ഉത്തര്‍പ്രദേശ് മുന്‍മന്ത്രിയുടെ വീട്ടില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം; ഒന്നാം പ്രതി മകന്‍
national news
ഉത്തര്‍പ്രദേശ് മുന്‍മന്ത്രിയുടെ വീട്ടില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം; ഒന്നാം പ്രതി മകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th February 2022, 5:27 pm

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നും രണ്ട് മാസങ്ങള്‍ക്ക് മുന്‍പേ കാണാതായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം മുന്‍ സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എയും മന്ത്രിയുമായിരുന്ന ഫത്തേഹ് ബഹാദൂര്‍ സിംഗിന്റെ വീടിന് സമീപത്ത് നിന്നും കണ്ടെത്തി.

അഴുകിയ നിലയിലാണ് മൃതദേഹം കാണെപ്പെട്ടത്. ഫത്തേഹ് സിംഗിന്റെ മകനായ രാജോള്‍ സിംഗാണ് പെണ്‍കുട്ടിയെ കാണാതായ കേസിലെ മുഖ്യപ്രതി.

കഴിഞ്ഞ ഡിസംബര്‍ 8ന് 22കാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അവരുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുന്‍ മന്ത്രി ഫത്തേഹ് സിംഗിന്റെ മകനായ രാജോള്‍ സിംഗ് മകളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു അവരുടെ പരാതി.

എന്നാല്‍ പൊലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് ജനുവരി 24ന് പെണ്‍കുട്ടിയുടെ അമ്മ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വാഹനത്തിന് മുന്നില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

അതേസമയം, പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

‘ഞങ്ങള്‍ റിമാന്‍ഡില്‍ കഴിയുന്ന രാജോള്‍ സിംഗിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് പ്രത്യേക സംഘം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ വീടിന് സമീപത്തുള്ള ആശ്രമത്തില്‍ സംസ്‌കരിച്ച നിലയിലായിരുന്നു മൃതദേഹം,’ ഉന്നാവോ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശശി ശേഖര്‍ സിംഗ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി രംഗത്തെത്തിയിരുന്നു.

‘ഉന്നാവോയില്‍ എസ്.പി നേതാവിന്റെ വീടിനടുത്ത് നിന്നും ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത് വളരെ ഗൗരവമേറിയ കാര്യമാണ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് എസ്. പി നേതാവിന്റെ മകനാണെന്ന് കുടുംബം നേരത്തെ സംശയമുന്നയച്ചിരുന്നു,’ മായാവതി പറയുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും, ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

Content highlight: Missing Dalit Woman’s Body Found Buried Near Ex-Samajwadi MLA’s UP Ashram