2025 ഡിസംബറിലെ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. 2025-26 സീസണിലെ ആഷസ് ട്രോഫിയില്‍ വമ്പന്‍ പ്രകടനം നടത്തിയതിന് പിന്നാലെയാണ് സ്റ്റാര്‍ക്കിന് ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് അവര്‍ഡ് ലഭിച്ചത്.
ആഷസില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെയും സൂപ്പര്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന്റെയും അഭാവത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു ഓസീസിന്റെ ബൗളിങ് യൂണിറ്റിനെ നയിച്ചത്. പിന്നീട് പരമ്പരയിലുടനീളം സ്റ്റാര്‍ക്കിന്റെ ആധിപത്യത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.മിച്ചല്‍ സ്റ്റാര്‍ക്
അഞ്ച് ടെസ്റ്റില്‍ നിന്നും 19.33 ശരാശരിയില്‍ 31 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പരമ്പരയില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്റ്റാര്‍ക് ഓരോ 29.6 പന്തിലും വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. സ്റ്റാര്‍ക് തന്നെയായിരുന്നു പരമ്പരയുടെ താരവും. ഇതിനൊപ്പം ഈ നൂറ്റാണ്ടില്‍ ഒരു ആഷസ് പരമ്പരയില്‍ 30+ വിക്കറ്റ് നേടുന്ന നാലാം ബൗളറായും സ്റ്റാര്‍ക് ചരിത്രമെഴുതിയിരുന്നു.
നിലവില്‍ ഓസീസിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ 202 ഇന്നിങ്‌സില്‍ 622 മെയ്ഡന്‍ ഓവുറുകള്‍ ഉള്‍പ്പെടെ 433 വിക്കറ്റാണ് സ്റ്റാര്‍ക്ക് സ്വന്തനാക്കിയത്. ഏകദിനത്തില്‍ 247 വിക്കറ്റും ടി-20യില്‍ 79 വിക്കറ്റും താരത്തിനുണ്ട്. ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും സ്റ്റാര്‍ക്ക് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
അതേസമയം അഞ്ച് മത്സരങ്ങളുടെ ആഷസ് പരമ്പര 4-1ന് വിജയിച്ചായിരുന്നു ഓസീസ് കിരീടം കാത്തത്. ഇതോടെ ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ഓസ്‌ട്രേലിയക്ക് സാധിച്ചു. ആഷസ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ 87.50 പോയിന്റ് പേര്‍സെന്റേജുമായാണ് ഓസീസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
Content Highlight: Mitchell Starc Won ICC Player Of The Month Award In 2025 December