മത്സരിക്കുന്നതില്‍ നിന്ന് എം.കെ മുനീര്‍ സ്വയം മാറിനിന്നു, ആരും അതൃപ്തരല്ല; സാദിഖലി ശിഹാബ് തങ്ങള്‍
Kerala
മത്സരിക്കുന്നതില്‍ നിന്ന് എം.കെ മുനീര്‍ സ്വയം മാറിനിന്നു, ആരും അതൃപ്തരല്ല; സാദിഖലി ശിഹാബ് തങ്ങള്‍
നിഷാന. വി.വി
Wednesday, 18th March 2026, 11:22 am

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എം.കെ മുനീര്‍ സ്വയം വിട്ടുനിന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.

എം.കെ മുനീര്‍ ഉള്‍പ്പടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ എം.കെ മുനീറുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു.

താന്‍ മാറി നില്‍ക്കുന്നതാണ് നല്ലതെന്നാണ് മുനീര്‍ പറഞ്ഞതെന്നും അദ്ദേഹം തൃപ്തനാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

‘പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളുമായും സമയമെടുത്ത് തന്നെ കൂടിയാലോചന നടത്തിയിട്ടുണ്ട്.

മണ്ഡലം തലങ്ങളിലും ജില്ലാ തലങ്ങളിലും പഞ്ചായത്ത് തലങ്ങളിലും വരെ നേതാക്കന്മാരുമായി കൂടിയാലോചന നടത്തി.

അവരുടെ അഭിപ്രായങ്ങളൊക്കെ പരിഗണിച്ചു. ചെറുപ്പക്കാരാണ് കൂടുതലും വോട്ടര്‍മാരായുള്ളത്.
അതുകൊണ്ടുതന്നെ അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന് പാര്‍ട്ടിക്ക് നേരത്തെ തന്നെ തീരുമാനമുണ്ടായിരുന്നു.

ആരുംതന്നെ നേരത്തെ അവകാശവാദം ഉന്നയിച്ച് വന്നിട്ടില്ല. പാര്‍ട്ടി എന്താണോ തീരുമാനിക്കുന്നത് അത് അനുസരിക്കാന്‍ തയ്യാറാണ് എന്ന നിലയ്ക്കാണ് എല്ലാവരും ഇങ്ങോട്ട് തന്നെ പറഞ്ഞത്. പാര്‍ട്ടി തീരുമാനത്തോട് ആരും അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല,’ സാദിഖലി തങ്ങള്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് ഫാത്തിമ തഹ്‌ലിയ , ജയന്തി രാജന്‍ തുടങ്ങിയവരെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് വനിതാ ലീഗിനെ പൂര്‍ണമായും തഴഞ്ഞെന്നായിരുന്നു നൂര്‍ബിനയുടെ ആരോപണം.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ വനിതാ ലീഗിന് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്നും പരസ്യപ്രതികരണം നടത്തുന്നതിന് മുമ്പ് വിഷയം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും നൂര്‍ബീന റഷീദ് പറഞ്ഞിരുന്നു.

Content Highlight: MK Muneer recused himself from contesting, no one is unhappy; Sadiqali Shihab Thangal

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.