750ന്റെ നിറവില്‍ സ്റ്റാര്‍ക്ക്; ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി ഇതിഹാസങ്ങള്‍ക്കൊപ്പം!
THE ASHES
750ന്റെ നിറവില്‍ സ്റ്റാര്‍ക്ക്; ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി ഇതിഹാസങ്ങള്‍ക്കൊപ്പം!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st December 2025, 1:18 pm

ആഷസിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയിരുന്നു. അഡ്ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ 81 റണ്‍സിനായിരുന്നു കങ്കാരുപ്പടയുടെ വിജയം. അതോടെ ആഷസ് പരമ്പര നിലനിര്‍ത്താന്‍ ടീമിന് സാധിച്ചു. നേരത്തെ, ഒന്നാം ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും വിജയം ഓസീസിന് തന്നെയായിരുന്നു.

ഈ മത്സരത്തില്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. താരം ഒന്നാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ മൂന്ന് പേരെ മടക്കുകയും ചെയ്തു. ഇതോടെ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു.

മിച്ചൽ സ്റ്റാർക്. Photo: AtifOnCricket/x.com

ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 750 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനാണ് സ്റ്റാര്‍ക്കിന് സാധിച്ചത്. ടെസ്റ്റ്, ഏകദിനം, ടി – 20 മത്സരങ്ങളില്‍ കളിച്ചാണ് താരം ഇത്രയും വിക്കറ്റുകള്‍ സ്വന്തം അക്കൗണ്ടിലെത്തിച്ചത്. ടെസ്റ്റില്‍ 424 വിക്കറ്റും ഏകദിനത്തില്‍ 247 വിക്കറ്റുമാണ് താരത്തിന്റെ പേരിലുള്ളത്. ടി – 20യിലാകട്ടെ താരത്തിന് 79 വിക്കറ്റുകളുണ്ട്. 393 ഇന്നിങ്‌സില്‍ കളിച്ചാണ് താരത്തിന്റെ ഈ നേട്ടം.

കൂടാതെ, സ്റ്റാര്‍ക്ക് 750 മാര്‍ക്ക് പിന്നിടുന്ന മൂന്നാമത്തെ ഓസ്ട്രേലിയന്‍ താരമാവുകയും ചെയ്തു. ഷെയ്ന്‍ വോണും ഗ്ലെന്‍ മഗ്രാത്തുമാണ് ഇതിന് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 750 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഓസീസ് താരങ്ങള്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഓസീസ് താരങ്ങള്‍

(താരം – ഇന്നിങ്സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

ഷെയ്ന്‍ വോണ്‍ – 464 – 1001

ഗ്ലെന്‍ മഗ്രാത്ത് – 493 – 949

മിച്ചല്‍ സ്റ്റാര്‍ക് – 393 – 750

ബ്രെറ്റ് ലീ – 392 – 718

നഥാന്‍ ലിയോണ്‍ – 293 – 597

മത്സരത്തില്‍ സ്റ്റാര്‍ക്കിന് പുറമെ, ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മികച്ച പ്രകടനം പുറത്തെടുത്തു. താരം രണ്ട് ഇന്നിങ്സിലുമായി ആറ് വിക്കറ്റുകളാണ് നേടിയത്.

മറുവശത്ത് ഇംഗ്ലണ്ടിനായി ഒന്നാം ഇന്നിങ്‌സില്‍ ബെന്‍ സ്റ്റോക്‌സും രണ്ടാം ഇന്നിങ്‌സില്‍ സാക് ക്രോളിയും മികവ് പുലര്‍ത്തി. യഥാക്രമം 83, 85 എന്നിങ്ങനെയായിരുന്നു ഇവരുടെ സ്‌കോറുകള്‍.

ട്രാവിസ് ഹെഡും അലക്സ് കാരിയും. Photo: Robert Cianflone/x.com

ഓസ്ട്രേലിയ്ക്കായി ഒന്നാം ഇന്നിങ്‌സില്‍ അലക്‌സ് കാരിയും രണ്ടാം ഇന്നിങ്‌സില്‍ ട്രാവിസ് ഹെഡും സെഞ്ച്വറി നേടി. കാരി 143 പന്തില്‍ 106 റണ്‍സും ഹെഡ് 219 പന്തില്‍ 170 റണ്‍സും സ്വന്തമാക്കി.

ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, ജോഷ് ടങ് എന്നിവരാണ് ബൗളിങ്ങില്‍ തിളങ്ങിയത്. ആര്‍ച്ചര്‍ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടങ് രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റുമെടുത്തു.

Content Highlight: Mitchell Starc completed 750 wickets in International Cricket