സിക്‌സറടിച്ച് ട്രിപ്പിള്‍ സെഞ്ച്വറിയുമായി മാര്‍ഷ്, ഒറ്റ ഫോറില്‍ അഞ്ഞൂറുമായി മര്‍ക്രം; സംഭവം ഇങ്ങനെ
IPL
സിക്‌സറടിച്ച് ട്രിപ്പിള്‍ സെഞ്ച്വറിയുമായി മാര്‍ഷ്, ഒറ്റ ഫോറില്‍ അഞ്ഞൂറുമായി മര്‍ക്രം; സംഭവം ഇങ്ങനെ
ആദര്‍ശ് എം.കെ.
Wednesday, 1st April 2026, 10:12 pm

 

ഐ.പി.എല്‍ 2026ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുകയാണ്. ലഖ്‌നൗവിന്റെ തട്ടകമായ എകാനയാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നായകന്‍ അക്‌സര്‍ പട്ടേല്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സിന് തുടക്കത്തിലേ പിഴച്ചു. ക്യാപ്റ്റന്‍ റിഷബ് പന്ത് ഒമ്പത് പന്ത് നേരിട്ട് ഏഴ് റണ്‍സുമായി നില്‍ക്കവെ റണ്‍ ഔട്ടായി മടങ്ങി. പിന്നാലെയെത്തിയ ഏയ്ഡന്‍ മര്‍ക്രം (എട്ട് പന്തില്‍ 11), ആയുഷ് ബദോണി (മൂന്ന് പന്തില്‍ പൂജ്യം), നിക്കോളാസ് പൂരന്‍ (എട്ട് പന്തില്‍ എട്ട്) എന്നിവരും പാടെ നിരാശപ്പെടുത്തിയതോടെ ലഖ്‌നൗ പതറി.

ഒരു വശത്ത് വിക്കറ്റ് വീഴുമ്പോള്‍ മറുവശത്ത് മിച്ചല്‍ മാര്‍ഷ് ചെറുത്തുനിന്നു. ഒടുവില്‍ 28 പന്തില്‍ 35 റണ്‍സുമായി താരം മടങ്ങി. മൂന്ന് സിക്‌സറും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിങ്‌സ്. കുല്‍ദീപ് യാദവിന്റെ പന്തില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിന് ക്യാച്ച് നല്‍കിയായിരുന്നു മാര്‍ഷ് പുറത്തായത്.

എന്നാല്‍ പുറത്താകും മുമ്പ് ഒരു നേട്ടം മാര്‍ഷ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിരുന്നു. 300 ടി-20 സിക്‌സര്‍ എന്ന കരിയര്‍ മൈല്‍സ്റ്റോണാണ് താരം ആദ്യ സിക്‌സറിലൂടെ സ്വന്തമാക്കിയത്. കരിയറിലെ 221ാം ഇന്നിങ്‌സിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയക്കും ലഖ്‌നൗവിനും പുറമെ ഡെക്കാന്‍ ചാര്‍ജേഴ്സ്, ദല്‍ഹി ക്യാപിറ്റല്‍സ്, പെര്‍ത്ത് സ്‌ക്രോച്ചേഴ്സ്, പൂനെ വാരിയേഴ്സ്, റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, വെസ്റ്റേണ്‍ ഓസ്ട്രേലിയ എന്നിവര്‍ക്ക് വേണ്ടിയും താരം ബാറ്റെടുത്തു.

 

 

മത്സരത്തില്‍ ഏയ്ഡന്‍ മര്‍ക്രവും ഒരു കരിയര്‍ മൈല്‍സ്‌റ്റോണ്‍ പിന്നിട്ടിരുന്നു. ടി-20യില്‍ 500 ഫോര്‍ എന്ന നേട്ടമാണ് മര്‍ക്രം തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്. കരിയറിലെ 213 ഇന്നിങ്‌സിലാണ് മര്‍ക്രമിന്റെ നേട്ടം.

ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്, നോര്‍ത്തേണ്‍സ്, പാള്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ്, ദക്ഷിണാഫ്രിക്ക, സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ടൈറ്റന്‍സ് എന്നീ ടീമുകള്‍ക്കായാണ് താരം കുട്ടിക്രിക്കറ്റില്‍ ബാറ്റെടുത്തത്.

 

അതേസമയം, ലഖ്‌നൗ 141 റണ്‍സിന് പുറത്തായി. 25 പന്തില്‍ 36 റണ്‍സ് നേടിയ അബ്ദുള്‍ സമദാണ് ടീമിന്റെ ടോപ്പ് സ്‌കോറര്‍.

ക്യാപ്പിറ്റല്‍സിനായി ടി. നടരാജനും ലുങ്കി എന്‍ഗിഡിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ട് താരങ്ങളെ മടക്കിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

 

Content Highlight: Mitchell Marsh and Aiden Markram in record achievement

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.