിനിരയായിട്ടുണ്ട്. ഡി.എം.കെ നേതാക്കള്‍ അവരെ വിഷമിപ്പിച്ചു. കളിയാക്കി.

നിങ്ങള്‍ കൗരവരെയും ദ്രൗപദിയെയും കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ ഡി.എം.കെ ജയലളിതയെ മറന്നോ,’ എന്നാണ് നിര്‍മല പറഞ്ഞത്.

content highlights: mk stalin against nirmala sitharaman