കൊച്ചി: എഴുത്തുകാരനും നിരൂപകനുമായ എം.കെ. സാനു (99) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ ഒരാഴ്ചയായി എം.കെ. സാനു കൊച്ചിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. നിലത്ത് വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വീഴ്ച്ചയില്‍ വലത് തുടയെല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. ഇതിനിടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ന്യൂമോണിയ, പ്രമേഹം തുടങ്ങിയ രോഗാവസ്ഥകളും സാനുവിനെ അലട്ടിയിരുന്നു. ഇത് ആരോഗ്യനിലയെ കൂടുതല്‍ വഷളാക്കുകയായിരുന്നു.
എം.കെ. സാനു അധ്യാപകന്‍, വാഗ്മി, എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 1928 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയിലാണ് അദ്ദേഹം ജനിച്ചത്. എന്നാല്‍ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും അദ്ദേഹം ചെലവഴിച്ചത് എറണാകുളത്തായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു സാനു.
അതിനേക്കാളുപരി എം.കെ. സാനു 1987ലെ നിയമസഭാംഗം കൂടിയായിരുന്നു. കോണ്‍ഗ്രസ് നേതാവ് എ.എല്‍. ജേക്കബിനെ തോല്‍പ്പിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. സി.പി.ഐ.എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം മത്സരിച്ചത്.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ അടക്കം ജീവചരിത്രമെഴുതിയ സാനുവിന്റെ പ്രധാന കൃതികളില്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയെ കുറിച്ചുള്ള നക്ഷത്രങ്ങളുടെ സ്‌നേഹ ഭാജനവും ഉള്‍പ്പെടുന്നു. എം.സി. ജോസഫ്, പി.കെ. ബാലകൃഷ്ണന്‍, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങി 40ലധികം പേരുടെ ജീവചരിത്രം എം.കെ. സാനു രചിച്ചിട്ടുണ്ട്.
കേരളത്തിലെ വര്‍ഗീയ ചിന്താഗതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും നിരന്തരമായി വിമര്‍ശനം ഉയര്‍ത്തിയിരുന്ന വ്യക്തി കൂടിയാണ് എം.കെ. സാനു. പ്രായത്തിന്റെ അവശതകള്‍ അദ്ദേഹത്തെ അവസാന നിമിഷങ്ങളില്‍ പുറംലോകവുമായി അകറ്റിയിരുന്നു.