ഇസ്രഈലിനെ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് മിസൈല്‍ ആക്രമണം
World News
ഇസ്രഈലിനെ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് മിസൈല്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th June 2025, 2:59 pm

സനാ: ഇറാന്‍-ഇസ്രഈല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് ദിവസങ്ങള്‍ക്ക് പിന്നാലെയും പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യങ്ങള്‍ ഒഴിയുന്നില്ല. ഇന്ന് ഇസ്രഈല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈലുകള്‍ വിക്ഷേപിച്ചതായി ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ സൈന്യവും റോക്കറ്റ് ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.

മിസൈല്‍ ആക്രമണത്തിന് പിന്നാലെ തെക്കന്‍ ഇസ്രഈലില്‍ അപായ സൈറണുകള്‍ മുഴങ്ങി. ‘യെമനില്‍ നിന്നുള്ള പ്രൊജക്‌റ്റൈല്‍ ആക്രമണത്തെ തുടര്‍ന്ന് തെക്കന്‍ ഇസ്രഈലില്‍ സൈറണുകള്‍ മുഴങ്ങുന്നു,’ ഇസ്രഈല്‍ സൈന്യം എക്‌സില്‍ കുറിച്ചു.

ഇതുവരെ, ഇസ്രഈലില്‍ ഒരു മിസൈലും പതിച്ചതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും മിസൈലുകളെ തടയാന്‍ ഇസ്രഈല്‍ രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇസ്രഈലും ഇറാനും വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ട് അമേരിക്ക ഇറാനുമായി ആണവചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് യെമനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

നേരത്തെ ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ കൂട്ടുനിന്നാല്‍ ചെങ്കടലിലൂടെ കടന്ന് പോകുന്ന യു.എസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷം യെമനില്‍ നിന്ന് ഇസ്രഈലിന് നേരേയും യു.എസിന് നേരേയും മറ്റാക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഇസ്രഈലിനൊപ്പം ഇറാനെതിരെ ആക്രമണത്തില്‍ യു.എസ് പങ്കെടുത്താല്‍, ഹൂത്തികള്‍ ചെങ്കടലിലെ അവരുടെ കപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടുമെന്നാണ് ഹൂത്തി സൈനിക വക്താവ് യഹ്യ സാരി അറിയിച്ചിരുന്നത്.

2023 ഒക്ടോബര്‍ ഏഴിന് ഗസയ്ക്കെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ചെങ്കടലില്‍ ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകളെ യെമനിലെ ഹൂത്തികള്‍ ആക്രമിക്കാന്‍ തുടങ്ങിയത്. ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നവംബര്‍ മുതല്‍ ഇസ്രഈല്‍ ബന്ധമുള്ള 100ലധികം കപ്പലുകള്‍ ഹൂത്തികള്‍ ആക്രമിച്ചിട്ടുണ്ട്.

ഒന്നരവര്‍ഷത്തോളമായി നീണ്ടുനിന്ന സംഘര്‍ഷത്തിന് പിന്നാലെ മെയ് മാസത്തില്‍ യു.എസും ഹൂത്തികളും വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നു. വെടിനിര്‍ത്തല്‍ അവസാനിച്ച് ഗസയില്‍ ഇസ്രഈല്‍ ആക്രമണം പുനരാരംഭിച്ചതിലും ഫലസ്തീനിലേക്കുള്ള മാനുഷിക സഹായങ്ങള്‍ തടഞ്ഞതിലും പ്രതിഷേധിച്ച് ഒരു ഇടവേളയ്ക്ക് ശേഷം ചെങ്കടലില്‍ ഇസ്രഈലി കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം പുനരാരംഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുപക്ഷവും വെടിനിര്‍ത്തലിലെത്തുകയായിരുന്നു.

Content Highlight: Missile attack from Yemen targeting Israel