'വിജയ രാഘവന് വനിത കമ്മീഷന്റെ മുന്നില്‍ പോകേണ്ടിവന്നിട്ടില്ല, കേന്ദ്രത്തിന് ഇ.ഡി എന്ന പോലെ ഇവിടെയും പ്രതികാരം'
Kerala News
'വിജയ രാഘവന് വനിത കമ്മീഷന്റെ മുന്നില്‍ പോകേണ്ടിവന്നിട്ടില്ല, കേന്ദ്രത്തിന് ഇ.ഡി എന്ന പോലെ ഇവിടെയും പ്രതികാരം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th September 2023, 6:48 pm

കോഴിക്കോട്: വീണ ജോര്‍ജിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ കെ.എം. ഷാജിക്കെതിരെ കേസെടുത്ത വനിത കമ്മീഷന്‍ നടപടിയെ വിമര്‍ശിച്ച് എം.കെ. മുനീര്‍ എം.എല്‍.എ. സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു വീഴ്ചക്കും വിജിലന്‍സോ ക്രൈംബ്രാഞ്ചോ വനിത കമ്മീഷനോ ചെറുവിരല്‍ പ്രതിരോധമുയര്‍ത്താന്‍ തയ്യാറല്ലെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ എം.കെ. മുനീര്‍ പറഞ്ഞു.

കേന്ദ്രത്തിന് ഇ.ഡി എന്ന പോലെ വനിത കമ്മീഷനും പൊലീസുമൊക്കെ പ്രതികാരം തീര്‍ക്കാന്‍ മാത്രമുള്ള ഒരു പ്രസ്ഥാനമായി കേരളത്തില്‍ മാറിയിട്ട് കാലം കുറച്ചായെന്നും മുനീര്‍ പറഞ്ഞു.

‘വിജയ രാഘവന്‍ പരസ്യമായി ആലത്തൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയിട്ടുള്ള പരാമര്‍ശത്തിന്റെ പേരില്‍ ഒരു കമ്മീഷന്റെ മുന്നിലും പോയിരിക്കേണ്ടി വന്നിട്ടില്ല. വി.എസ്. അച്യുതാനന്ദന്‍ നിയമസഭക്ക് അകത്തും പുറത്തും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ കുറിച്ചും അദ്ദേഹത്തെ വ്യക്തിപരമായും വളരെ നികൃഷ്ടമായ രീതിയില്‍ ചിത്രീകരിച്ചിട്ടും ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല.

ഒരു സ്ത്രീപക്ഷവാദികളും ആ സമയത്ത് ശബ്ദിച്ചിട്ടില്ല. എം.എം. മണി സ്ത്രീകളുടെ മാനത്തെ പോലും ചോദ്യം ചെയ്യുന്ന ജീര്‍ണിച്ച പ്രയോഗങ്ങള്‍ പരസ്യമായി പറഞ്ഞപ്പോള്‍ മണി ഇവരുടെയൊക്കെ ഹീറോയായി മാറുന്നതാണ് കണ്ടത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വീരകേസരിയായി എം.എം. മണി അഭിമാനപൂര്‍വ്വം ജൈത്രയാത്ര തുടരുന്നു.!

വ്യക്തിപരമായ അവഹേളനത്തിന്റെ തലം ഉണ്ടെന്ന് വിശേഷിപ്പിക്കാന്‍ ഒരര്‍ത്ഥത്തിലും കഴിയാത്ത ഒരു പരമാര്‍ശത്തിന്റെ പേരില്‍ കെ.എം. ഷാജിയുടെ പേരില്‍ വനിത കമ്മിഷന്‍ സ്വമേധയാ, യുദ്ധകാലാടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുകയാണിപ്പോള്‍. ആരോഗ്യമന്ത്രിക്ക് പോലും ഇത് മറുപടി പറയേണ്ട ഒന്നല്ല എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ പോലും ആ പ്രസ്താവനയെ അമാന്യമായി കാണുന്നില്ല എന്ന് വ്യക്തം,’ എം.കെ. മുനീര്‍ പറഞ്ഞു.

എം.കെ. മുനീറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തില്‍ നിന്നും ഒരല്‍പവും വ്യത്യസ്തമല്ല.

