2026 ടി-20 ലോകകപ്പിന്റെ ഫൈനലിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനത്തിലേക്ക്. നാളെ, മാര്‍ച്ച് 8ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ഇന്ത്യ, ആദ്യ കിരീടം തേടിയെത്തുന്ന ന്യൂസിലാന്‍ഡിനെയാണ് ഫൈനലില്‍ നേരിടുന്നത്.
ആരാധകരെ സംബന്ധിച്ച് അഹമ്മദാബാദ് സ്റ്റേഡിയം നിരാശയുടെയും തകര്‍ന്ന സ്വപ്‌നങ്ങളുടെയും പര്യായമാണ്. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയക്ക് മുമ്പില്‍ പരാജയപ്പെട്ട് മൂന്നാം കിരീടമെന്ന മോഹം അടിയറവ് വെച്ചത് ഇതേ മണ്ണിലായിരുന്നു. ഫൈനല്‍ വരെ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ കുതിച്ച ഇന്ത്യ, എന്നാല്‍ അഹമ്മദാബാദില്‍ കണ്ണീരണിഞ്ഞു.
ഫെെനലില്‍ പരാജയപ്പെട്ട രോഹിത്തിന്‍റെയും വിരാടിന്‍റെയും നിരാശ
‘നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനായി മിക്‌സ്ഡ് സോയില്‍ പിച്ചാകും ഉപയോഗിക്കുക. ആര്‍ക്കും തന്നെ അതിരില്‍ കവിഞ്ഞ ഒരു അഡ്വാന്റേജും സമ്മാനിക്കാത്ത പിച്ചായിരിക്കും ഇത്.
ട്രാക്കിലെ റെഡ് സോയിലിന്റെ സാന്നിധ്യം പേസര്‍മാര്‍ക്ക് ബൗണ്‍സറുകളില്‍ സഹായകമാകും. ഒപ്പം ബാറ്റര്‍മാര്‍ക്കും മേല്‍ക്കൈ സമ്മാനിക്കും,’ പേര് വെളിപ്പെടുത്താത്ത വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
2023 ലോകകപ്പ് ഫൈനലില്‍ അഹമ്മദാബാദ് ഇന്ത്യയെ പൂര്‍ണമായും കൈവിട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 240ലൊതുങ്ങി. 107 പന്ത് നേരിട്ട് 66 റണ്‍സ് നേടിയ കെ.എല്‍. രാഹുലാണ് ഇന്ത്യന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. 63 പന്തില്‍ 54 റണ്‍സടിച്ച വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സും ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിക്ക് മുമ്പില്‍ നിഷ്പ്രഭരായി. 120 പന്ത് നേരിട്ട് 137 റണ്‍സുമായാണ് ഹെഡ് മടങ്ങിയത്. മാര്‍നസ് ലബുഷാന്റെ അര്‍ധ സെഞ്ച്വറിയും (58*) ഓസ്‌ട്രേലിയയെ ആറാം ലോകകപ്പിലേക്ക് കൈപിടിച്ചുനടത്തി. 42 പന്ത് ശേഷിക്കെ ആറ് വിക്കറ്റിനായിരുന്നു മഞ്ഞക്കുപ്പായക്കാരുടെ വിജയം.
ലോകകപ്പുമായി ഓസ്‌ട്രേലിയ
അതേസമയം, തങ്ങളുടെ ലോകകപ്പ് കരിയറിലെ നാലാം ഫൈനലിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതിന് മുമ്പ് കളിച്ച മൂന്ന് ഫൈനലില്‍ രണ്ടിലും ഇന്ത്യ കിരീടം ചൂടിയിരുന്നു. ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ഫൈനലിലും വിജയിക്കാന്‍ സാധിച്ചാല്‍ ചരിത്രത്തിലാദ്യമായി മൂന്ന് ലോകകപ്പ് നേടുന്ന ആദ്യ ടീം എന്ന നേട്ടവും കിരീടം നിലനിര്‍ത്തിയ ആദ്യ ടീമന്നെ നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാക്കാം.
Content Highlight: Mixed soil pitch being prepared for 2026 T20 World Cup final, report says