നെല്ലിക്കുത്ത് എം.കെ ഇസ്മാഈല്‍ മുസ്‌ലിയാര്‍ അന്തരിച്ചു
Kerala
നെല്ലിക്കുത്ത് എം.കെ ഇസ്മാഈല്‍ മുസ്‌ലിയാര്‍ അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Sunday, 3rd April 2011, 5:36 pm

കോഴിക്കോട്: പ്രശസ്ത ഇസ്ലാമിക് പണ്ഡിതന്‍ എം.കെ ഇസ്മാഈല്‍ മുസ്‌ലിയാര്‍ (72) അന്തരിച്ചു. കാരന്തൂര്‍ മര്‍ക്കസ് ശരീഅത്ത് കോളേജ് വൈസ്പ്രിന്‍സിപ്പലും, മലപ്പുറം ജില്ലാ സംയുക്ത ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവുമായിരുന്നു ശൈഖുല്‍ ഹദീസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അദ്ദേഹം. തിങ്കള്‍ രാവിലെ പത്ത് മണിക്ക് മഞ്ചേരിക്കടുത്ത നെല്ലിക്കുത്ത് ജുമാമസ്ജിദില്‍ ജനാസ നമസ്‌കാരം നടക്കും.

1939ല്‍ മുസല്യാരകത്ത് അഹമ്മദ് മുസ്ലിയാരുടെയും മറിയം ബീവിയുടെയും മകനായിട്ടായിരുന്നു ജനനം. നെല്ലിക്കുത്ത് കുഞ്ഞസ്സനാജി, മഞ്ചേരി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ ഫള്ഫരി (കുട്ടി) മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്‍മാരാണ്. ആലത്തൂര്‍ പടി, കാവനൂര്‍, അരിമ്പ്ര, പുല്ലാര എന്നിവിടങ്ങളില്‍ മുദരിസായി സേവനമനുഷ്ഠച്ചിരുന്നു അദ്ദേഹം. പിന്നീട് നന്തി ദാറുസ്സലാം അറബിക് കോളേജില്‍ വൈസ് പ്രിന്‍സിപ്പലായ അദ്ദേഹം
1986 മുതല്‍ മര്‍കസില്‍ ഹദീസ് വിഭാഗം തലവനായി.

തൗഹീദ് ഒരു സമഗ്ര പഠനം, മതങ്ങളിലൂടെ ഒരു പഠനപര്യടനം, മദ്ഹബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധ മുറകള്‍, ഇസ്‌ലാമിക സാമ്പത്തിക നിയമങ്ങള്‍, ജുമുഅ ഒരു പഠനം തുടങ്ങി നിരവധി മലയാള ഇസ്ലാമിക കൃതികള്‍ രചിച്ചു. മിശ്കാതിനെഴുതിയ വ്യാഖ്യാനം “”മിര്‍ഖാതുല് മിശ്കാത്”” പ്രധാന അറബി കൃതിയാണ്. അഖാഇദുസ്സുന്ന, ഫിഖ്ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങളും ജംഉല്‍ ജവാമിഅ്, ജലാലൈനി എന്നിവക്കെഴുതിയ വ്യാഖ്യാനങ്ങളും എടുത്തു പറയേണ്ടതാണ്.