ഫാസില്‍ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് മിഥുന്‍ രമേശ്. പിന്നീട് നമ്മള്‍ എന്ന ചിത്രത്തിലൂടെ മിഥുന്‍ ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ചാനല്‍ അവതാരകന്‍, റേഡിയോ ജോക്കി എന്നീ മേഖലകളിലും മിഥുന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മിഥുന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു വെട്ടം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും പലരുടെയും ഫേവറെറ്റാണ്. ഫെലിക്‌സ് എന്ന കഥാപാത്രത്തെയാണ് മിഥുന്‍ വെട്ടത്തില്‍ അവതരിപ്പിച്ചത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ പ്രിയദര്‍ശന്റെ സിനിമയില്‍ എത്തിപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് മിഥുന്‍ രമേശ്.
ചെറിയ വേഷങ്ങളെല്ലാം ചെയ്ത് നിന്ന സമയത്ത് പ്രിയദര്‍ശന്റെ അസിസ്റ്റന്റായ സുരേഷ് കൃഷ്ണയും സന്ദീപ് സേനനും തന്നെ വിളിച്ചിരുന്നെന്ന് മിഥുന്‍ രമേശ് പറഞ്ഞു. പ്രിയദര്‍ശന്‍ തിരുവന്തപുരത്തുണ്ടെന്നും വന്ന് കാണാന്‍ അവര്‍ ആവശ്യപ്പെട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. അങ്ങനെയാണ് താന്‍ പ്രിയദര്‍ശനെ ആദ്യമായി കണ്ടതെന്നും മിഥുന്‍ പറയുന്നു.
‘ഞാന്‍ പ്രിയന്‍ സാറിനെ കാണാന്‍ ചെല്ലുന്നതിന് മുമ്പ് അനൂപ് മേനോന്‍ ചേട്ടന്‍ അവിടെ പോയി അദ്ദേഹത്തെ കണ്ടിരുന്നു. ഞാന്‍ നേരെ പ്രിയന്‍ സാറിന്റെ അടുത്തെത്തി അദ്ദേഹത്തിന്റെയടുത്ത് സ്വയം പരിചയപ്പെടുത്തി. പിന്നീടാണ് വെട്ടത്തിന്റ ഡിസ്‌കഷനും മറ്റ് കാര്യങ്ങളുമൊക്കെ പ്രിയന്‍ സാര്‍ തുടങ്ങിയത്. അപ്പോള്‍ ഫെലിക്‌സ് എന്ന കഥാപാത്രത്തിന് വേണ്ടി മറ്റൊരു നടനായിരുന്നു.
പഴയകാല നടി വൈജയന്തി മാലയുടെ മകനെയാണ് ആ ക്യാരക്ടറിന് വേണ്ടി ആദ്യം മനസില്‍ കണ്ടത്. പുള്ളി വന്ന് കുറച്ച് പോര്‍ഷന്‍സ് ചെയ്‌തെങ്കിലും പിന്നീട് പിന്മാറി. കാരണം കണ്ടിന്യൂവസായി അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് മറ്റൊരു നടനെ വിളിച്ചുകൊണ്ടുവന്നു. അയാള്‍ ആക്ടിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചയാളായിരുന്നു. പ്രിയന്‍ സാര്‍ സീന്‍ പറഞ്ഞുകൊടുത്തെങ്കിലും ആക്ടിങ് കോഴ്‌സ് പഠിച്ചതുകൊണ്ട് അയാള്‍ സ്വന്തം രീതിയില്‍ ആ സീന്‍ ചെയ്തു.
പ്രിയന്‍ സാറിന് അത് ഇഷ്ടമായില്ല. ‘അന്ന് വര്‍ക്കലയില്‍ വന്ന് കണ്ട, സീരിയലിലൊക്കെ അഭിനയിക്കുന്ന പയ്യനെ വിളിക്ക്’ എന്ന് പ്രിയന്‍ സാര്‍ സന്ദീപ് സേനനോട് പറഞ്ഞു. പ്രിയന്‍ സാര്‍ ഉദ്ദേശിച്ചത് അനൂപേട്ടനെയായിരുന്നു. എന്നാല്‍ സന്ദീപേട്ടന്റെ മനസില്‍ എന്റെ മുഖമായിരുന്നു. അവര്‍ എന്നെ വിളിച്ചു. പ്രിയന്‍ സാറിന്റെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം എന്നെ അടിമുടിയൊന്ന് നോക്കി. എന്നിട്ട് എന്നെ സെലക്ട് ചെയ്തു,’ മിഥുന്‍ രമേശ് പറഞ്ഞു.
Content Highlight: Mithun Ramesh explains how he got role in Vettam movie