ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിലവില്‍ ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങി ലഖ്‌നൗ 13 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് നേടിയത്. ലഖ്‌നൗവിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ജോഷ് ഇംഗ്ലിസും മടങ്ങിയത്.

100 + റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും അടിച്ചത്. മികച്ച പ്രകടനവുമായി നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിന്ന് റണ്‍ ഒട്ട് ആവുകയായിരുന്നു മിച്ചല്‍ മാര്‍ഷിന്റെ ഗതികേടിനെക്കുറിച്ചാണ് ക്രിക്കറ്റ് ആരാധകര്‍ ഇപ്പോള്‍ സംസാരിക്കുന്നത്.

38 പന്തില്‍ ഏഴ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 90 റണ്‍സ് നേടി നില്‍ക്കെ മുകേഷ് ചൗദരി നിക്കോളാസ് പൂരനെതിരെ എറിഞ്ഞ പന്ത് താരം സ്‌ട്രൈറ്റ് ഡ്രൈവ് ചെയ്തപ്പോള്‍ ചൗദരിയുടെ കൈ തട്ടി നോണ്‍ സ്‌ട്രൈക്ക് സ്റ്റംപില്‍ തട്ടുകയായിരുന്നു. ക്രീസിന് പുറത്ത് പോയ മാര്‍ഷ് റണ്‍ ഔട്ട് ആകുകയും ചെയ്തു. നേരത്തെ ഇംഗ്ലിസ് 36 റണ്‍സിനായിരുന്നു കൂടാരം കയറിയത്.

അതേസമയം ചെന്നൈയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് കാര്‍ത്തിക് ശര്‍മയാണ്. 42 പന്തില്‍ അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 71 റണ്‍സാണ് താരം നേടിയത്. കാര്‍ത്തിക്കിന് പുറമെ അവസാന ഘട്ടത്തില്‍ ചെന്നൈയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ശിവം ദുബെയാണ്. 16 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 32 റണ്‍സാണ് ശിവം നേടിയത്. അവസാന ഓവറില്‍ പ്രിന്‍സ് യാദവിനെതിരെയായിരുന്നു താരത്തിന്റെ നാല് ബൗണ്ടറികള്‍.

സൂപ്പര്‍ താരം സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെയും വിക്കറ്റുകള്‍ നേരത്തെ നഷ്ടപ്പെട്ടതാണ് ചെന്നൈയുടെ സ്‌കോറിങ്ങിന് തിരിച്ചടിയായത്. ഒമ്പത് പന്തില്‍ 13 റണ്‍സായിരുന്നു ക്യാപ്റ്റന്‍ മടങ്ങിയത്. സഞ്ജു സാംസണ്‍ 20 റണ്‍സിനാണ് പുറത്തായത്. ആകാശ് സിങ്ങാണ് രണ്ട് പേരുടെയും വിക്കറ്റ് നേടിയത്.

ലഖ്‌നൗവിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ആകാശ് സിങ്ങാണ്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. മുഹമ്മദ് ഷമിയും ഷഹബാസ് അഹമ്മദും ഓരോ വിക്കറ്റ് വീതം നേടി.

Content Highlight: Mitchell Marsh Run Out In 90 Runs Against CSK In IPL