ഇക്കഴിഞ്ഞ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കി കങ്കാരുക്കള്‍ കിരീടം നിലനിര്‍ത്തിയിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1ന് വിജയിച്ചാണ് ഓസീസ് കിരീടം കാത്തത്. 2011ന് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിച്ചു എന്നത് മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാനുണ്ടായിരുന്നത്.
ഓസ്‌ട്രേലിയന്‍ പിച്ചില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ നേരിടുക എന്ന കഠിനമായ പരീക്ഷണത്തില്‍ ഇംഗ്ലണ്ട് അമ്പേ പരാജയപ്പെട്ടു. സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് എന്ന കടമ്പയില്‍ തട്ടി ഇംഗ്ലണ്ട് വീഴുകയായിരുന്നു.
ആഷസ് കിരീടവുമായി ഓസ്‌ട്രേലിയ
അഞ്ച് മത്സരത്തില്‍ നിന്നും 31 വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക് തന്നെയായിരുന്നു പരമ്പരയുടെ താരവും.
പരമ്പരയില്‍ സ്റ്റാര്‍ക് എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമാക്കുന്ന കണക്കാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. 15പേരടങ്ങിയ ഇംഗ്ലണ്ട് സ്‌ക്വാഡിലെ 14 താരങ്ങളെയും സ്റ്റാര്‍ക് പരമ്പയ്ക്കിടെ ഒരു തവണയെങ്കിലും പുറത്താക്കിയിരുന്നു.
പരമ്പരയില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ബെന്‍ ഡക്കറ്റുമാണ് ഏറ്റവുമധികം തവണ സ്റ്റാര്‍ക്കിന് ഇരയായത്. അഞ്ച് തവണ വീതമാണ് ഇരുവരും സ്റ്റാര്‍ക്കിനോട് തോറ്റ് കളം വിട്ടത്.
മാത്യു പോട്‌സ് മാത്രമാണ് സ്റ്റാര്‍ക്കിന്റെ അറ്റാക്കില്‍ നിന്നും രക്ഷപ്പെട്ടത്. ഒറ്റ മത്സരത്തിലാണ് പോട്‌സ് ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയത്. ഈ മത്സരത്തില്‍ സ്റ്റാര്‍ക്കിന്റെ ഒറ്റ പന്ത് മാത്രമാണ് പോട്‌സിന് നേരിടേണ്ടി വന്നതും. ഇടംകയ്യന്‍ പേസറുടെ കരുത്തില്‍ നിന്നും ഇംഗ്ലീഷ് താരം കഷ്ടിച്ച് രക്ഷപ്പെട്ടതും ഇതുകൊണ്ടാണ്.