ആഷസ് പരമ്പരയിലെ അവസാന മത്സരത്തില്‍ ചരിത്രം തിരുത്തി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്. ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അഞ്ചാം മത്സരത്തിലാണ് സ്റ്റാര്‍ക് ചരിത്ര നേട്ടത്തിലേക്ക് കാലെടുത്ത് വെച്ചത്.
വിശ്വപ്രസിദ്ധമായ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന പിങ്ക് ടെസ്റ്റില്‍ അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഇടംകയ്യന്‍ താരമെന്ന നേട്ടമാണ് സ്റ്റാര്‍ക് സ്വന്തമാക്കിയത്.
സിഡ്‌നിയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെയാണ് സ്റ്റാര്‍ക് ഈ റെക്കോഡിലെത്തിയത്. ടെസ്റ്റില്‍ 433 വിക്കറ്റുകളാണ് സ്റ്റാര്‍ക്കിന്റെ പേരിലുള്ളത്. കരിയറിലെ 202ാം ടെസ്റ്റ് ഇന്നിങ്‌സിലാണ് സ്റ്റാര്‍ക് ഈ നേട്ടത്തിലെത്തിയത്.
ടെസ്റ്റ് ഫോര്‍മാറ്റ് കണ്ട എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളായ ലങ്കന്‍ ലെജന്‍ഡ് രംഗന ഹെറാത്തിനൊപ്പമാണ് സ്റ്റാര്‍ക് ഈ ചരിത്ര നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
രംഗന ഹെറാത്ത് . Photo: ICC/x.com
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇടംകയ്യന്‍ ബൗളര്‍മാര്‍
(താരം – ടീം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
രംഗന ഹെറാത്ത് – ശ്രീലങ്ക – 170 – 433
മിച്ചല്‍ സ്റ്റാര്‍ക് – ഓസ്ട്രേലിയ – 202 – 433*
വസീം അക്രം – പാകിസ്ഥാന്‍ – 181 – 414
ഡാനിയല്‍ വെറ്റോറി – ന്യൂസിലാന്‍ഡ് – 187 – 362
ചാമിന്ദ വാസ് – ശ്രീലങ്ക – 194 – 355
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഓസ്ട്രേലിയക്കായി നൂറ് ടെസ്റ്റുകള്‍ (104*) കളിച്ച അപൂര്‍വം താരങ്ങളിലൊരാള്‍ കൂടിയായ സ്റ്റാര്‍ക് 26.43 ശരാശരിയിലും 3.43 എക്കോണമിയിലുമാണ് പന്തെറിയുന്നത്. സ്ട്രൈക് റേറ്റാകട്ടെ 46.1ഉം.
കരിയറില്‍ മൂന്ന് തവണ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്റ്റാര്‍ക് 18 ഫൈഫറുകളും 20 ഫോര്‍ഫറുകളും സ്വന്തമാക്കിയിട്ടുണ്ട്.
പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുന്ന ഇടംകയ്യന്‍ പേസറെന്ന നേട്ടവും സ്റ്റാര്‍ക് സ്വന്തമാക്കിയിരുന്നു. ഇതിഹാസ താരം വസീം അക്രമിനെ മറികടന്നുകൊണ്ടായിരുന്നു സ്റ്റാര്‍ക്കിന്റെ നേട്ടം.