കേന്ദ്രത്തിന് ഇ.ഡി എന്ന പോലെ വനിത കമ്മീഷനും പൊലീസുമൊക്കെ പ്രതികാരം തീര്‍ക്കാന്‍ മാത്രമുള്ള ഒരു പ്രസ്ഥാനമായി കേരളത്തില്‍ മാറിയിട്ട് കാലം കുറച്ചായി. എന്നാല്‍ സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു വിഴ്ചക്കും വിജിലന്‍സോ ക്രൈംബ്രാഞ്ചോ വനിത കമ്മീഷനോ ചെറുവിരല്‍ പ്രതിരോധമുയര്‍ത്താന്‍ തയ്യാറല്ല. അത്തരം സന്ദര്‍ഭങ്ങളിലൊക്കെയും പാര്‍ട്ടി കോടതിയും പാര്‍ട്ടി പൊലീസുമായി നിയമം വഴിമാറ്റപ്പെടും. നിരുപാധികം ആ പ്രതികളെ പാര്‍ട്ടി വിട്ടയക്കുകയും ചെയ്യും.

പാര്‍ട്ടി ഇതിനായി നിയോഗിക്കുന്ന കമ്മീഷനുകള്‍ ഉന്നത സി.പി.ഐ.എം നേതാക്കളായിരിക്കും. ഏത് സ്ത്രീപിഡനമായാലും അശ്ലീല പരാമര്‍ശങ്ങളായാലും അവര്‍ക്കെതിരെ ഒരു നടപടിയും കേട്ടുകേള്‍വിയില്ല.

അതുകൊണ്ടാണ് എം.എം. മണിയും വിജയരാഘവനും വി.എസ്. അച്യുതാനന്ദനുമൊക്കെ ഒരു പോറലുപോലുമേല്‍ക്കാതെ ആരെയും എങ്ങനെയും അവഹേളിക്കാമെന്നും സ്ത്രീത്വത്തെ സമൂഹത്തിന് മുന്നില്‍ എങ്ങനെ പിച്ചിച്ചീന്താമെന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

വിജയ രാഘവന്‍ പരസ്യമായി ആലത്തൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയിട്ടുള്ള പരമാര്‍ശത്തിന്റെ പേരില്‍ ഒരു കമ്മീഷന്റെ മുന്നിലും പോയിരിക്കേണ്ടി വന്നിട്ടില്ല. വി.എസ്. അച്യുതാനന്ദന്‍ നിയമസഭക്ക് അകത്തും പുറത്തും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ കുറിച്ചും അദ്ദേഹത്തെ വ്യക്തിപരമായും വളരെ നികൃഷ്ടമായ രീതിയില്‍ ചിത്രീകരിച്ചിട്ടും ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല.

ഒരു സ്ത്രീപക്ഷവാദികളും ആ സമയത്ത് ശബ്ദിച്ചിട്ടില്ല. എം.എം. മണി സ്ത്രീകളുടെ മാനത്തെ പോലും ചോദ്യം ചെയ്യുന്ന ജീര്‍ണിച്ച പ്രയോഗങ്ങള്‍ പരസ്യമായി പറഞ്ഞപ്പോള്‍ മണി ഇവരുടെയൊക്കെ ഹീറോയായി മാറുന്നതാണ് കണ്ടത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വീരകേസരിയായി എം.എം. മണി അഭിമാനപൂര്‍വ്വം ജൈത്രയാത്ര തുടരുന്നു.!

വ്യക്തിപരമായ അവഹേളനത്തിന്റെ തലം ഉണ്ടെന്ന് വിശേഷിപ്പിക്കാന്‍ ഒരര്‍ത്ഥത്തിലും കഴിയാത്ത ഒരു പരമാര്‍ശത്തിന്റെ പേരില്‍ കെ.എം. ഷാജിയുടെ പേരില്‍ വനിത കമ്മീഷന്‍ സ്വമേധയാ, യുദ്ധകാലാടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുകയാണിപ്പോള്‍. ആരോഗ്യമന്ത്രിക്ക് പോലും ഇത് മറുപടി പറയേണ്ട ഒന്നല്ല എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ പോലും ആ പ്രസ്താവനയെ അമാന്യമായി കാണുന്നില്ല എന്ന് വ്യക്തം.

പക്ഷേ ഇതില്‍ കയറിക്കൊത്തി വിവിധ രീതിയില്‍ ഇതിന് മാനങ്ങള്‍ നല്‍കുകയാണ് സി.പി.ഐ.എമ്മും അവരുടെ സൈബര്‍ ഗ്യാങ്‌സും. നയപരമായും ആശയപരമായും ഇടതുപക്ഷ ഭരണത്തെയും സി.പി.ഐ.എമ്മിന്റെ അധികാര ധാര്‍ഷ്ട്യങ്ങളെയും എതിര്‍ക്കുന്നവരെ പ്രതിയോഗികളായി കാണുകയും അവരെ ജയിലിലടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

മാത്യു കുഴല്‍നാടനും മുമ്പ് പി.ടി. തോമസുമൊക്കെ സി.പി..ഐ.എമ്മില്‍ നിന്നും നേരിട്ട ആക്രമണങ്ങള്‍ അവര്‍ക്ക് അപ്രിയമായ സത്യങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു. ലൈഫ് പദ്ധതി ക്രമക്കേടുകളെ ചോദ്യം ചെയ്തതാണ് അനില്‍ അക്കരെ ഇന്നും വേട്ടയാടപ്പെടാനുള്ള കാരണം. വി.ടി. ബല്‍റാം സി.പി.ഐ.എമ്മിനാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടതും അദ്ദേഹം ശക്തമായ ഭാഷയില്‍ ഇടതുപക്ഷത്തിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്തതിനാലാണ്.

പ്രതിപക്ഷ നേതാവിന്റേയും പ്രതിപക്ഷത്തെ മുഖ്യരാഷ്ട്രീയ പാര്‍ട്ടിയുടേയും ദൗത്യം ജനങ്ങള്‍ക്ക് വേണ്ടി നിര്‍വ്വഹിച്ചതിനാണ് ഏറ്റവുമൊടുവില്‍, വി.ഡി. സതീശനും കെ. സുധാകരനുമെതിരെ കേസെടുത്തത്. ഇത്തരത്തില്‍ ചോദ്യം ചെയ്യുന്ന എല്ലാ മനുഷ്യരേയും നിശബ്ദമാക്കുകയാണ് ലക്ഷ്യം.

വിമര്‍ശനം ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ല എന്ന നിലപാടാണ് ഇടതുപക്ഷത്തേയും നേതൃത്വം നല്‍കുന്ന സി.പി.ഐഎമ്മിനേയും നയിക്കുന്ന ചേതോവികാരം.

ആരോഗ്യമന്ത്രിയെ പരാമര്‍ശിച്ച് കഴിഞ്ഞാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നീക്കമാണ് എന്ന് വ്യാഖ്യാനിക്കുകയാണ്. ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സത്യത്തില്‍ അത്ഭുതം തോന്നുന്നു. ആരോഗ്യമന്ത്രി എന്ന് പറയുന്നത് ലിംഗാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണോ?

അവര്‍ ആ മന്ത്രി സഭയിലെ ഏതൊരു മന്ത്രിയെയും പോലെ തുല്യാവകശാമുള്ള ഒരു വ്യക്തിയാണ് എന്ന വിവേകം പുരോഗമന സമൂഹത്തിനുണ്ട്.
എന്നിരിക്കേ, ആരോഗ്യ മന്ത്രിക്കെതിരെ സംസാരിച്ചാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നിലപാടായി അത്യുക്തി കലര്‍ത്തി അവതരിപ്പിക്കുകയാണ്.

ഈ സമീപനം ശരിയായ രീതിയാണോ എന്ന് ഇടതുപക്ഷം ചിന്തിക്കുന്നത് നല്ലതായിരിക്കും. ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ മന്ത്രിസഭയിലെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാവരും തുല്യരാണ്. അങ്ങനെയാണ് സമൂഹം കാണുന്നത്. അവിടെ ലിംഗ വ്യതിരിക്തതകള്‍ പ്രസക്തമാണെന്ന് തോന്നുന്നില്ല. അതത് വകുപ്പുകളുടെ വീഴ്ചകള്‍ വിമര്‍ശിക്കുമ്പോഴും പ്രസ്തുത വകുപ്പിനെ നയിക്കുന്ന വ്യക്തിപരാമര്‍ശിക്കപ്പെടുമ്പോഴും മാത്രം ഉണരുന്ന സ്ത്രീ പക്ഷ ബോധമല്ലേ യഥാര്‍ത്ഥത്തില്‍ പൊളിറ്റിക്കലി ഇന്‍ കറക്റ്റ് ആയിട്ടുള്ളത്.

സ്ത്രീത്വമെന്നത് അധികാര രാഷ്ട്രീയത്തിന്റെ ന്യൂനതകളെ പ്രതിരോധിക്കാനുള്ള ടൂള്‍ മാത്രമായി ദുരുപയോഗം ചെയ്യപ്പെടുന്നത് ശരിയായി തീരുന്നതെങ്ങനെയാണ്..

Content Highlight: MK Muneer MLA support KM Shaji